വിജയാവേശത്തിൽ പ്രതിപക്ഷം;  കാഴ്ച മറയ്ക്കുന്നവരോട് ക്ഷോഭവുമായി സ്പീക്കർ

പ്രത്യക്ഷത്തിൽ നോക്കിയാൽ നിയമസഭയിലെ രംഗങ്ങൾക്കൊന്നും വലിയ മാറ്റമുണ്ടായിരുന്നില്ല.  സ്പീക്കറുടെ ഓർഡർ, ഓർഡർ വിളി ഉയരുമ്പോഴേക്കും പ്ലക്കാർഡും, ബാനറുമായി നടുത്തളത്തിലേക്ക് നീങ്ങുന്നതിന് പകരം ഇന്നലെ പ്രതിപക്ഷ അംഗങ്ങൾ നിന്ന നിൽപ്പിൽ കുറേ നേരം മുദ്രാവാക്യത്തിലായിരുന്നത് മാത്രമാണ് വ്യത്യാസം. മുദ്രാവാക്യ വിഷയം  കോൺഗ്രസിന്റെ തിരിച്ചുവരവ് തന്നെ. കാണുന്നില്ലേ, കാണുന്നില്ലേ ... എന്നുതുടങ്ങിയ മുദ്രാവാക്യവാചകങ്ങൾ കഴിഞ്ഞ ദിവസമുണ്ടായ തെരഞ്ഞെടുപ്പ് വിജയത്തെ ചേർത്ത് നിർത്തുന്നതാണെന്ന് ബഹളത്തിനിടയിലും മനസ്സിലായി. 
കോൺഗ്രസിലെ  ഷാഫി പറമ്പിലായിരുന്നു വിജയ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നതിൽ മുന്നിൽ. സീറ്റിൽ നിന്നുള്ള മുദ്രാവാക്യത്തിന് ശേഷം പതിവ് പോലെ നടുത്തളത്തിലേക്ക്.  അപ്പോഴേക്കും ചോദ്യോത്തരവേള മുന്നേറുന്നുണ്ടായിരുന്നു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദ മറുപടി. ഉപചോദ്യം ചോദിച്ചവരിൽ വിഷയങ്ങളിൽ രാഷ്ട്രീയ പരിഹാസം നിറച്ച് എതിർ പക്ഷത്തെ നേരിടാറുള്ള അംഗങ്ങൾ പോലും ചട്ടപ്പടി ചോദ്യങ്ങളിൽ ശാന്തരായതെന്തായിരിക്കാം?  സി. പി. എമ്മിലെ എ. എം.ആരിഫും, എ.എൻ.ഷംസീറും കെ.ബാബുവും, സി.പി.ഐയിലെ ബിജിമോളുമൊന്നും  ചോദ്യോത്തരഘട്ടത്തിൽ രാഷ്ട്രീയം ചോദിച്ച്  പ്രതിപക്ഷത്തെ പ്രകോപിച്ചില്ല. ഇവരിൽ എ.എം ആരിഫും, ബിജിമോളുമെല്ലാം  കഴിഞ്ഞ ദിവസം പോലും പ്രതിപക്ഷത്തെ പരിഹസിക്കുന്ന ചോദ്യങ്ങളുന്നയിച്ചിരുന്നു.  
