റിയാദ് - ഇന്നു മുതൽ ആരംഭിക്കുന്ന ദിർഇയ ഫോർമുല ഇ-പ്രി കാറോട്ട മത്സരം നടക്കുന്ന നഗരിയിലേക്ക് സൗജന്യ ബസ് സർവീസുകൾ ഉണ്ടാകുമെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു. ഗതാഗതത്തിരക്കിന് തടയിടുന്നതിനും ബദൽ യാത്രാ സൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുന്നത്. കാറുകൾ പാർക്കിംഗിൽ നിർത്തിയിട്ട് ബസ് മാർഗം മത്സര നഗരിയിൽ എത്തിപ്പെടുന്നതിന് ഈ സേവനം കാറോട്ട മത്സര പ്രേമികളെ സഹായിക്കും.
കിംഗ് സൗദ് യൂനിവേഴ്‌സിറ്റി കോംപൗണ്ടിൽ നിന്നും തലസ്ഥാന നഗരിയിലെ മറ്റേതാനും സ്ഥലങ്ങളിൽ നിന്നും ഹോട്ടലുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും മുന്നിൽ നിന്നും സൗജന്യ ബസ് സർവീസുകളുണ്ടാകും. കാറോട്ട മത്സരത്തോടനുബന്ധിച്ച പരിപാടികൾ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പു മുതലാണ് ബസ് സർവീസുകളുണ്ടാവുക. ഇന്ന് വൈകീട്ട് മൂന്നിനും നാളെ ഉച്ചക്ക് ഒരു മണിക്കും ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കും ബസ് സർവീസുകളുണ്ടാകുമെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു.