ബെഹ്‌റക്ക് ഒന്നും സംഭവിക്കില്ല; മുല്ലപ്പള്ളിക്കെതിരെ കേസിന് നീക്കം

തിരുവനന്തപുരം - ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ നടക്കുന്ന ഒരു നീക്കവും വിലപ്പോവില്ല. ആരോപണ കോലാഹലങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ സുരക്ഷിതനാക്കുമെന്നാണ് സൂചന. നിയമനം നടന്നത് സി.പി.എം കേന്ദ്ര നേതൃത്വം എതിര്‍ത്തിരുന്ന വാദവും ഇനി വിലപ്പോവില്ല. കാരണം നിയമനം നടന്നിട്ടിപ്പോള്‍ വര്‍ഷം രണ്ട് കഴിഞ്ഞു.   

ഏറ്റവും അവസാനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുസ് ലിം യൂത്ത് ലീഗിന്റെ ചടങ്ങില്‍ ബെഹ്‌റക്കെതിരെ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയോ ഭരണ സംവിധാനമോ തരിമ്പും ഗൗരവത്തിലെടുത്തിട്ടില്ല. ഫയലില്‍ അമിത് ഷാക്കും, നരേന്ദ്ര മോഡിക്കുമെതിരായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടും എന്ത് കൊണ്ട് നടപടിയെടുത്തില്ല  എന്ന ഒറ്റ ചോദ്യം കൊണ്ടാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പള്ളിയെ നേരിട്ടത്.  മുല്ലപ്പള്ളിയുടെ വകുപ്പിന്റെ തലവനായിരുന്ന ചിദംബരത്തെയെങ്കിലും അക്കാര്യം അറിയിച്ചിരുന്നോ എന്ന്  മുഖ്യമന്ത്രി ചോദിക്കുന്നുമുണ്ട്.  

അതിനിടയില്‍ കേരളത്തിലെ പോലീസ് ഇക്കാര്യം മറ്റൊരു വഴിക്ക് തിരിച്ചുവിടാനാണ്  ആഗ്രഹിക്കുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്താവന അടിമുടി വ്യക്തിഹത്യയായി കണ്ട് കേസിന് പോകാനാണ് പോലീസിന്റെ നീക്കം. ഇതിന് സര്‍ക്കാരിന്റെ അനുമതി  നേടിയെടുക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ അനുമതി കൊടുക്കാന്‍ തന്നെയാണ് സാധ്യത. കേന്ദ്ര സര്‍ക്കാര്‍ അനുമതിയും ലഭ്യമായാല്‍ കേസുമായി പോലീസിന് മുന്നോട്ടു പോകാനാകും.  കേസിന് പല തലങ്ങളുണ്ടെന്ന സാധ്യതയും പോലീസ് മുന്നില്‍ കാണുന്നു. മോഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബെഹ്‌റയെ പിണറായി സര്‍ക്കാര്‍ ഡി.ജി.പിയാക്കിയതെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. പോലീസ് സേനക്കെതിരെ കേരളത്തില്‍  നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് സേന പുതിയ ആരോപണവും കാണുന്നത്. സംഘ് പരിവാറുമായി ചേര്‍ന്ന്  നീങ്ങുന്നു എന്ന ആക്ഷേപം ഒഴിവാക്കാന്‍ ശബരി മല സമരക്കാര്‍ക്കെതിരായ കേസുകള്‍ കൂട്ടിക്കെട്ടുന്നത് ഗുണം ചെയ്യുമെന്നാണ് പോലീസിലെ ഭരണാനുകൂലികള്‍ സര്‍ക്കാരിന് നല്‍കുന്ന ഉപദേശം.

 

Latest News