Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ മോഡിയുടെ പാവയെന്ന് വിളിച്ച മാധ്യമ പ്രവര്‍ത്തകന്‍ മണിപ്പൂരില്‍ അറസ്റ്റില്‍

ഇംഫാല്‍- മണിപ്പൂര്‍ മുഖ്യമന്ത്രി ബൈരന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ഹിന്ദുത്വയുടേയും കളിപ്പാവയാണെന്നു പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച കിശോര്‍ചന്ദ്ര വാങ്കെമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസമായി പോലീസ് കസ്റ്റഡിയിലാണ് മാധ്യമപ്രവര്‍ത്തകന്‍. വെസ്റ്റ് ഇംഫാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും 24 മണിക്കൂറിനുള്ളില്‍ വീണ്ടും അറസ്റ്റ് ചെയ്ത് അകത്തിടുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ റാണിയുടെ ജന്മവാര്‍ഷികം മണിപ്പൂരില്‍ ആഘോഷിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണ് വാങ്കെം ഫേസബുക്കില്‍ സ്വന്തം വിഡിയോ പോസ്റ്റ് ചെയ്തത്. മണിപ്പൂരിന്റെ ചരിത്രത്തില്‍ ഝാന്‍സി റാണിയുടെ സംഭാവന എന്താണെന്ന് വാങ്കെം വിഡിയോയില്‍ ചോദിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് മുഖ്യമന്ത്രി ഈ പരിപാടി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

വാങ്കെമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ പ്രതിഷേധം ശക്തമായി വരികയാണ്. വെള്ളിയാഴ്ച ഇംഫാലില്‍ നൂറുകണക്കിനാളുകള്‍ അറസ്റ്റില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് വാങ്കെമിന്റെ അറസ്റ്റെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
 

Latest News