Sorry, you need to enable JavaScript to visit this website.

വെജ്, നോണ്‍ വെജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വാതിലുകളും പാത്രങ്ങളും; മദ്രാസ് ഐഐടിയില്‍ 'അയിത്ത' വിവാദം

ചെന്നൈ- മദ്രാസ് ഐഐടിയിലെ മെസ്സില്‍ സസ്യാഹാരികളായ വിദ്യാര്‍ത്ഥികള്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമായി രണ്ടു തരം വാതിലുകളും പാത്രങ്ങളും കൈകഴുകുന്ന ഇടവും ഏര്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം. ഈ നീക്കം അയിത്തമാണെന്നും വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത് ക്യാമ്പസില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ക്യാമ്പസിലെ ഹിമാലയ മെസ്സ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം പ്രവേശനം അനുവദിച്ചുള്ള വാതിലും നോണ്‍ വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കു മറ്റൊരു വാതിലും ഏര്‍പ്പെടുത്തിയത്. വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള വഴി എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൈകഴുകുന്നിടത്തു വരെ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു. മൂന്നു നില കെട്ടിടത്തില്‍ ആറു മെസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവധിക്കാലയമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ മിക്കവരും പോയതോടെ നാലു മെസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ദക്ഷിണേന്ത്യന്‍ മെസുകളും രണ്ടു വടക്കെ ഇന്ത്യന്‍ മെസുകളും. ഇവയില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍ നോര്‍ത്ത് ഇന്ത്യന്‍ മെസിലാണ് വിവാദത്തിനിടയാക്കിയ വെജിറ്റേറിയന്‍ വാതിലുള്ളത്. മെസ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണിതെന്ന് ജീവനക്കാര്‍ പറയുന്നു. ഇവിടെ ചിക്കനും മുട്ടയും മാത്രമാണ് നോണ്‍ വെജ് വിഭവങ്ങളായി വിളമ്പുന്നത്.

ഇതു തീര്‍ത്തും ജാതി വിവേചനമാണെന്ന് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ആരോപിച്ചു. കെട്ടിടത്തിലെ വിവാദ വാതിലുകളുടെ ചിത്രങ്ങളും ഇവരാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ഇന്ത്യയില്‍ മേല്‍ജാതിക്കാരുടെ വീടുകളിലാണ് ഇത്തരത്തില്‍ രണ്ടു വാതിലുകള്‍ ഏര്‍പ്പെടുത്തുന്ന സമ്പദായമുള്ളത്. ഒന്ന് മേല്‍ജാതിക്കാര്‍ക്കും മറ്റൊന്ന് അയ്ത്ത ജാതിക്കാര്‍ക്കും. എന്നാല്‍ മദ്രാസ് ഐഐടിയിലും ഇപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ മെസില്‍ വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കും നോണ്‍ വെജ് വിദ്യാര്‍ത്ഥികള്‍ക്കും രണ്ടു വ്യത്യസ്ത വാതിലുകളും കൈകഴുകുന്ന ഇടവും പാത്രങ്ങളുമാണ്. പൂര്‍ണമായും വെജിറ്റേറിയന്‍ മെസ് വേണമെന്ന ആവശ്യം പൂര്‍ണതോതിലുള്ള അയ്ത്തം ഏര്‍പ്പെടുത്തലായി മാറിയിരിക്കുന്നു- അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ആരോപിച്ചു.
 

Latest News