മെക്‌സിക്കോക്കാരി വനേസ ലോക സുന്ദരി 

ബീജിംഗ്- അറുപത്തിയെട്ടാമത് ലോക സുന്ദരിപ്പട്ടം മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ സ്വന്തമാക്കി. ചൈനയിലെ സന്യ സിറ്റിയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി മാനുഷി ചില്ലര്‍ വനേസയെ കിരീടമണിയിച്ചു.
ആദ്യമായാണ് മെക്‌സിക്കോയില്‍ നിന്നും ഒരാള്‍ ഈ കിരീടം സ്വന്തമാക്കുന്നത്. 118 സുന്ദരികളെ പിന്തള്ളിയാണ് വനേസയുടെ കിരീടനേട്ടം. തായ്‌ലന്‍ഡിന്റെ നിക്കോളന്‍ പിച്ചാപ ലിസ്‌നുകനാണ് ഫസ്റ്റ് റണ്ണറപ്പ്. ബെലാറസ്, ജമൈക്ക, ഉഗാണ്ട എന്നിവിടങ്ങളിലെ സുന്ദരികളാണ് ആദ്യ അഞ്ചില്‍ ഇടം നേടിയത്.
ഇന്ത്യയുടെ അനുക്രീതി വാസ് ആദ്യ 12ല്‍ ഇടം നേടാനാകാതെ പുറത്തായി. ആദ്യ 30ല്‍ അനുക്രീതി സ്ഥാനം പിടിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.
പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് വനേസ. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദധാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ വക്താവ് കൂടിയാണ്.
നേട്ടം വിശ്വിസിക്കാനാകില്ലെന്ന് പ്രതികരിച്ച വനേസ എല്ലാ പെണ്‍കുട്ടികളും ഇത് അര്‍ഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നില്‍ക്കാനായതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. 

Latest News