Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിസന്ധി രൂക്ഷം: ഫോട്ടോ സ്റ്റുഡിയോകളും പ്രിന്റിംഗ് ലാബുകളും അടച്ചുപൂട്ടലിന്റെ വക്കിൽ

കൽപറ്റ- ഗതകാലത്തു ലാഭകരമായി പ്രവർത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോകളും പ്രിന്റിംഗ് ലാബുകളും പ്രതിസന്ധിയിൽ. ചെലവുകൾ വർധിച്ചും നിത്യവരുമാനം ഗണ്യമായി കുറഞ്ഞും നഷ്ടത്തിലായ സ്റ്റുഡിയോകളും ലാബുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. നാലും അഞ്ചും ഫോട്ടോഗ്രാഫർമാർ  ജോലി ചെയ്തിരുന്ന സ്റ്റുഡിയോകളിൽ പലതിലും ഇപ്പോഴുള്ളത് ഉടമയും സഹായിയും മാത്രം.തൊഴിൽ നഷ്ടമായ ഫോട്ടോഗ്രാഫർമാർ ഉപജീവനത്തിനു പെയിന്റിംഗ് ഉൾപ്പെടെ ഇതര തൊഴിൽ മേഖലകളെയാണ് ആശ്രയിക്കുന്നത്. 
ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫഌക്‌സ്(ഡി.എസ്.എൽ.ആർ) ക്യാമറകളോട് കിടപിടിക്കുന്ന ക്യാമറകളുള്ള മൊബൈൽ ഫോണുകളുടെ വ്യാപക  ഉപയോഗം,  വാട്‌സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെ ചിത്രങ്ങൾ എളുപ്പത്തിലും ലളിതമായും ഷെയർ ചെയ്യാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷനുകളുടെ വികാസം, പാസ്‌പോർട്ട് ഓഫീസുകളും ബാങ്കുകളും അടക്കം സ്ഥാപനങ്ങളുടെ ആധുനികവത്കരണം, വിവാഹ, മരണാനന്തര ചടങ്ങുകളിൽ ഫോട്ടോ, വീഡിയോ ജോലികളിൽ  ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ ഇടപെടൽ, കുതിച്ചുയരുന്ന മുറിവാടക, ഫോട്ടോഗ്രഫി സാമഗ്രികളുടെ വിലക്കയറ്റം, ഫോട്ടോ്രഗഫി സാങ്കേതിക വിദ്യകളിൽ അടിക്കടി ഉണ്ടാകുന്ന മാറ്റം... ഇങ്ങനെ നീളുകയാണ് സ്റ്റുഡിയോകളെയും  ലാബുകളെയും പ്രതിസന്ധിയിലേക്കു നയിച്ച ഘടകങ്ങളെന്നു കൽപറ്റ നിത്യ സ്റ്റുഡിയോ ഉടമയും ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായ എൻ. രാമാനുജൻ പറഞ്ഞു. ഉദ്ഘാടനങ്ങൾ, സമ്മേളനങ്ങൾ എന്നിവയുടെ ചിത്രം പകർത്തിയും ഫോട്ടോസ്റ്റാറ്റ്, മഗ്പ്രിന്റിംഗ്, ഡി.ടി.പി സൗകര്യം ഒരുക്കിയുമാണ് പല സ്റ്റുഡിയോകളും പിടിച്ചുനിൽക്കുന്നതെന്നും  അദ്ദേഹം പറയുന്നു. 
വീടുകളുമായി ബന്ധപ്പെട്ട ചടങ്ങുകൾ പകർത്താൻ സ്റ്റുഡിയോകളുടെ സേവനം തേടുന്നവർ വിരളമാകുകയാണ്. ചടങ്ങുകളുടെ ദൃശ്യങ്ങൾ മൊബൈൽഫോൺ ക്യാമറകളിൽ പകർത്തി ഷെയർ ചെയ്യുകയും കംപ്യൂട്ടറുകളിൽ സൂക്ഷിക്കുകയുമാണ് പലരും ചെയ്യുന്നത്. മൊബൈൽ ക്യാമറകളിലെടുത്ത ചിത്രങ്ങൾ ലാബിലെത്തിച്ചു പ്രിന്റുകളാക്കി ആൽബം തയാറാക്കുന്നവരും കുറവാണ്. 
