ജയിപ്പിച്ചാല്‍ ബാലവിവാഹങ്ങള്‍ക്ക് സഹായം; രാജസ്ഥാനിൽ ബി.ജെ.പി വനിതാ സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം

ജയ്പൂര്‍- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ജയം ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങളുമായി സജീവ പര്യടനങ്ങളിലാണ്. ഇതിനിടെ ബി.ജെ.പിയുടെ ഒരു വനിതാ സ്ഥാനാര്‍ത്ഥി തന്നെ കടുത്ത സ്ത്രീവിരുദ്ധ വാഗ്ദാനവുമായി രംഗത്തെത്തിയത് പുതിയ വിവാദമായിരിക്കുകയാണ്. വോട്ടു നല്‍കി ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബാലവിവാഹങ്ങളിലെ പോലീസ് ഇടപടെല്‍ ഒഴിവാക്കിത്തരാമെന്നാണ് ശോഭാ ചൗഹാന്‍ എന്ന ബി.ജെ.പി വനിതാ നേതാവിന്റെ വാഗ്ദാനം. ശോഭയുടെ പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. 

സോജത് മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്. പോലീസ് ഇടപെടല്‍ തടഞ്ഞ് നിയമവിരുദ്ധമായ ബാലവിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന ശോഭയുടെ വാഗ്ദാനം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മണ്ഡലത്തില്‍ സംഘടിപ്പിച്ച സനേഹ സമ്മേളനത്തിലായിരുന്നു ഈ വാഗ്ദാനം. പരിപാടിക്കിടെ ദേവാസി സമുദായത്തില്‍ നടക്കുന്ന ബാലവിവാഹങ്ങള്‍ പോലീസ് തടയുന്നതായി ചൗഹാനോട് സൂചിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്. നമുക്ക് അധികാരവും സര്‍ക്കാരും സ്വന്തമായുണ്ട്. ബാലവിവാഹങ്ങളില്‍ പോലീസിനെ ഇടപെടാന്‍ അനുവദിക്കില്ല- ശോഭ ഇങ്ങനെ പറയുന്നതായുള്ള വിഡിയോയും പ്രചരിച്ചു.
 

Latest News