Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീർഥാടകരെ ലക്ഷ്യമിട്ട് മക്കയിൽ റെഡിമെയ്ഡ് ഫുഡ് ഫാക്ടറി

മക്ക - ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതിന് മക്കയിൽ ഫാക്ടറി സ്ഥാപിക്കുന്നതിന് മക്കയിലെ കാറ്ററിംഗ് കരാറുകാർ ആലോചിക്കുന്നു. പരമ്പരാഗത രീതിയിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന ശൈലിക്കു പകരം ഏറ്റവും ഉയർന്ന ഗുണമേന്മാ മാനദണ്ഡങ്ങളോടെ ഫാക്ടറിയിൽ തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മക്കയിലെ കാറ്ററിംഗ് കരാറുകാരുടെ കാരണവർ അഹ്മദ് അൽശരീഫ് പറഞ്ഞു. 
കാറ്ററിംഗ് കരാറുകാരുടെ സംയുക്ത മുതൽ മുടക്കോടെയാണ് പുതിയ ഫാക്ടറി സ്ഥാപിക്കുക. ഇതേ കുറിച്ച് ദിവസങ്ങൾക്കുള്ളിൽ പരസ്യപ്പെടുത്തും. റെഡിമെയ്ഡ് ഫുഡ് ഫാക്ടറി സ്ഥാപിക്കുന്നതിനെ കുറിച്ച അഭിപ്രായ, നിർദേശങ്ങൾ ആരാഞ്ഞ് കാറ്ററിംഗ് കരാറുകാർക്കിടയിൽ ഫോറം വിതരണം ചെയ്തിട്ടുണ്ട്. മക്കയിൽ 204 കാറ്ററിംഗ് കരാറുകാരാണുള്ളത്. ഇക്കൂട്ടത്തിൽ 83 പേർ സംയുക്ത മുതൽ മുടക്കോടെ ഫാക്ടറി സ്ഥാപിക്കുന്നതിന് ഇതിനകം സമ്മതം അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തിക സാധ്യതാ പഠനം നടത്തിവരികയാണ്. ജോയന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഔദ്യോഗികമായി പരസ്യപ്പെടുത്തിയ ശേഷം ഫാക്ടറി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം അനുവദിക്കുന്നതിനും മറ്റു പിന്തുണകൾക്കും മക്ക ഗവർണറേറ്റ് അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ആശയ വിനിമയം നടത്തും. 
ആരോഗ്യകരമായ ഭക്ഷണം തീർഥാടകർക്ക് ഉറപ്പുവരുത്തുന്ന ഫാക്ടറി സ്ഥാപിക്കുകയാണ് ജോയന്റ് സ്റ്റോക്ക് കമ്പനി ആദ്യം ചെയ്യുക. ഫാക്ടറി സ്ഥാപിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറിയുടെ ഉൽപാദന ശേഷി നിർണയിക്കുക. പോഷകാഹാര മേഖലയിൽ ലോകത്തെ വൻകിട കമ്പനികളുമായി മത്സരിക്കുന്ന വ്യവസായ മേഖല സ്ഥാപിക്കുന്നതിനും മക്കയിൽ നിർമിച്ചത് എന്ന ലേബലിൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും റെഡിമെയ്ഡ് ഭക്ഷണങ്ങൾ കയറ്റി അയക്കുന്നതിനുമാണ് മക്കയിൽ കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകർ ആഗ്രഹിക്കുന്നതെന്ന് അഹ്മദ് അൽശരീഫ് പറഞ്ഞു.
 

Latest News