Sorry, you need to enable JavaScript to visit this website.

ഭോപ്പാലില്‍ വോട്ടിങ് യന്ത്രം സൂക്ഷിച്ച മുറിയില്‍ കാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചു

ന്യുദല്‍ഹി- മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂര്‍ സമയം സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചു. ഈ കേന്ദ്രത്തില്‍ വെള്ളിയാഴ്ച വൈദ്യുതി നിലച്ചതും കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും ദുരൂഹമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നെന്നും ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിയുമായി പ്രതിപക്ഷം കമ്മീഷനേയും സമീപിച്ചിരുന്നു. നവംബര്‍ 28നായിരുന്നു മധ്യപ്രദേശിലെ വോട്ടെടുപ്പ്. ഇതു കഴിഞ്ഞ് ഉടന്‍ വോട്ടിങ് യന്ത്രങ്ങള്‍ അതീവ സുരക്ഷയുള്ള സൂക്ഷിപ്പു കേന്ദ്രങ്ങളിലെത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍ ചില വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ടു പോകുന്ന വിഡിയോ വൈറലായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണ് ഈ യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലെത്തിച്ചത്. ഈ സംഭവത്തില്‍ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. 

വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച ഭാപ്പാലിലെ സ്‌ട്രോങ് റൂമില്‍ നവംബര്‍ 30ന് രാവിലെ 8.19 മുതല്‍ 9.35 വരെ സി.സി.ടി.വി കാമറകളും എല്‍.ഇ.ഡി ഡിസ്‌പ്ലേയും പ്രവര്‍ത്തിച്ചില്ലെന്ന് ഭോപ്പാല്‍ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയതായി കമ്മീഷന്‍ വ്യക്തമാക്കി. വൈദ്യുതി വിതരണം നിലച്ചതാണ് കാരണം. ഈ സമയത്തെ ദൃശ്യങ്ങല്‍ കാമറയില്‍ പതിഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. പ്രതിഷേധമുണ്ടായതോടെ ഇവിടെ വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ അധികമായി ഒരു എല്‍.ഇ.ഡി സക്രീനും ഇന്‍വെര്‍ട്ടറും ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.
 

Latest News