റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കുള്ള ലെവി പുനഃപരിശോധിച്ചുവരികയാണെന്ന അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശരിയല്ലെന്ന് മാധ്യമ മന്ത്രാലയം. ലെവി നയം പുനഃപരിശോധിച്ചുവരികയാണെന്ന് നാലു വൃത്തങ്ങളെ ഉദ്ധരിച്ചാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ലെവി പൂർണമായും റദ്ദാക്കില്ലെന്നും എന്നാൽ ലെവിയിൽ ഭേദഗതി വരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് മന്ത്രിതല കമ്മിറ്റി പഠിക്കുന്നുണ്ടെന്നും വാർത്തയിലുണ്ടായിരുന്നു. ലെവി ഭേദഗതിയുമായി ബന്ധപ്പെട്ട തീരുമാനം ആഴ്ചകൾക്കുള്ളിലുണ്ടാകുമെന്ന് മറ്റൊരാളെ ഉദ്ധരിച്ചും വാർത്തയിൽ പറയുന്നു. എന്നാൽ ലെവി പുനഃപരിശോധിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ മീഡിയ മന്ത്രി അവാദ് അൽഅവാദ് നിഷേധിച്ചതായി മീഡിയ മന്ത്രാലയത്തിനു കീഴിലെ ഇന്റർനാഷണൽ കമ്യൂണിക്കേഷൻസ് സെന്റർ പറഞ്ഞു.
ലെവി സ്ഥിരപ്പെടുത്തുമെന്നും ആശ്രിത ലെവി റദ്ദാക്കുമെന്നുമുള്ള നിലക്ക് കഴിഞ്ഞ മാസവും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ വൈകാതെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചിരുന്നു. 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്.