Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനഘയുടെ സ്വപ്ന സാഫല്യം

 റോസും മനോജും പ്രണയബദ്ധരാണ്. ബൈജുവിന്റെ ക്രിക്കറ്റ് ടീമിലെ അംഗമാണ് മനോജ്. കളിക്കുന്നതിനിടയിൽ മൈതാനത്തിനടുത്തുള്ള റോസിന്റെ വീട്ടിലേയ്ക്ക് പന്തടിക്കും. എന്നിട്ട് അതെടുക്കാൻ എന്ന മട്ടിൽ ആ വീട്ടിലെത്തി റോസുമായി സംസാരിക്കുകയാണ് മനോജിന്റെ പതിവ്. കൂട്ടുകാരുമായി കളിച്ചുനടക്കുകയാണെങ്കിലും മനോജിനെ റോസിനും ഇഷ്ടമാണ്. എന്നാൽ അവരുടെ പ്രണയം പൂവണിഞ്ഞില്ല. മാതാപിതാക്കളുടെ ഏക മകളായിട്ടുകൂടി അവൾ കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. അത് മനോജിനോടു വെളിപ്പെടുത്തുമ്പോഴും അവളുടെ മുഖത്ത് അവനോടുള്ള അനുരാഗം തീവ്രമായിരുന്നുവെന്ന്.
രഞ്ജൻ പ്രമോദ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലാണ് റോസായി അനഘയും മനോജായി ദീപക്കുമെത്തുന്നത്. കോൺക്രീറ്റ് സൗധങ്ങളൊരുക്കാനായി കളിയിടങ്ങൾ പലതും നഷ്ടമായിക്കൊണ്ടിരിക്കുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന മൈതാനങ്ങൾ ഏറെയും ബാധിക്കുന്നത് കുട്ടികളെയാണ്. നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പലതിനെയുംകുറിച്ചുള്ള ഗൃഹാതുരതയുണർത്തുന്ന ഓർമ്മകളാണ് രക്ഷാധികാരി ബൈജു പങ്കുവയ്ക്കുന്നത്.
നന്മ നിറഞ്ഞ നാട്ടിൻപുറവും മനസ്സിൽ നന്മ കാത്തുസൂക്ഷിക്കുന്ന ഗ്രാമവാസികളുമുള്ള ഒരു പഴയകാലത്തേയ്ക്കുള്ള തിരിച്ചുപോക്കു കൂടിയാണ് ഈ ചിത്രം. ആ നാട്ടിൻപുറത്ത് കാര്യങ്ങളെല്ലാം നോക്കിനടത്തുന്ന ചെറുപ്പക്കാരനായി ബിജുവും. അവർക്കിടയിലാണ് റോസും മനോജും ജീവിക്കുന്നത്.
കോഴിക്കോടിനടുത്ത തൊട്ടിൽപ്പാലത്താണ് റോസായി വേഷമിട്ട അനഘയുടെ നാട്. സ്വന്തം നാടുപോലെതന്നെയുള്ള ഒരു നാട്ടിൻപുറത്തായിരുന്നു ചിത്രീകരണം. കണ്ണുകളിൽ പ്രണയം വിരിയിച്ചുകൊണ്ടുള്ള റോസിന്റെ ഭാവപ്പകർച്ച ഈ കോഴിക്കോട്ടുകാരിയുടെ ആദ്യ സിനിമയായി മാറുകയായിരുന്നു.
അച്ഛനും അമ്മയും അധ്യാപകരായതുകൊണ്ട് പഠനമായിരുന്നു പ്രധാനം. എങ്കിലും മനസ്സിന്റെ കോണിലെവിടെയോ അഭിനയ മോഹമുണ്ടായിരുന്നു. എന്നാൽ സിനിമയിലേയ്ക്കുള്ള കടന്നുവരവിന് ഗോഡ്ഫാദറായി ആരുമുണ്ടായിരുന്നില്ല. ഒടുവിൽ എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ഇന്റേൺഷിപ്പിനായി കൊച്ചിയിലെത്തിയതാണ് ജീവിതമാകെ മാറ്റിമറിച്ചത്. തന്റെ ഇഷ്ടമറിഞ്ഞ സുഹൃത്തുക്കൾ സംവിധായകന് ഫോട്ടോ അയച്ചുകൊടുത്തു. രാശി തെളിഞ്ഞതുകൊണ്ടാകണം ഒഡീഷന് വിളിച്ചു. കുട്ടിക്കാലംതൊട്ടേയുള്ള ഒരു സ്വപ്നത്തിന്റെ സാഫല്യമായിരുന്നു പിന്നീട് കണ്ടത്.
