മനാമ - ബഹ്‌റൈന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സ്പീക്കറായി മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഫൗസിയ സൈനലിനെ പാർലമെന്റ് തെരഞ്ഞെടുത്തു. സ്പീക്കറായി വനിതയെ തെരഞ്ഞെടുത്തത് സാംസ്‌കാരിക മേഖലയിലെ കുതിച്ചുചാട്ടവും വലിയ നേട്ടവുമാണെന്ന് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ് വിശേഷിപ്പിച്ചു. വനിതാ ശാക്തീകരണത്തിന് രാജ്യം എന്നും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് നിയമ നിർമാണ സഭയുടെ പരമോന്നത പദവിയിൽ വനിത എത്തിപ്പെട്ടതെന്നും രാജാവ് പറഞ്ഞു.
സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ അറബ് ലോകത്ത് മുൻനിര സ്ഥാനം കൈവരിച്ച വനിതകളുടെ പട്ടികയിൽ ഫൗസിയ സൈനലും ഇടം നേടി. 2015 നവംബറിൽ യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ (പാർലമെന്റ്) സ്പീക്കറായി യു.എ.ഇ വനിത ഡോ. അമൽ അൽഖുബൈസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബ് ലോകത്ത് പാർലമെന്റ് സ്പീക്കർ പദവിയിലെത്തുന്ന ആദ്യ വനിതയായി അമൽ അൽഖുബൈസി മാറിയിരുന്നു. അറബ് ലോകത്തെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് ഫൗസിയ സൈനൽ. നാൽപത് എം.പിമാരിൽ 25 പേർ ഫൗസിയ സൈനലിന് അനുകൂലമായി വോട്ടു ചെയ്തു.