Sorry, you need to enable JavaScript to visit this website.

ഓൺലൈൻ കാലത്തെ രക്ഷിതാക്കൾ

ഫോൺ അധിക നേരവും ചങ്ങാതിയുടെ കൈകളിലാണ്.  ആരോടും അധികം സംസാരിക്കില്ല. സ്‌കൂൾ വിട്ടു വന്നാൽ മുഴുസമയവും ഓൺലൈൻ കളികളിലായിരിക്കും. ആൾക്കാരോട് എങ്ങനെ പെരുമാറണമെന്നതറിയില്ല. പാഠഭാഗങ്ങൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മക്കളെക്കുറിച്ച് അധിക രക്ഷിതാക്കൾക്കും  പറയാനുള്ള  വിശേഷങ്ങളിൽ ആവർത്തിച്ചു വരുന്ന വാചകങ്ങളാണിത്.  പുതിയ കാലത്ത് മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് കുട്ടികളുടെ മൊബൈൽ ഉപയോഗവും അതുമായി ബന്ധപ്പെട്ട കലഹങ്ങളും പ്രതിസന്ധികളുമാണ്.
സ്മാർട് ഫോണിന്റെ വരവും  ഇൻറർനെറ്റിന്റെ ലഭ്യതയും  വിനോദ വിജ്ഞാന വിനിമയ വിപണന  രംഗത്ത് അഭൂതപൂർവമായ വിസ്‌ഫോടനം സൃഷ്ടിച്ചിട്ടുണ്ട്. തത്തുല്യമായ വെല്ലുവിളികളും പ്രതിസന്ധികളും സമൂഹത്തിലും കുടുംബത്തിലും  സ്വാഭാവികമായും  ഇവ ഉയർത്തുന്നുമുണ്ട്. അവയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുമുള്ള അറിവും കഴിവും ആർജിക്കുന്നവരാണ് കാര്യപ്രാപ്തിയുള്ളവർ. ഡിജിറ്റൽ കാലത്ത് കാര്യപ്രാപ്തിയുള്ള രക്ഷിതാവാണോ നാമോരോരുത്തരും  എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.   
കുട്ടികളെ അടക്കി നിർത്താനാണ് പല രക്ഷിതാക്കളും  തുടക്കത്തിൽ മൊബൈൽ, വീഡിയോ ഗെയിംസ് തുടങ്ങിയവ നൽകുന്നത്. കരച്ചിലടക്കാൻ, അല്ലെങ്കിൽ അടുക്കള ജോലികളിൽ വ്യാപൃതരാകുമ്പോൾ കുട്ടികൾ മറ്റു അപകടങ്ങൾ വരുത്താതിരിക്കാനൊക്കെയാണ് ഏറെ അമ്മമാരും ഇളം പ്രായത്തിൽ തന്നെ കുട്ടികളുടെ കൈകളിലേക്ക് കളിക്കോപ്പ് പോലെ സ്മാർട് ഫോൺ നൽകുന്നത്. വളരെ വലിയ സാഹസത്തിനാണ് അവർ അതു വഴി മുതിരുന്നത്. തൽക്കാല സമാധാനത്തിനു വേണ്ടി ചെയ്യുന്ന നിരുപദ്രവകരമെന്നു തോന്നുന്ന ഈ  കുറുക്കു വഴി പിന്നീട് വലിയ ബാധ്യതയായി മാറുന്നു. 