ഒഡീഷന് ഞങ്ങൾ നാലു പേരുണ്ടായിരുന്നു. പലരും പലയിടത്തുനിന്ന്. എന്റെ ഊഴമെത്തിയപ്പോൾ സിനിമയിലെ ഒരു രംഗം അഭിനയിക്കാൻ പറഞ്ഞു. കിട്ടുന്നെങ്കിൽ മതി എന്നു കരുതി അഭിനയിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഉള്ളതിൽ മെച്ചപ്പെട്ട പ്രകടനം എന്റേതായിരിക്കാം.
അഭിനയ പശ്ചാത്തലമൊന്നും ഇല്ലാത്തതുകൊണ്ടാകണം ആദ്യദിവസം മുതൽ ലൊക്കേഷനിലെത്താൻ സംവിധായകൻ രഞ്ജൻ സാർ പറഞ്ഞിരുന്നു. ബിജുചേട്ടന്റെയും വിജയരാഘവൻ സാറിന്റെയും ജനാർദ്ദനൻ സാറിന്റെയുമെല്ലാം അഭിനയംകണ്ട് അന്തം വിട്ടുനിൽക്കുകയായിരുന്നു ഞാൻ. അഞ്ചാറു ദിവസം കഴിഞ്ഞപ്പോഴേക്കും സെറ്റിലുള്ള എല്ലാവരുമായി നല്ല ചങ്ങാത്തത്തിലായി. അതുകൊണ്ടാകണം എന്റെ സീനെടുക്കേണ്ട ദിവസം എത്തിയപ്പോൾ വലിയ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. സെറ്റിൽ ആദ്യദിനംതന്നെ വന്നതിന്റെ ഗുണം മനസ്സിലായത് അപ്പോഴാണ്. എന്നാലും ആദ്യ ഷോട്ട് ഓക്കെയായില്ല. മൂന്ന് ടേക്ക് എടുക്കേണ്ടിവന്നു.
റോസും അനഘയും തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. എന്നാൽ ഒരു കാര്യത്തിൽ ഞങ്ങൾ ഒന്നാണ്. റോസിനെപോലെ തന്നെ ഞാനും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. വാതോരാതെ സംസാരിക്കില്ലെങ്കിലും സുഹൃത്തുക്കളുമായി കൂട്ടുകൂടാനും കമ്പനിയായി യാത്ര പോവാനും താൽപര്യമാണ്. യഥാർത്ഥ ജീവിതത്തിൽ ജോളിയായി കഴിയാനാണ് താൽപര്യം. എന്നാൽ റോസിന്റെ പ്രകൃതം അങ്ങനെയല്ല.
