റിയാദ് - ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അടക്കമുള്ള ഗൾഫ് രാഷ്ട്ര നേതാക്കളെ മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയിലേക്ക് ക്ഷണിക്കാൻ തന്നെ ചുമതലപ്പെടുത്തിയത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അടുത്ത ഞായറാഴ്ച റിയാദിലാണ് ഗൾഫ് ഉച്ചകോടി. ഗൾഫ് സഹകരണം, രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, നിയമ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ ഉച്ചകോടി വിശകലനം ചെയ്യും. മന്ത്രിതല കമ്മിറ്റികളും ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റും സമർപ്പിച്ച റിപ്പോർട്ടുകളും ശുപാർശകളും രാഷ്ട്ര നേതാക്കൾ പരിശോധിക്കും.
മേഖലയിലെയും ആഗോള തലത്തിലെയും പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളും മേഖലയിലെ പുതിയ സുരക്ഷാ സ്ഥിതിഗതികളും നേതാക്കൾ വിശകലനം ചെയ്യും. വ്യത്യസ്ത മേഖലകളിൽ ഗൾഫ് രാജ്യങ്ങൾക്കിടയിലെ സഹകരണവും സംയോജനവും കൂടുതൽ ശക്തമാക്കുകയും ഗൾഫ് രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിന് സഹായിക്കുകയും മുഴുവൻ വെല്ലുവിളികളും നേരിടുന്നതിന് ഐക്യവും സഹകരണവും ശക്തമാക്കുകയും ചെയ്യുന്ന സൃഷ്ടിപരവും ഫലപ്രദവുമായ തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു.
അതേസമയം, ഖത്തർ പ്രതിസന്ധിക്കിടെയും ഗൾഫ് സഹകരണ കൗൺസിൽ നിലനിൽക്കണമെന്നാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ആഗ്രഹിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പ്രവർത്തനം തുടരുന്നതിന് ഗൾഫ് സഹകരണ കൗൺസിലിനെ സഹായിച്ചു. സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് യോഗങ്ങൾ അംഗരാജ്യങ്ങൾ തുടരുന്നുണ്ട്. കൂട്ടായ താൽപര്യങ്ങളിൽ നിന്നുള്ള ഖത്തറിന്റെ വ്യതിചലനം അംഗരാജ്യങ്ങൾ തമ്മിലെ തന്ത്രപ്രധാന, രാഷ്ട്രീയ സഹകരണത്തെ ബാധിച്ചിട്ടുണ്ട്. ഖത്തർ പ്രതിസന്ധിക്കിടെയും ഗൾഫ് സഹകരണ കൗൺസിൽ തുടരും. ഗൾഫ് പൊതുവിപണി സൃഷ്ടിച്ച സാമ്പത്തിക മേഖലയിൽ ഗൾഫ് സഹകരണ കൗൺസിൽ വലിയ വിജയം നേടിയിട്ടുണ്ട്. ഖത്തർ തീവ്രവാദത്തിന് പിന്തുണ നൽകുന്നതും മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ഇത് അവസാനിക്കുന്നതോടെ ഖത്തർ പ്രതിസന്ധിയും ഇല്ലാതാകുമെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു.