Sorry, you need to enable JavaScript to visit this website.

ഗൾഫ് പ്രതിസന്ധി: മാധ്യമപ്രചാരണങ്ങൾ  അവസാനിപ്പിക്കണം - കുവൈത്ത് അമീർ

കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ്

റിയാദ് - ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എതിർ ചേരിയിലുള്ളവരെ ലക്ഷ്യമിട്ട് നടത്തുന്ന മാധ്യമപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് ആവശ്യപ്പെട്ടു. മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള മാധ്യമപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീർ ആവശ്യപ്പെട്ടത്. ഗൾഫ് ഐക്യം നിലനിർത്തുന്നതിനും നിലവിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് മാധ്യമപ്രചാരണങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. 
മേഖലയിലെ സ്ഥിതിഗതികളും മേഖല നേരിടുന്ന ഗുരുതരമായ വെല്ലുവിളികളും നാം മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ ഗൾഫ് സഹകരണ കൗൺസിൽ ഐക്യം പൂർത്തീകരിക്കുകയും സംയുക്ത പ്രവർത്തനം ശക്തമാക്കുകയും വേണം. ഖത്തർ പ്രതിസന്ധിയാണ് ഗൾഫ് സഹകരണ കൗൺസിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഗൾഫ് ഐക്യത്തിനും പൗരന്മാരുടെ താൽപര്യങ്ങൾക്കും ഗുരുതരമായ ഭീഷണിയാണ്. 
ഗൾഫ് സഹകരണ കൗൺസിലിന്റെ കെട്ടുറപ്പ് ദുർബലമായെന്ന നിലക്കാണ് ലോകം ഇപ്പോൾ നോക്കിക്കാണുന്നത്. മുമ്പ് മേഖലാ, ആഗോള പ്രശ്‌നങ്ങളിൽ ഏകനിലപാടോടെ ഒറ്റക്കെട്ടായാണ് ഗൾഫ് സഹകരണ കൗൺസിൽ നിലയുറപ്പിച്ചിരുന്നത്. 
ഭീകരവാദം ശക്തിയാർജിച്ചുവരുന്നത് ഗൾഫ് രാജ്യങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്. ഭീകര വിരുദ്ധ പോരാട്ടത്തിന് ഗൾഫ് രാജ്യങ്ങൾ കൂട്ടായ ശ്രമങ്ങൾ നടത്തണം. യെമൻ സംഘർഷം തുടരുന്നത് ഗൾഫ് രാജ്യങ്ങൾക്ക് മുഴുവൻ ഭീഷണിയാണ്. 
സ്വീഡനിൽ നടക്കുന്ന സമാധാന ചർച്ചകൾ യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിലേക്ക് നയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സിറിയയിലേക്കുള്ള പുതിയ യു.എൻ ദൂതന് തന്റെ ദൗത്യത്തിൽ വിജയം വരിക്കുന്നതിന് സാധിക്കണമെന്ന് പ്രത്യാശിക്കുന്നു. യു.എൻ തീരുമാനങ്ങൾക്കും ജനീവ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാകണം.
ഇറാഖിൽ പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സ്പീക്കറെയും തെരഞ്ഞെടുത്ത് രാഷ്ട്രീയ പ്രക്രിയ പൂർത്തിയായത് അഭിനന്ദാർഹമാണ്. സംഘർഷങ്ങളിൽ തകർന്നടിഞ്ഞ രാഷ്ട്രത്തിന്റെ പുനർനിർമാണത്തിനും അഭിവൃദ്ധിയും സുരക്ഷാ ഭദ്രതയും നേടുന്നതിനും ഇറാഖികൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ശാശ്വതവും സമഗ്രവുമായ സമാധാന കരാർ ഒപ്പുവെക്കുന്നതിന് പശ്ചിമേഷ്യൻ സമാധാന പ്രക്രിയ പുനരാരംഭിക്കണം. പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വത പരിഹാരമാകുന്നത് മേഖലാ, ലോക സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തും. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും നല്ല അയൽപക്ക ബന്ധത്തിന്റെ തത്വങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെടുന്ന യു.എൻ ചാർട്ടർ പ്രകാരമുള്ള അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും ഇറാൻ പാലിക്കണമെന്നും കുവൈത്ത് അമീർ ആവശ്യപ്പെട്ടു.  


 

Latest News