കോട്ടയം- ശബരിമല വിഷയത്തിൽ വിശ്വാസികളെ ജാജീയമായി വേർതിരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാർത്താകുറിപ്പിലൂടെയാണ് എൻ.എസ്.എസ് ഇക്കാര്യം അറിയിച്ചത്. കോടതി വിധി നടപ്പാക്കാൻ കഴിയാത്തതിന് കാരണം സവർണരുടെ ആധിപത്യമാണെന്ന് വരുത്തിതീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാഷ്ട്രീയലക്ഷ്യം മുന്നിൽകണ്ടാണ് ശബരിമല പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് സർക്കാർ പറയന്നത്. ഒരു ജനാധിപത്യസർക്കാറിന് ഒരിക്കലും ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാനാകില്ല. സർവ്വകക്ഷിയോഗം വിളിച്ചുചേർത്ത് സർക്കാർ തീരുമാനം അടിച്ചേൽപ്പിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. പിന്നീടാണ് നവോത്ഥാനത്തിന്റെ പേരിൽ സംഘടനകളുടെ യോഗം വിളിച്ചത്. അതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം. യുക്തിവാദം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിശ്വാസികളെ സംരക്ഷിക്കാൻ സർക്കാർ ഒരു നീക്കവും നടത്തിയില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.