ലോറി ഡ്രൈവറെ വെടിവെച്ച് ജീപ്പ് കവർന്നവർ അറസ്റ്റിൽ

റിയാദ് - ലോറി ഡ്രൈവറെ വെടിവെച്ച് പരിക്കേൽപിച്ച് ലെക്‌സസ് ജീപ്പ് കവർന്ന രണ്ടംഗ സൗദി സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. പ്രതികൾ ഇരുവരും സൗദി പൗരന്മാരാണ്. റിയാദ് പ്രവിശ്യയിൽ പെട്ട അൽറൈനിൽ ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ലോറിയിൽ നീക്കം ചെയ്യുകയായിരുന്ന ലെക്‌സസ് ജീപ്പാണ് സംഘം തട്ടിയെടുത്തത്. ലോറി ഡ്രൈവറെ വെടിവെച്ച് പരിക്കേൽപിച്ച് ലെക്‌സസ് കാർ തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. 
വാദി ദവാസിറിന് വടക്ക് 170 കിലോമീറ്റർ ദൂരെ മരുഭൂപ്രദേശത്തു വെച്ചാണ് മോഷ്ടിച്ച കാറിൽ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകൾ പിടികൂടിയത്. സുരക്ഷാ സൈനികരെ കണ്ട് രക്ഷപ്പെടുന്നതിന് ശ്രമിച്ച് വെടിവെപ്പ് നടത്തിയ പ്രതികളെ സാഹസികമായി പിന്തുടർന്ന് പ്രത്യാക്രമണത്തിലൂടെയാണ് കീഴടക്കിയത്. പ്രത്യാക്രമണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കേടാവുകയും പ്രതികളിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ സുരക്ഷാ ഭടന്മാരിൽ ഒരാൾക്കും പരിക്കേറ്റു. പ്രതികളിൽ ഒരാൾ കൊലപാതക കേസിൽ സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവരുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. 


 

Latest News