Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ ചരിത്രമെഴുതി യുഎഇ; ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം

അബുദബി- യുഎഇ സര്‍ക്കാരിന്റെ ഉന്നതാധികാര സ്ഥാപനങ്ങളിലൊന്നായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ (എഫ്.എന്‍.സി) ഇമാറാത്തി വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണിത്. യുഎഇയുടെ പാര്‍ലമെന്ററി സംവിധാനമായ എഫ്.എന്‍.സിയുടെ അടുത്ത സമ്മേളനത്തില്‍ ഇതു നടപ്പാക്കും. വനിതാ സംവരണം സംബന്ധിച്ച പ്രസിഡന്റിന്റെ ഉത്തരവ് വലിയ കുതിപ്പാണെന്നും ഇത് വനിതകളുടെ നിയമനിര്‍മ്മാണ, പാര്‍ലമെന്ററി സംവിധാനങ്ങളിലെ പങ്ക് ഊട്ടിയുറപ്പിക്കാനും രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ പങ്കുവഹിക്കാനും സാഹയിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. വനിതകള്‍ നമ്മുടെ സമൂഹത്തിന്റെ പാതിയാണ്. അതുപോലെ അവര്‍ക്കു പ്രാധിനിത്യം നല്‍കേണ്ടതുമുണ്ട്- ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 

നിയമനിര്‍മ്മാണ സഭയിലെ വനിതാ പങ്കാളിത്തം വര്‍ധിപ്പിച്ച പ്രസിഡന്റിന്റെ ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ വനിതകള്‍ക്ക് അബുദബി കിരീടാവകാശിയും യുഎഇ സേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ഒരു അധിക പടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വനിതകള്‍ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍
യുഎഇ ഭരണ സംവിധാനത്തിന്റെ അഞ്ച് പരമോന്നത സ്ഥാപനങ്ങളിലൊന്നാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. സൂപ്രീം കൗണ്‍സില്‍, പ്രസിഡന്റ്, മന്ത്രിസഭ, ജുഡീഷ്യറി എന്നിവയാണ് മറ്റു നാലു സ്ഥാപനങ്ങള്‍. ഭരണഘടന പ്രകാരം 1971ലാണ് സ്ഥാപിച്ചത്. നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സഭയാണിത്. നിയമങ്ങളെ കുറിച്ചും നിര്‍ദേശങ്ങളും പദ്ധതികളും സംബന്ധിച്ചുമുള്ള പൊതു ചര്‍ച്ചകള്‍ ഇവിടെ നടക്കും. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് 40 അംഗങ്ങളാണ് ഈ സഭയിലുള്ളത്. 2006 മുതല്‍ സഭയിലെ പകുതി അംഗങ്ങളും നാലു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. മറ്റു പകുതി അംഗങ്ങളില്‍ ഉള്‍പ്പെടുന്നത് എമിറേറ്റുകളിലെ ഭരണാധികാരികള്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരാണ്. നിലവില്‍ ഏഴ് അംഗങ്ങളാണ് വനിതകളായി ഉള്ളത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 252 സ്ഥാനാര്‍ത്ഥികളില്‍ 78 വനിതകളുണ്ടായിരുന്നു. 2015ല്‍ വോട്ടര്‍മാരില്‍ 48 ശതമാനം വനിതകളായിരുന്നു. 67 ശതമാനവും 40 വയസ്സിനു താഴെ പ്രായമുളളവരുമായിരുന്നു.
 

Latest News