Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്ന ഇന്ത്യക്കാരന്‍ സ്വവര്‍ഗാനുരാഗിയ്ക്ക്  ബ്രിട്ടനില്‍ ജീവപര്യന്തം 

ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഇവരുടെ പേരിലുള്ള 2 മില്ല്യണ്‍ പൗണ്ടിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക കരസ്ഥമാക്കി ഓസ്‌ട്രേലിയയില്‍ കാമുകനൊപ്പം ജീവിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ കാത്തിരിക്കുന്നത് ജീവപര്യന്തം. 34 കാരിയായ ജെസീക്കയാണ് കൊല്ലപ്പെട്ടത്. 37 കാരനായ ഫാര്‍മസിസ്റ്റ് മിതേഷ് പട്ടേല്‍ മിഡില്‍സ്ബറോ ലിന്‍ത്രോപ്പിലെ വീട്ടില്‍ ടെസ്‌കോ ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ജെസീക്കയെ മെയ് 14 നു കൊലപ്പെടുത്തിയത് എന്നാണു കേസ്.
ഐഫോണ്‍ ഹെല്‍ത്ത് ആപ്പ് ആണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തെളിവ് നശിപ്പിക്കാനും കേസ് വഴി തിരിച്ചു വിടാനുമുള്ള പ്രതിയുടെ നെട്ടോട്ടം ആപ്പിലൂടെ വ്യക്തമായി. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ജീവപര്യന്തം ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ജസ്റ്റിസ് ജെയിംസ് ഗോസ് മിതേഷിനോട് വ്യക്തമാക്കി. 12 ദിവസം കൊണ്ടാണ് ജൂറി മിതേഷിന്റെ കുറ്റകൃത്യം തെളിഞ്ഞതായി വിധിച്ചത്.
ഇന്റര്‍നെറ്റില്‍ എങ്ങിനെ ഭാര്യയെ കൊല്ലണമെന്നത് ഉള്‍പ്പെടെയുള്ള രീതികളെക്കുറിച്ച് മിതേഷ് സേര്‍ച്ച് നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജെസീക്കയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലാകുമ്പോള്‍ ബാഗില്‍ ഇന്‍സുലിന്‍ നിറച്ച സിറിഞ്ചുകള്‍ ഒരുക്കിവെച്ചിരുന്നു. കൊലപാതകം നടക്കുന്നതിനിടെ ജെസീക്ക ഭര്‍ത്താവിനെ മാന്തിയിരുന്നു. 
വിരലിലെ നഖങ്ങളില്‍ ഇത് സുപ്രധാന തെളിവായി. ജെസീക്ക മിതേഷിനെ ചെറുത്തിരുന്നു. ഇതോടെയാണ് ടെസ്‌കോ ബാഗ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നുതള്ളിയ ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കാന്‍ അടുത്തുള്ള റൊമാനോ ടേക്ക്എവേയില്‍ നിന്നും പിസ ഓര്‍ഡര്‍ ചെയ്തു. തിരിച്ച് വീട്ടിലെത്തിയ ശേഷം കവര്‍ച്ചയ്ക്കിടെ സംഭവിച്ചതാണെന്ന് തോന്നിപ്പിക്കാനായി വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു.
സിഡ്‌നിയില്‍ ഡോക്ടറായ അമിത് പട്ടേലിനൊപ്പം കഴിയാനാണ് മിതേഷ് കോല നടത്തിയതെന്ന് പോലീസ് പറയുന്നു. ആണുങ്ങളുമായുള്ള ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധം സഹിച്ചാണ് വര്‍ഷങ്ങളായി ജെസീക്ക കഴിഞ്ഞിരുന്നതെന്നും കോടതിയില്‍ വിശദീകരിക്കപ്പെട്ടു. ഭാര്യ മരിച്ചാല്‍ 2 മില്ല്യണ്‍ പൗണ്ടാണ് മിതേഷിന് നഷ്ട പരിഹാരം  കിട്ടുകയെന്ന് പ്രോസിക്യൂട്ടര്‍ ടീസൈഡ് ക്രൗണ്‍ കോടതി മുന്‍പാകെ വ്യക്തമാക്കി. കാമുകനൊപ്പം ഓസ്‌ട്രേലിയയില്‍ പോയി ജീവിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

Latest News