ജിദ്ദ- ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിലും അച്ഛന്റെ ആത്മഹത്യയിലും നടുങ്ങിത്തരിച്ച് ജിദ്ദയിലെ മലയാളി സമൂഹം. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ് ആലപ്പുഴ നൂറനാട് അനീഷയുടെ ഏഴ് മാസം പ്രായമായ ആൺ കുഞ്ഞ് വെള്ളിയാഴ്ച്ചയാണ് മരിച്ചത്. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് വൈകാതെ മരിക്കുകയായിരുന്നു. രാത്രിയോടെയാണ് അനീഷയുടെ ഭർത്താവ് അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകൻ ശ്രീജിത്ത് ആചാരി (30)യെ ജിദ്ദ സുലൈമാനിയയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിസിറ്റിംഗ് വിസയിലെത്തിയ ശ്രീജിത്ത് ശനിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവം.
ആദിത്യനാഥ് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽവെച്ചാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. അപകടം സംഭവിച്ച് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞ് അധികം വൈകാതെ മരിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുട്ടിയെ അനീഷ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ശ്രീജിത്ത് ആശുപത്രിയിലേക്ക് വന്നിരുന്നില്ല. കുഞ്ഞിന്റെ മരണവിവരമറിഞ്ഞ് ശ്രീജിത്ത് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. അനീഷ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു വർഷത്തോളമായി കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന അനീഷയുടേതും ശ്രീജിത്തിന്റേതും പ്രേമ വിവാഹമായിരുന്നു. ഇവർ ബന്ധുക്കളാണ്. വിവാഹശേഷം ഇരുവരും സ്വരച്ചേർച്ചയിലായിരുന്നില്ലെന്നാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നത്. മൂന്നു മാസം മുമ്പാണ് ശ്രീജിത്ത് വിസിറ്റിംഗ് വിസയിൽ ജിദ്ദയിലേക്ക് വന്നത്. ജിദ്ദയിലെത്തിയ ശേഷവും ഇവർ തമ്മിൽ വഴക്കിടാറുണ്ടായിരുന്നുവെന്നാണ് സൂചന. സംഭവ ദിവസവും വഴക്കുണ്ടായതായി സൂചനയുണ്ട്. വിവാഹശേഷം തിരിച്ചുപോന്ന അനീഷയുടെ പ്രസവം ജിദ്ദയിലായിരുന്നു. പ്രസവനാളുകളിൽ അമ്മ കൂടെയുണ്ടായിരുന്നു. പിന്നീടാണ് ശ്രീജിത്ത് വിസിറ്റിംഗ് വിസയിലെത്തിയത്.
പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി കേസെടുത്തു. മൃതദേഹങ്ങൾ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾക്ക് സഹായവുമായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്. ഇരുവരുടെയും മരണം ജിദ്ദയിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി.