ഇഷ അംബാനിയുടെ കല്യാണത്തിന്  നൂറ് വിമാനങ്ങളെത്തും

മുംബൈ-ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ മകളുടെ വിവാഹത്തിന്റെ പണക്കൊഴുപ്പു കണ്ടു ലോകം അന്തം വിടുകയാണ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ (27)യുടെ വിവാഹമാണ് ശതകോടികള്‍ പൊടിച്ചു നടത്തുന്നത്. വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാന്‍ മാത്രം 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആണ്. സംഗീത നിശയ്ക്ക് കൊഴുപ്പേകാന്‍ എത്തുന്നത് ലോക പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സ് ആണ്. ചൊവ്വാഴ്ച മുംബൈയിലാണ് വിവാഹം. അതിഥികള്‍ക്ക് ഒരുക്കിയിട്ടുള്ള വിമാനങ്ങള്‍ ഉദയ്പുരിലെ വിമാനത്താവളത്തിലാണ് വിശ്രമിക്കുന്നത്.
യുവ വ്യവസായി ആനന്ദ പിരമല്‍ (33) ആണ് വരന്‍. മൂന്ന് ദിനം നീളുന്ന ആഘോഷമാണ് വിവാഹം. ഈ ആഴ്ച ഒടുവില്‍ ഉദയ്പുരില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിടും. ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ ആഘോഷത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കും.
മുന്‍ യു.എസ് പ്രഡിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലരിയും വിവാഹത്തിന് എത്തുമെന്ന് സൂചനയുണ്ട്. മുംബൈയില്‍ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികള്‍ താമസിക്കുക.

Latest News