ഈയിടെയായി  കുട്ടികളിലെ ഓൺലൈൻ ഗെയ്മിംഗ് ത്വര അല്ലെങ്കിൽ അവരുടെ സ്‌ക്രീൻ ടൈം  ഭീതിദമാംവണ്ണം  വർധിച്ചു വരികയാണ്.  വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന നൂറുകണക്കിന് കളികൾ ഓൺ ലൈനിൽ ലഭ്യമാണ് എന്നതാണിതിനു കാരണം. കൂടാതെ വിദ്യാഭ്യാസ പ്രക്രിയയെ സഹായിക്കുന്ന ധാരാളം പഠനാർഹമായ കളികളും മൽസരങ്ങളും ഡിജിറ്റൽ ലോകത്ത് ലഭ്യമാണ്. രസകരങ്ങളായ കഥകളും കാർട്ടൂണുകളും ആവേശം കൊള്ളിക്കുന്ന പോരാട്ടങ്ങളും നിർമ്മിതികളുമൊക്കെ ഇത്തരം കളികളിൽ ചേർത്തിട്ടുണ്ടാവും. കുട്ടികളെ  എളുപ്പത്തിൽ വശത്താക്കുന്ന തരത്തിലാണ് മിക്കവാറും എല്ലാ  ഓൺലൈൻ കളികളും വിനോദങ്ങളും സജ്ജമാക്കിയിട്ടുള്ളത്.  കുട്ടികളിലെ സർഗാത്മകത, ഭാവന, ഭാഷാ നൈപുണി, പ്രശ്‌ന പരിഹാര സിദ്ധി, അപഗ്രഥന ശേഷി, ലക്ഷ്യബോധം തുടങ്ങിയവ ഓൺ ലൈൻ കളികളിൽ ഏർപ്പെടുന്നതിലൂടെ ഒരു പരിധി വരെ വികസിക്കുന്നുണ്ട്. കണ്ണും  കൈയും ദ്രുതഗതിയിൽ ചലിച്ചില്ലെങ്കിൽ ഇത്തരം ഗെയിമുകളിൽ വിജയിക്കുക സാധ്യമല്ല. അതിനാൽ തന്നെ ഓൺലൈൻ ഗെയിമുകൾ കുട്ടികളിലെ ബുദ്ധിപരവും കായികവുമായ സൂക്ഷ്മ നൈപുണികളെ ചെറുതല്ലാത്ത രീതിയിൽ സ്വധീനിക്കുന്നുണ്ട്. 
വീണ്ടും വീണ്ടും തിരികെ വരാനുള്ള പ്രേരണ നൽകിക്കൊണ്ടാണ് ഓരോ കളിയും സംവിധാനിച്ചിരിക്കുന്നത്. ഏതാനും തവണ ഇത്തരം കളികളിൽ ഏർപ്പെടുന്ന കുട്ടികൾ പിന്നീട് അതിലേക്ക് അനായാസേന ആകൃഷ്ടരാവുകയും അവരുടെ ശ്രദ്ധ മറ്റെല്ലാ വിനോദങ്ങളിൽ നിന്നും മാറി ഓൺലൈൻ ഗെയിമിന്റെ മായിക ലോകത്ത് വ്യാപൃതരാവുന്നതും  കാണാം.വളരെ മാരകമായ പല ഗെയിമുകളെ കുറിച്ചും അതിൻെറെ അത്യപകടകരമായ സ്വധീനങ്ങളെക്കുറിച്ചും  നിത്യേന കേട്ടുകൊണ്ടിരിക്കുന്നു. 
ശരാശരി  ഏഴു മണിക്കൂറിൽ കൂടുതൽ കുട്ടികൾ ഓൺ ലൈനിൽ ചെലവഴിക്കുന്നുവെന്നാണ് പാശ്ചാത്യ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. നമ്മുടെ സമൂഹത്തിലും പല കുട്ടികളിലും  ഈ പ്രവണത ഒരു മാനസിക വൈകല്യം  പോലെ വളർന്നു വരുന്നുണ്ട്. അനിയന്ത്രിതമായി ഈ ഉപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കിയ വീടുകളിലെ കുട്ടികൾ സ്മാർട് ഫോണും ഇൻറർനെറ്റും ഇല്ലാതെ ഒഴിവു സമയം തീരെ ചെലവഴിക്കാൻ കഴിയാത്ത തരത്തിൽ അവയ്ക്ക്  അടിപ്പെടുന്നതായി കാണാം. കൂടാതെ അക്രമങ്ങൾ വിഷയമായി വരുന്ന കളികളിൽ ഏർപ്പെടുന്നവരിൽ അധികവും ആക്രമണോത്സുകത ഉള്ളവരായി കാണപ്പെടുന്നുണ്ട്. മാത്രമല്ല, അവരുടെ പെരുമാറ്റങ്ങളിലും സമീപനങ്ങളിലും പല പൊരുത്തക്കേടുകളും പ്രകടമാവുന്നതും കാണാം. 
