യുഎഇയില്‍ വാട്‌സാപ്പ് സമ്മാന തട്ടിപ്പ് നടത്തിയ മൂന്ന് വിദേശികള്‍ക്ക് തടവു ശിക്ഷ

റാസല്‍ ഖൈമ- വിദേശ നമ്പറില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശത്തിലൂടെ സമ്മാനമടിച്ചുവെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും വന്‍ തുക തട്ടിയ കേസില്‍ മൂന്ന് ആഫ്രിക്കക്കാരെ റാസല്‍ ഖൈമ ക്രിമിനല്‍ കോടതി തടവിനു ശിക്ഷിച്ചു. ഒന്നാം പ്രതിക്ക് ഒരു വര്‍ഷവും മറ്റു രണ്ടു പ്രതികള്‍ക്ക് ഒരു മാസം തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലവധി പൂര്‍ത്തിയാക്കിയാല്‍ ഇവരെ നാടു കടത്താനും ഉത്തരവിട്ടു. സമ്മാനം അടിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ രീതി. ഒരു യൂറോപ്യന്‍ നമ്പറില്‍ നിന്ന് സന്ദേശമയച്ച് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് 42,000 ദിര്‍ഹം തട്ടിയ കേസിലാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കണമെങ്കില്‍ നിശ്ചിത തുക അടക്കണമെന്നുമുള്ള പതിവു തട്ടിപ്പു രീതിയിലാണ് യുവതി കബളിപ്പിക്കപ്പെട്ടത്. പറഞ്ഞ പണം നല്‍കിയെങ്കിലും 'സമ്മാന തുക' ലഭിക്കാതെ വന്നതോടെയാണ് യുവതി കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. തട്ടിപ്പു കേസ് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് തട്ടിപ്പിനെ കുറിച്ച് അറിയുമായിരുന്നില്ലെന്നും മുഖ്യ പ്രതിക്കു വേണ്ടി പണം സ്വീകരിക്കുക മാത്രമാണ ചെയ്തതെന്നും മറ്റു രണ്ടു പ്രതികളും കോടതിയില്‍ പറഞ്ഞു.
 

Latest News