ഒടിയനെന്ത് ഹര്‍ത്താല്‍?  പുലര്‍ച്ചയ്ക്ക് പ്രദര്‍ശനം തുടങ്ങി 

മോഹന്‍ലാലിന്റെ ഒടിയന്‍ അവതരിച്ചു. അപ്രതീക്ഷിതമായ ബിജെപിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ മലയാള സിനിമ ഒന്ന് ഞെട്ടി. എന്നാല്‍, ഹര്‍ത്താലിനേയും അതിജീവിച്ച് ഒടിയന്‍ പ്രദര്‍ശനം ആരംഭിച്ചു. എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍. 
 കാശിയിലെ രംഗങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. മുടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ രൂപം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തുടക്കം അവിടെ തന്നെ. പതുക്കെ കഥയിലേക്ക് കടക്കുന്നു. ഒടിയന്റെ മരണമാസ് ഇന്‍ട്രോയ്ക്ക് തിയേറ്റര്‍ പൂരപ്പറമ്പായിരുന്നു. 
167.11 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. പുലര്‍ച്ചെ നാല് മുതലാണ് പല സെന്ററുകളിലും പ്രദര്‍ശനം തുടങ്ങിയത്. നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള തിരക്കുകളായിരുന്നു പലയിടങ്ങളിലും
മോഹന്‍ലാലിന്റെ 'ഒടിയന്‍' മറ്റൊരു ചരിത്രം കൂടി ഇപ്പോള്‍ രചിച്ചിരിക്കുകയാണ്. ഹര്‍ത്താലിനെ മറികടന്ന് കേരളത്തില്‍ റിലീസ് ചെയ്ത ആദ്യ സിനിമയായാണ് ഒടിയന്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ചിലവിട്ട് ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ തുടങ്ങും മുന്‍പ് 'ഒടിഞ്ഞു' പോകുമോ എന്ന ആശങ്കയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ബി.ജെ.പി ഹര്‍ത്താല്‍ ഒരു കാരണവശാലും മാറ്റിവയ്ക്കില്ലന്ന് വ്യക്തമായതോടെ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ശ്രീകുമാരമേനോനും രാത്രി തന്നെ ചര്‍ച്ച നടത്തി റിലീസ് മാറ്റി വയ്‌ക്കേണ്ടതില്ലന്ന് തീരുമാനിക്കുകയായിരുന്നു. രാജ്യത്തിന് അകത്തും പുറത്തും ഒരേ സമയം പ്രഖ്യാപിച്ച റിലീസ് തിയ്യതി കേരളത്തില്‍ മാത്രമായി മാറ്റി വച്ചാല്‍ അത് സിനിമയുടെ വിജയത്തിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.
സുരക്ഷ ഒരുക്കാന്‍ പൊലീസില്ലങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തുണ്ടാകുമെന്ന് സംഘടനാ നേതാക്കളും തിയറ്ററുകാരെ ബന്ധപ്പെട്ട് പിന്നീട് അറിയിച്ചു.ഇതോടെയാണ് മടിച്ചു നിന്ന തിയറ്റര്‍ ഉടമകളും റിസ്‌ക്ക് എടുക്കാന്‍ തയ്യാറായത്.ബി.ജെപി ഹര്‍ത്താലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.


 

Latest News