Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിലെ വിദേശ സൈനിക സാന്നിധ്യം ഗൾഫ്  രാജ്യങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി-ബഹ്‌റൈൻ

 അനുരഞ്ജനത്തിനുള്ള സാധ്യതകളെല്ലാം ഖത്തർ ഇല്ലാതാക്കി

റിയാദ് - ഖത്തറിലെ വിദേശ സൈനിക സാന്നിധ്യം ഗൾഫ് രാജ്യങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയാണെന്ന് ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു. പെനിൻസുല ഷീൽഡ് ഫോഴ്‌സ് പോലുള്ള ഗൾഫ് സംയുക്ത സേനയുടെ സഹായം തേടുന്നതിനു പകരം വിദേശ സേനകളുടെ സഹായം ഖത്തർ തേടി. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനും നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള സാധ്യതകളെല്ലാം ഖത്തർ ഇല്ലാതാക്കി. അടുത്ത ഞായറാഴ്ച റിയാദിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഖത്തറിന്റെ പ്രാതിനിധ്യം തങ്ങൾ ഗൗനിക്കുന്നില്ല. ഉച്ചകോടിയിൽ ഖത്തർ പങ്കെടുക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും തങ്ങളെ സംബന്ധിച്ചേടത്തോളം സമമാണ്. ഗൾഫ് രാജ്യങ്ങൾ തമ്മിലെ സൈനിക സഹകരണമാണ് അടുത്ത ഉച്ചകോടിയിൽ വിശകലനം ചെയ്യുന്ന പ്രധാന വിഷയം. 
ഖത്തറുമായുള്ള തർക്കം അഗാധമാണ്. ഗൾഫ് സഹകരണ കൗൺസിലിലെ അംഗ രാജ്യങ്ങൾ തമ്മിൽ മുമ്പ് ഉടലെടുത്ത ഒരു തർക്കവും എത്താത്ത നിലയിലേക്ക് ഖത്തറുമായുള്ള തർക്കം എത്തിയിരിക്കുന്നു. തിരിച്ചുവരവിനുള്ള എല്ലാ കപ്പലുകളും ഖത്തർ കത്തിച്ചുകളഞ്ഞിരിക്കുന്നു. 
പ്രതിസന്ധി പരിഹരിക്കുന്നതിന് നേരത്തെ മുന്നോട്ടുവെച്ച ഉപാധികളിൽ സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഇപ്പോഴും ഉറച്ചുനിൽക്കുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തർ സ്വയം മാറണം. പ്രതിസന്ധി എളുപ്പത്തിൽ പരിഹരിക്കാൻ കഴിയില്ല. ഇതിന് പുതിയ കരാർ ഒപ്പുവെക്കേണ്ടതുണ്ട്. 
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഖത്തറിന്റെ ശത്രുത പകൽ പോലെ വ്യക്തമാണ്. സമീപ കാലത്ത് സൗദി അറേബ്യക്കെതിരെ കടുത്ത ശത്രുതയാണ് ഖത്തർ കാണിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അപകീർത്തിപ്പെടുത്തുന്നതിന് അവർ കിണഞ്ഞു ശ്രമിക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ കരാറുകൾ ഏറ്റവും കുറച്ച് പാലിച്ച രാജ്യമാണ് ഖത്തർ. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഒരു ഫലവുമുണ്ടായിട്ടില്ല. 
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ഗൾഫ് രാജ്യങ്ങൾക്കെതിരെ ഗൂഢാലോചന നടത്താനുമാണ് ഖത്തർ ശ്രമിക്കുന്നത്. ഖത്തറുമായി മുമ്പ് പല തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. അതെല്ലാം നേരം കളയലായിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തറിനു മുന്നിൽ വെച്ച ഉപാധികളിൽ മുക്കാൽ പങ്കും നേരത്തെയുണ്ടാക്കിയ റിയാദ് കരാറിൽ ഉൾപ്പെടുത്തിയവ തന്നെയാണ്. ഖത്തറിലെ തുർക്കി സൈനിക സാന്നിധ്യമാണ് പുതുതായി ഉപാധി പട്ടികയിൽ  ഉൾപ്പെടുത്തിയത്. ഉപാധികളിൽ ഭൂരിഭാഗവും നേരത്തെ ഖത്തർ അമീർ ഒപ്പുവെച്ച കരാറുകളിൽ ഉൾപ്പെടുത്തിയതാണ് എന്നതാണ് നേര്. ഇവ പാലിക്കുമെന്ന് ഖത്തർ അമീർ ഉറപ്പു നൽകിയിരുന്നു. 
സഖ്യരാജ്യങ്ങൾ മുന്നോട്ടുവെച്ച ഒരു ഉപാധി പോലും ഖത്തർ ഇതുവരെ പാലിച്ചിട്ടില്ല. ഖത്തർ ഉപാധികൾ പാലിക്കുന്ന പക്ഷം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഇപ്പോഴത്തേതിൽ നിന്ന് വ്യത്യസ്തമായ നിലപാടുണ്ടാകും. തുർക്കിയുടെ കാര്യത്തിൽ തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഗൾഫ് പ്രതിസന്ധിയിൽ തുർക്കി ഖത്തറിന്റെ ഭാഗം ചേർന്നത് തങ്ങളെ ഞെട്ടിച്ചു. തങ്ങൾക്കൊപ്പം നിൽക്കുന്നതാണോ അതല്ല, ഖത്തറിനൊപ്പം നിൽക്കുന്നതാണോ തങ്ങളുടെ താൽപര്യങ്ങൾക്ക് നല്ലത് എന്ന കാര്യം തുർക്കി പരിശോധിക്കണം. ഖത്തറിനൊപ്പം നിലയുറിപ്പിക്കാനാണ് തുർക്കിയുടെ തീരുമാനമെങ്കിൽ അവരും ഞങ്ങളും തമ്മിൽ ബന്ധമില്ലെന്നും ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽഖലീഫ പറഞ്ഞു.
ഇസ്രായിൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹുവിന്റെ ബഹ്‌റൈൻ സന്ദർശനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വാസ്ത വവിരുദ്ധമാണ്. ബഹ്‌റൈൻ പിന്തുടരുന്ന നയങ്ങൾ സുവ്യക്തമാണ്. ഇക്കാര്യത്തിൽ തങ്ങൾക്ക് ഒളിച്ചുവെക്കാനൊന്നുമില്ലെന്നും വിദേശ മന്ത്രി പറഞ്ഞു. 
ഭീകരതക്ക് പിന്തുണ നൽകുന്നതായും മിലീഷ്യകൾക്കും സായുധ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായം നൽകി അയൽ രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കുന്നതായും ഇറാനുമായി സഹകരിക്കുന്നതായും ആരോപിച്ച് കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിച്ചത്. ഖത്തറിലെ തുർക്കി സൈനിക  താവളം അടച്ചുപൂട്ടണമെന്നതാണ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനു മുന്നിൽ വെച്ച പ്രധാന ഉപാധികളിൽ ഒന്ന്. അടുത്ത ഞായറാഴ്ച റിയാദിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഖത്തർ പ്രതിസന്ധി എളുപ്പത്തിൽ പരിഹരിക്കപ്പെടില്ലെന്ന് ബഹ്‌റൈൻ വിദേശ മന്ത്രി വ്യക്തമാക്കിയത്. ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. 


 

Latest News