പാസ്‌പോർട്ട്‌സൈസ് ഫോട്ടോയെടുപ്പിലൂടെയാണ് സ്റ്റുഡിയോകൾക്കു മുൻപ് പ്രധാനമായും വരുമാനം ലഭിച്ചിരുന്നത്. പാസ്‌പോർട്ട് ഫോട്ടോയെടുക്കാൻ ദിവസം മുപ്പതും നാൽപ്പതും പേർ ഓരോ സ്റ്റുഡിയോയിലും എത്തിയിരുന്നിടിത്ത് ഇപ്പോൾ മൂന്നോ നാലോ പേർ വന്നാലായെന്ന സ്ഥിതിയായി. പാസ്‌പോർട്ട് ഓഫീസുകളിലും ബാങ്കുകളിലും അക്ഷയ കേന്ദ്രങ്ങളിലും  ഫോട്ടോയെടുപ്പിനു കാലത്തിനൊത്ത മറ്റു സംവിധാനങ്ങളുണ്ട്. ഫോട്ടോ ഒരിക്കൽ അപ്‌ലോഡ് ചെയ്താൽ മൂന്നു വർഷത്തേക്കു മാറ്റേണ്ടെന്ന പി.എസ്.സി വ്യവസ്ഥയും സ്റ്റുഡിയോ നടത്തിപ്പുകാരെ ബാധിച്ചു. വിദ്യാലയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി മേത്തരം ക്യാമറകൾ വാങ്ങിയതു സ്‌കൂളുകളിലെ ഗ്രൂപ്പ് ഫോേട്ടായെടുപ്പും സ്റ്റുഡിയോകൾക്കു അന്യമാക്കി. 
വരുമാനം കുറഞ്ഞെങ്കിലും സ്റ്റുഡിയോ നടത്തിപ്പു ചെലവ് വർധിക്കുകയാണ്. ജില്ലയിലെ നഗരങ്ങളിൽ കുറഞ്ഞതു ആറായിരം രൂപ പ്രതിമാസ മുറി വാടക നൽകിയാണ് സ്റ്റുഡിയോകളുടെ പ്രവർത്തനം. കെട്ടിടം ഉടമകൾ വൻതുക സെക്യുരിറ്റിയായും ഈടാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ സെക്യുരിറ്റിയും മാസം എണ്ണായിരം രൂപ വാടകയും നൽകിയാണ്  250 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള മുറിയിൽ സ്റ്റുഡിയോ പ്രവർത്തിപ്പിക്കുന്നതെന്നു കൽപറ്റയിലെ ഒരു ഫോട്ടോഗ്രാഫർ പറഞ്ഞു. 
150 ഗ്ലോസി പേപ്പറും അതിൽ ചിത്രങ്ങൾ പ്രിന്റു ചെയ്യുന്നതിനു ആവശ്യമായ കാറ്റ്ഡ്രിജും ഉൾപ്പെടുന്ന പായ്ക്കിനു 1850 രൂപയാണ് ഇപ്പോൾ വില. മാസങ്ങൾ മുമ്പ് ഇത് 1,300 രൂപയായിരുന്നു. രണ്ടായിരം രൂപയാണ് സ്റ്റുഡിയോകളുടെ ശരാശരി വൈദ്യുത ബിൽ. 
പടം എടുപ്പിക്കുന്നവർ പ്രിന്റ് ചെയ്ത കോപ്പി പൊതുവെ ആവശ്യപ്പെടുന്നില്ലെന്നു  കൽപറ്റയിലെ സ്റ്റാർ മൂവീസ് സ്റ്റുഡിയോ ഉടമ പി.ജി. മോഹനൻ പറഞ്ഞു. ഫോട്ടോ ഇ-മെയിൽ ചെയ്താൽ മതിയെന്നാണ് പലരുടെയും നിർദേശം. മുൻകാലങ്ങളിൽ പൊതുപരിപാടികളുടെ സംഘാടകർ ഓരോ പത്രം ഓഫീസിലും നൽകുന്നതിനായി ഫോട്ടോയുടെ പത്തും പന്ത്രണ്ടും കോപ്പി ആവശ്യപ്പെടുമായിരുന്നു. ഈ സ്ഥിതി മാറിയതാണ് പ്രിന്റിംഗ് ലാബുകൾക്കു വലിയ പ്രഹരമായത്. ഡിജിറ്റൽ മാഗസിൻ ജോലികളാണ് ലാബുകൾക്കു കുറച്ചെങ്കിലും ആശ്വാസം. ലാബുകളുടെ വരുമാനത്തിൽ 75 ശതമാനം വരെ കുറവാണ് ഉണ്ടായത്. 
 

Latest News