കണ്ണൂർ- ഏറെ കോളിളക്കം സൃഷ്ടിച്ച പറശ്ശിനിക്കടവ് കൂട്ടബലാൽസംഗ കേസിലെ മൂന്നു പ്രതികൾ ഗൾഫിലേക്കു കടന്നു. ഈ കേസിൽ മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം 16 ആയി. അതിനിടെ പെൺകുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ഒളിവിൽ പോയി.
പത്താം തരം വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡനത്തിനിരയാക്കിയ പഴയങ്ങാടി സ്വദേശി മുനീസ് മുസ്തഫ, പാപ്പിനിശ്ശേരി സ്വദേശി ഷീൻ ജോസ്, മാട്ടൂൽ സ്വദേശി ഷിനോസ് എന്നിവരെ തിരിച്ചറിഞ്ഞു. ഇവർ ഗൾഫിലേക്കു കടന്നതായാണ് സൂചന. ഇവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മുഴുവൻ വിമാനത്താവളങ്ങളിലും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതിനിടെ പീഡനക്കേസിൽ ഇന്നലെ മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തു. ഇരിട്ടി തോലമ്പ്ര ശക്തിനഗർ കോളനിയിലെ പുത്തൻപുരക്കൽ ഹൗസിൽ ബബിൻ (25), പറശ്ശിനിക്കടവ് തളിയിലെ അക്ഷയ്(26), പെൺകുട്ടിയുടെ ബന്ധുവായ ആലക്കോട് സ്വദേശി 42 കാരൻ എന്നിവരാണ് പിടിയിലായത്.
ഇതിൽ ബബിൻ പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പേരിലെടുത്ത സിം കാർഡ് ഉൾപ്പെടെ ഇയാൾ ഉപയോഗിച്ചിരുന്നു. ഈ സിം കാർഡ് ഉപയോഗിച്ചാണ് പെൺകുട്ടിയുടെ സഹോദരനെ ഷൊർണൂരിലേക്കു വിളിച്ചു വരുത്തിയത്. സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. എറണാകുളത്ത് തലശ്ശേരി കിച്ചൺ എന്ന പേരിലുള്ള ഹോട്ടലിലെ ജീവനക്കാരനായ ഇയാളെ എറണാകുളം പോലീസ് കസ്റ്റഡിയിലെടുത്ത് വളപട്ടണം പോലീസിനു കൈമാറുകയായിരുന്നു. നേരത്തെ അറസ്റ്റിലായ മാട്ടൂലിലെ സന്ദീപ്, ജിത്തു, പറശ്ശിനിക്കടവിലെ ജിത്തു എന്നിവർ പഴയങ്ങാടിയിൽ നടന്ന പീഡനത്തിലും പ്രതികളാണ്.
അതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ വീടുകളിൽ അടക്കം അന്വേഷണ സംഘം റെയ്ഡ് നടത്തി ഒട്ടേറെ തെളിവുകൾ ശേഖരിച്ചു. പീഡന വേളയിൽ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളടക്കം കസ്റ്റഡിയിലെടുത്തു. മുഴുവൻ പ്രതികളേയും കോടതിയിൽ ഹാജരാക്കി ഡിസംബർ 20 വരെ റിമാൻഡു ചെയ്തു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ അടുത്ത സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ഒളിവൽ പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണൂർ താളിക്കാവിലെ റാമിനെ ഇതുവരെ കണ്ടെത്താനായില്ല. ഈ കേസിൽ പെൺകുട്ടിയുടെ കാമുകൻ ആദർശിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.






