ആഡംബര ട്രെയിൻ കേരളത്തിലേക്കും

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ആഡംബര ട്രെയിൻ സർവീസ് കേരളത്തിലേക്കും. ഈ വർഷം മഴക്കാലത്ത് കന്യാകുമാരി, മൂന്നാർ, കൊച്ചി എന്നീ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പാകത്തിലാണ് ലക് ഷുറി തീവണ്ടി വരുന്നത്. ബാംഗ്ലൂർ കേന്ദ്രമായി ആരംഭിക്കുന്ന യാത്ര ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങൾ കവർ ചെയ്ത് മൈസൂരു വഴി ബംഗളൂരുവിൽ തിരിച്ചെത്തും. ഈ ട്രിപ്പിൽ യാത്ര ചെയ്യാൻ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപ വേണ്ടിവരും. ട്രെയിനിനെ കുറിച്ചുള്ള സങ്കൽപങ്ങൾ മാറ്റി മറിച്ചുള്ളതാണ് സുവർണ രഥം. ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങൾ ടൂറിസ്റ്റുകൾക്ക് ലഭ്യമാവും. മഹാരാജാസ് എക്‌സ്പ്രസ് പദ്ധതി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെക്കേ ഇന്ത്യയിലേക്ക് ആഡംബര ട്രെയിനെത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവു കൂടിയ ട്രെയിൻ യാത്രയാണ് മഹാരാജസ് എക്‌സ്പ്രസിലേത്. ഇന്ത്യയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ മഹാരാജസ് ട്രെയിൻ സർവീസിന് തുടക്കമിട്ടത്. അഞ്ച് സർവീസുകളാണ് മഹരാജാസ് എക്‌സ്പ്രസിനുള്ളത്. അഞ്ച് സർവീസുകളിലായി 12 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഈ ട്രെയിൻ കവർ ചെയ്യുന്നുണ്ട്. 


വടക്ക്, പടിഞ്ഞാട് മധ്യ ഇന്ത്യ എന്നീ ഭാഗങ്ങളിലാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുന്നത്.  ഈ ട്രെയിൻ യാത്രയ്ക്ക് ഒരാൾക്ക് 2.39 ലക്ഷം മുതൽ 14. 75 ലക്ഷം വരേയാണ് ചെലവ്.  അഞ്ച് മുതൽ 12 വരെയുള്ള കുട്ടികളാണെങ്കിൽ ചെലവ് അൽപം കുറയും. 1.20 ലക്ഷം മുതൽ 7.40 വരെ ചെലവിൽ കുട്ടികൾക്ക് ഈ ട്രെയിൻ യാത്ര ചെയ്യാം. ചെറുതും വലുതുമായ അഞ്ച് ട്രിപ്പുകളാണ് സഞ്ചാരികൾക്കായി മഹാരാജാസ് എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്. ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജിന്റെ ദൈർഘ്യം 7 രാത്രിയും 8 പകലുമാണ്. മുംബൈ, അജന്ത, ഉദയ്പൂർ, ജോധ്പൂർ, ബിക്കനീർ, ജയ്പൂർ, ആഗ്ര, ദൽഹി എന്നിവിടങ്ങളിലൂടെയാണ് ഹെറിറ്റേജ് ഓഫ് ഇന്ത്യയുടെ യാത്ര. മൂന്ന് രാത്രിയും നാലു പകലുമാണ്  ട്രഷർ ഓഫ് ഇന്ത്യ പാക്കേജിന്റെ ദൈർഘ്യം. ദൽഹി, ആഗ്ര, ജയ്പൂർ, ദൽഹി എന്നിങ്ങനെയാണ് ട്രഷർ ഓഫ് ഇന്ത്യയുടെ യാത്ര. മൂന്ന് രാത്രികളും നാല് പകലുകളുമാണ് ജെംസ് ഓഫ് ഇന്ത്യയുടെ യാത്ര.


ട്രഷർ ഓഫ് ഇന്ത്യയുടെ അതേ പാക്കേജ് ആണ് ഇതിനും.  ഏഴ് രാത്രികളും എട്ട് പകലുകളുമാണ് ഇന്ത്യൻ പനോരമ ട്രെയിൻ യാത്ര. ദൽഹി, ജയ്പൂർ, ഫത്തേപ്പൂർ സിക്രി, ആഗ്ര, ഗ്വാളിയാർ, ഖജുരാഹോ, വരാണസി, ലഖ്‌നൗ, ദൽഹി എന്നി സ്ഥലങ്ങളാണ് ഈ പാക്കേജിൽ. ഏഴ് രാത്രികളും എട്ടു പകലുകളുമായി ദൽഹി, ആഗ്ര, രന്തമ്പൂർ, ജയ്പൂർ, ബിക്കാനീർ, ജോധ്പൂർ, ഉദയ്പൂർ, ബാലസിനോർ, മുംബൈ എന്നിവിടങ്ങളിലൂടെയാണ് ഇന്ത്യൻ സ്‌പ്ലെൻഡർ ട്രെയിൻ കടന്നു പോകുന്നത്.

Latest News