ആ ശാന്തത തകർത്തത് സി. പി. എം സ്വതന്ത്ര അംഗം വീണ ജോർജ്. മന്ത്രി ശൈലജ ടീച്ചർ ആരോഗ്യ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് ചോദ്യോത്തരവേളയിൽ വിവരിച്ചു. കാൻസർ ചികിത്സാ രംഗത്ത് കൊണ്ടുവരുന്ന നല്ല മാറ്റങ്ങളെപ്പറ്റിയൊക്കെ പറയുമ്പോൾ ഇമ്മട്ടിൽ ബഹളമുണ്ടാക്കുന്ന പ്രതിപക്ഷത്തോട് വീണാ ജോർജിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. 'ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.'  വീണയുടെ വാക്കുകൾ മന്ത്രി ശൈലജയും ശരിവെച്ചു. 'ജനങ്ങൾ എല്ലാം കാണുന്നുണ്ട്.' അപ്പോഴേക്കും ചോദ്യോത്തരവേള ബഹളത്തിന്റെ അകമ്പടിയിൽ അരമണിക്കൂറിലേക്ക് നീങ്ങിയെത്തിയിരുന്നു. അത്രയും നേരം ശാന്തനായിരുന്ന സ്പീക്കർ ശ്രീ രാമകൃഷ്ണൻ  ക്ഷുഭിതനായി. എങ്ങിനെ ക്ഷുഭിതനാകാതിരിക്കും. സ്പീക്കറുടെ കാഴ്ച പൂർണമായും മറയും വിധമല്ലേ, പ്രതി പക്ഷ അംഗങ്ങൾ വലിയൊരു കടുംകളർ ബാനർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്.  ഹൈബി ഈഡൻ, ടി. വി. ഇബ്രാഹിം, അൻവർ സാദത്ത് ,എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് , സ്പീക്കർ കഥകളി തിരശ്ശീല എന്ന് വിശേഷിപ്പിച്ച ബാനർ പതിവ് തെറ്റാതെ ഉയർത്തിപ്പിടിക്കുന്നത്. പുറത്തേക്ക് ഒന്നും  കാണാൻ പറ്റാത്തവിധം തന്റെ മുഖം മറച്ചവരോട് സ്പീക്കർ ഈ വിധം ക്ഷോഭം കൊണ്ടു - നിർഭാഗ്യകരമാണ് ഈ നടപടി. പ്രതിഷേധം നിങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞു.  ഇനി സീറ്റുകളിലേക്ക് തിരിച്ചു പോകൂ... അല്ലെങ്കിൽ സഭ ബഹിഷ്‌കരിച്ച് പുറത്ത് പോവുക.  എന്ത് ഫലം?  മുദ്രാവാക്യത്തിന്റെ ഊക്കും, മുഖം മറയ്ക്കലിന്റെ തീവ്രതയും കൂടിയതല്ലാതെ മറ്റൊന്നുമുണ്ടായില്ല.  സ്പീക്കർ തന്റെ ഡയസിൽ പിടിച്ചു നിൽക്കുന്ന അംഗങ്ങളുടെ നേരെ വിരൽ ചൂണ്ടി താക്കീത് സ്വരത്തിൽ പറഞ്ഞുനോക്കി.  ' മുഖം മറച്ചുള്ള ഈ പ്രതിഷേധം ലജ്ജാകരമാണ്.' 
സ്പീക്കറുടെ താക്കീതൊന്നും പക്ഷെ അൻവർ സാദത്തിനെപോലുള്ളവരുടെ മുന്നിൽ വിലപ്പോവില്ല. സ്പീക്കറുമായി അൻവർ സാദത്ത് മുഖാമുഖം നിന്ന് തർക്കിക്കുന്നത് കാണാമായിരുന്നു. ''മര്യാദവിട്ട് പെരുമാറേണ്ടെന്ന് കരുതിയാണ്.'' അൻവർ സാദത്തിന്റെ വാക്കുകൾ പുറത്തുകേട്ടു. 
ശബരിമല  പ്രശ്‌നത്തിൽ പത്ത് ദിവസമായി തുടരുന്ന പ്രതിപക്ഷ എം.എൽ.എമാരുടെ ( വി.എസ്.ശിവകുമാർ, പാറക്കൽ അബ്ദുല്ല, ഡോ.എൻ.ജയരാജ്) സത്യഗ്രഹം  അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ നിയമ സഭ പ്രക്ഷോഭം.
ദിവസങ്ങളായി തുടരുന്നതു തന്നെയാണ് ഇന്നലെയും സംഭവിച്ചത്. ആദ്യം ചോദ്യോത്തരവേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ധനവിനിയോഗ ബില്ല് ഉൾപ്പെടെ മൂന്ന് ബില്ലുകൾ ചർച്ചകൂടാതെ പാസാക്കിയ ശേഷമാണ് സഭ പിരിഞ്ഞത്.
സംവരണ അട്ടിമറി, മദ്യ അഴിമതി എന്നിവയൊന്നും ഇന്നലെയും സഭയിലെത്തിയില്ല. നിശ്ചയിച്ച പ്രകാരമാണെങ്കിൽ ഇന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിയും.

Latest News