Sorry, you need to enable JavaScript to visit this website.

വോട്ടിങ് യന്ത്രവുമായി ഉദ്യോഗസ്ഥര്‍ ബി.ജെ.പി മന്ത്രിയുടെ ഹോട്ടലില്‍; മധ്യപ്രദേശില്‍ അട്ടിമറി ശ്രമമെന്ന് ആരോപണം

ഭോപാല്‍- നിയസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോളിങിനു ശേഷം വോട്ടിങ് യന്ത്രങ്ങളില്‍ ബി.ജെ.പി തിരിമറി നടത്താന്‍ ശ്രമിക്കുന്നതായി ആരോപണം. പലയിടത്തും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങല്‍ രണ്ടു ദിവസം വൈകിയാണ് സൂക്ഷിപ്പു കേന്ദ്രങ്ങളിലെത്തിയതെന്നും ആരോപണമുയര്‍ന്നു. ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുളള ഹോട്ടല്‍ മുറിയില്‍ ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രവുമായി എത്തിയ ദൃശ്യങ്ങളും പോളിങ് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ ദുരൂഹമായി വൈദ്യുതി നിലച്ചതും ഇവിടെ നിന്നുള്ള ലൈവ് സ്ട്രീമിങ് നിര്‍ത്തിയതുമടക്കം നരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങളെ സാധൂകരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. ഇതു വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പലയിടത്തും കോണ്‍ഗ്രസ്, എ.എ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മധ്യപ്രദേശില്‍ ഇത്തവണ 73 ശതമാനമായിരുന്നു പോളിങ്. മുന്‍വര്‍ഷത്തേക്കാള്‍ കനത്ത പോളിങാണിത്. 

ആഭ്യന്തര വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഭുപേന്ദ്ര സിങിന്റെ മണ്ഡലമായ ഖുറായിയാണ് വൈകിയെത്തിയ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഭുപേന്ദ്ര സിങിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് വോട്ടിങ് യന്ത്രങ്ങള്‍ ആദ്യം കൊണ്ടു പോയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ഹോട്ടലിലേക്ക് യന്ത്രങ്ങള്‍ കൊണ്ടു പോയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ നാട്ടില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബസിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം കണ്ടത്. ബി.ജെ.പിയുടെ ജയം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് സംശയമുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചു. ഈ അധിക വോട്ടിങ് യന്ത്രങ്ങള്‍ പോളിങ് കഴിഞ്ഞ് രണ്ടു മണിക്കൂറിനകം ജില്ലാ അധികാരികള്‍ക്ക് തിരികെ ഏല്‍പ്പിക്കേണ്ടവയാണ്. രണ്ടു ദിവസത്തിനു ശേഷമല്ല. ആഭ്യന്തര മന്ത്രി മത്സരിക്കുന്ന സ്ഥലത്താണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി വിവേക് ടങ്ക ചൂണ്ടിക്കാട്ടി.

ഭോപാലില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സമയം വൈദ്യുതി വിതരണം നിലച്ചത് ദൂരൂഹമാണെന്നും ഇവിടുത്തെ സി.സി.ടി.വി കാമറ പ്രവര്‍ത്തനം നിലച്ചത് സംശയങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്ന് ഇവിടെ കോണ്‍ഗ്രസ്, എ.എ.പി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. ബി.ജെ.പി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്താനെത്തുമെന്ന സംശയത്തെ തുടര്‍ന്നാണിത്. വോട്ടെണ്ണുന്ന ഡിസംബര്‍ 11 വരെ ധീരരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം വോട്ടിങ് യന്ത്രം സൂക്ഷിച്ച ഈ കേന്ദ്രത്തിന് കാവലിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്്‌ട്രോങ് റൂമുകള്‍ക്കു പരിസരത്ത് സി.സി.ടി.വി അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പലരും ലാപ്‌ടോപും മൊബൈല്‍ ഫോണുകളുമായി ചുറ്റിക്കറങ്ങുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ പി.എല്‍ പുനിയ ആരോപിച്ചു. ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് വോട്ടിങ് യന്ത്രങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടു.
 

Latest News