ബിജു മേനോൻ ചേട്ടനുമൊത്തുള്ള സീനായിരുന്നു ടെൻഷൻ കൂട്ടിയത്. ബിജുചേട്ടൻ ഡയലോഗ് പറയും. എനിക്കാണെങ്കിൽ ഒന്നും പറയാൻ കഴിയുന്നില്ല. ഒടുവിൽ ബിജു ചേട്ടൻ തന്നെ സഹായത്തിനെത്തി. ഇങ്ങനെ പറഞ്ഞാൽ മതിയെന്നു പറഞ്ഞ് ആത്മവിശ്വാസം നൽകി. എങ്ങനെയൊക്കെയോ ആ ഷോട്ട് ചെയ്തുതീർക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
സംവിധായകൻ രഞ്ജൻ പ്രമോദ് സാറാണ് ഈ കഥാപാത്രത്തെ ഇത്ര ഭംഗിയാക്കാൻ സഹായിച്ചത്. കഥാപാത്രത്തെക്കുറിച്ച് കൃത്യമായി പറഞ്ഞുതന്നും ആത്മവിശ്വാസം പകർന്ന് അദ്ദേഹം കൂടെ നിന്നു. വെറുതെ അഭിനയിച്ചാൽ മതി ശരിയായിക്കൊള്ളും എന്നു പറഞ്ഞു. റോസിനെ വളരെ നാച്വറലായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നാണ് സിനിമ കണ്ടവരെല്ലാം പറഞ്ഞത്. അതിനു പ്രധാന കാരണം കാമുകനായി വേഷമിട്ട ദീപക്കാണ്. ഓരോ സീനും എടുക്കുന്നതിനുമുമ്പ് ദീപക്കുമായി സംസാരിക്കും. വളരെ ഫ്രണ്ട്‌ലിയായാണ് പെരുമാറിയത്. പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ ആദ്യം ചമ്മലുണ്ടായെങ്കിലും പിന്നീട് അത് ഓകെയായി. ക്രമേണ ശരിക്കും റോസായി മാറുകയായിരുന്നു.
അധ്യാപകരായ കുട്ടികൃഷ്ണനും ലീലയ്ക്കും മകൾ സിനിമയിൽ വേഷമിടുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. ഒഡീഷനു പോയതുപോലും ഇഷ്ടപ്പെട്ടില്ല. ഒടുവിൽ ചേച്ചിയാണ് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത്. അഭിനയിക്കാൻ മോഹമുണ്ടെങ്കിൽ അഭിനയിക്കട്ടെ. എന്താവുമെന്ന് നോക്കാമെന്നു പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് രണ്ടുപേരുടെയും മുഖത്ത് സന്തോഷം കണ്ടതോടെ സമാധാനമായി.
മൂന്നുവട്ടമാണ് സിനിമ കണ്ടത്. ആദ്യം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് പോയത്. വലിയ സ്‌ക്രീനിൽ എന്നെ കണ്ടപ്പോൾ ശരിക്കും അമ്പരപ്പാണ് തോന്നിയത്. ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. എങ്കിലും വലിയ ടെൻഷനായിരുന്നു. ഓരോ സീനും ശരിയായോ എന്ന തോന്നൽ. സിനിമ കണ്ടുവെങ്കിലും ആസ്വദിക്കാനായില്ല. അമ്മയോടൊപ്പം വീണ്ടും കണ്ടു. ഇത്തവണയാണ് ശരിക്കും ആസ്വദിച്ചുകണ്ടത്. മൂന്നാമത്തേത് സുഹൃത്തുക്കളോടൊപ്പമായിരുന്നു. ഓരോ സീനും അവർ കൃത്യമായി വിലയിരുത്തുന്നുണ്ടായിരുന്നു.
തിയേറ്ററിൽനിന്നും പുറത്തുവന്നപ്പോൾ പലർക്കും സംശയം ഇതുതന്നെയല്ലേ റോസ്. ചിലർ അടുത്തുവന്നു ചോദിച്ചു റോസല്ലേയെന്ന്. കുശലാന്വേഷണം നടത്തിയാണ് പലരും പിരിഞ്ഞത്.
ആദ്യചിത്രം തന്നെ പ്രേക്ഷകശ്രദ്ധ നേടിയതിൽ ഏറെ സംതൃപ്തയാണ് ഈ കോഴിക്കോട്ടുകാരി. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും അഭിനയിക്കാനാണ് താൽപര്യം. രക്ഷാധികാരിക്കുപിന്നാലെ മറ്റൊരു ചിത്രത്തിലും അനഘ വേഷമിട്ടുകഴിഞ്ഞു. എന്നാൽ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊന്നും വെളിപ്പെടുത്താനായിട്ടില്ല. അവസരം വരുമ്പോൾ പറയാം എന്നുപറഞ്ഞ് അനഘ സംസാരം അവസാനിപ്പിച്ചു.   
 

Latest News