അമിതവ് ഘോഷിന് ജ്ഞാനപീഠം

ന്യൂദല്‍ഹി- ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രമുഖനായ അമിതവ് ഘോഷിന് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌ക്കാരമാണിത്. ചരിത്രകാരനും സാമൂഹ്യ നരവംശശാസ്ത്രജ്ഞനും കൂടിയായ ഘോഷിന്റെ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരമെന്ന് ഇതു നല്‍കുന്ന ഭാരതീയ ജ്ഞാനപീഠ് അറിയിച്ചു. ചരിത്ര പശ്ചാത്തലങ്ങളും അധുനിക കാലവു കൂട്ടിച്ചേര്‍ത്തുള്ള ഘോഷിന്റെ നോവലുകളില്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തേയും തുന്നിച്ചേര്‍ക്കുന്ന പ്രത്യേക രചനാവൈഭവം കാണാമെന്നും പുരസ്‌ക്കാര സമിതി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അക്കാഡമിക് പാണ്ഡിത്യം നോവലുകള്‍ അസാധാരണവും ആഴമുള്ളതുമാക്കുന്നുവെന്നു സമിതി പറഞ്ഞു.

സര്‍ക്കള്‍ ഓഫ് റീസണ്‍ (1986), ഷാഡോ ലൈന്‍സ് (1988), ദ് കല്‍ക്കട്ട ക്രോമസോം (1995), ദ് ഗ്ലാസ് പാലസ്, ദ് ഹംഗ്രി ടൈഡ്, സീ ഓഫ് പോപീസ് (2008) തുടങ്ങി നിരവധി ശ്രദ്ധേയ രചനകള്‍ ഘോഷിന്റേതായി ഉണ്ട്. 2007ല്‍ രാജ്യം പത്മ ശ്രീ നല്‍കി ആദരിച്ചു. സാഹിത്യ അക്കാഡമി പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. 1956ല്‍ കല്‍ക്കത്തയില്‍ ജനിച്ച ഘോഷ് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമായി വളര്‍ന്ന ഘോഷിന്റെ ഉപരിപഠനം ദല്‍ഹി, ഓക്‌സ്‌ഫെഡ്, അലക്‌സാന്‍ഡ്രിയ എന്നിവിടങ്ങളിലായിരുന്നു. 

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ജ്ഞാനപീഠ് ആണ് 1965 മുതല്‍ സാഹിത്യ രംഗത്തെ പ്രമുഖര്‍ക്ക് ഓരോ വര്‍ഷവും ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്.
 

Latest News