ജയ്പുർ-പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് തുടരുന്നു. കഴിഞ്ഞ ദിവസം മോഡിയുടെ ഹിന്ദുമത വിജ്ഞാനമായിരുന്നു രാഹുൽ ചോദ്യം ചെയ്തതെങ്കിൽ, പൊതുയോഗങ്ങളിലെല്ലാം പ്രധാനമന്ത്രി ഭാരത് മാതാ കീ ജയ് പറയുന്നതിലെ അസാംഗത്യമായിരുന്നു ഇന്നലെ രാഹുൽ ഉന്നയിച്ചത്. തനിക്ക് ഫത്വ തരാൻ വരേണ്ടെന്നായിരുന്നു ഇതിന് മോഡിയുടെ മറുപടി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലായിരുന്നു വാക്പോര്.
ആൾവാർ ജില്ലയിലെ മലഖേര പട്ടണത്തിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു സമ്പന്നരെ സഹായിക്കുന്ന മോഡിയുടെ സാമ്പത്തിക നയങ്ങളെ രാഹുൽ കുറ്റപ്പെടുത്തിയത്. എല്ലാ പ്രസംഗങ്ങളിലും നമ്മുടെ പ്രധാനമന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം പ്രവർത്തിക്കുന്നത് അനിൽ അംബാനിക്കു വേണ്ടിയാണ്. അതുകൊണ്ട് അനിൽ അംബാനി കീ ജയ്, നീരവ് മോഡി കീ ജയ്, മെഹുൽ ചോസ്കി കീ ജയ്, ലളിത് മോഡി കീ ജയ് എന്നൊക്കെയാണ് അദ്ദേഹം വിളിക്കേണ്ടതെന്ന് രാഹുൽ പരിഹസിച്ചു.
പതിനാറായിരം കോടി രൂപയാണ് രാജ്യത്തെ സമ്പന്നർക്ക് മോഡി സർക്കാർ നൽകിയത്. രാജ്യത്തെ ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ബീമ യോജന പ്രകാരം സമ്പന്നർക്ക് നൽകിയത്. ഇത് ബീമ യോജനയല്ല, അനിൽ യോജനയും, നീരവ് യോജനയുമാണെന്നും രാഹുൽ ആരോപിച്ചു.
സികറിൽ സംഘടിപ്പിച്ച ബി.ജെ.പി റാലിയിൽ മോഡി ഇതിന് മറുപടി നൽകി. ഞാൻ ഭാരത് മാതാ കീ ജയ് എന്ന് പറയരുതെന്നാണ് ഇപ്പോൾ കോൺഗ്രസ് ഫത്വ നൽകിയിരിക്കുന്നതെന്ന് മോഡി പരിഹസിച്ചു. 'ഇതൊക്കെ പറയാൻ ഇവർക്കെങ്ങനെ കഴിയുന്നു, ഇവർക്ക് നാണമില്ലേ' -മോഡി ചോദിച്ചു.
കോൺഗ്രസുകാർക്ക് ഭാരത് മാതാ കീ ജയ് എന്ന് പറയാൻ താൽപര്യമില്ലെന്നും, സോണിയാ ഗാന്ധി കീ ജയ് എന്നു പറയാനാണ് താൽപര്യമെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ആരോപിച്ചിരുന്നു.