അനാവശ്യമായ ദേഷ്യം, കലഹപ്രിയത, അനുസരണക്കേട്, പഠനത്തിലുള്ള വിമുഖത, വീട്ടിലെ വിലപ്പെട്ട സാധന സാമഗ്രികൾ നശിപ്പിക്കുക തുടങ്ങി തികച്ചും  അനഭിലഷണീയമായ സ്വഭാവങ്ങളും പ്രതികരണങ്ങളും  അവരെ വീട്ടിലും സ്‌കൂളിലും വേറിട്ട പ്രകൃതക്കാരാക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഇടപഴകാനുള്ള കഴിവ് ഈ  കുട്ടികളിൽ  താരതമ്യേന കുറവായിരിക്കും. കൂട്ടായി ചെയ്യേണ്ട പല കാര്യങ്ങളിലും ഇവർക്ക് വേണ്ടത്ര താൽപര്യം കാണില്ല. ക്രമാതീതമായി ഡിജിറ്റൽ ലോകത്ത് വ്യാപരിക്കുന്ന കുട്ടികളിൽ ഏകാഗ്രത കുറയുന്നതായും പഠന വൈകല്യങ്ങൾ വർധിക്കുന്നതായും ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അമിതമായ ഓൺ ലൈൻ വിനോദങ്ങൾ ഭക്ഷണ ശീലം വരെ തകരാറിലാക്കി ആരോഗ്യം പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യ ജീവിതത്തിന്റെ വലിയ പങ്കും ചെലവഴിക്കാനാവശ്യമായ അറിവും  കഴിവുകളും നേടേണ്ട ചെറിയ പ്രായത്തിലെ വലിയ സമയം ഒറ്റയ്ക്ക്  വീട്ടിന്റെ ഏതെങ്കിലും മൂലയിലിരുന്ന് ഓൺലൈൻ  വിനോദങ്ങളിലേർപ്പെട്ടാൽ പിന്നീട് ഏറെ ദുഃഖിക്കേണ്ടി വരുമെന്ന യാഥാർത്ഥ്യം കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ഉത്തരവാദിത്തമുള്ള രക്ഷിതാക്കൾ ചെയ്യേണ്ട പ്രഥമമായ കാര്യം. ആധുനിക ഉപകരണങ്ങൾ പൂർണമായും കുട്ടികളിൽ നിന്ന് അകറ്റുകയെന്നതല്ല പ്രതിവിധി. വിവേകപൂർവം അവ ഉപയോഗിക്കാൻ അവരെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. മക്കളുമായി കൂടിയാലോചിച്ച് ഓൺലൈൻ സമയം അനുവദിക്കുന്നതാണ് നല്ലത്. കഴിയുന്നതും പൊതുവായി എല്ലാവർക്കും കാണാനും കേൾക്കാനും പറ്റുന്ന ഇടങ്ങളിൽ മാത്രമേ ചെറിയ കുട്ടികൾക്കും കൗമാരക്കാർക്കും  ഇത്തരം  ഉപകരണങ്ങൾ നൽകാവൂ. നമ്മുടെ മക്കൾ മിടുക്കരായിരിക്കാം. അവർക്ക് വേണ്ട കാര്യബോധവും ഉണ്ടായിരിക്കാം. എന്നാൽ അവരുമായി ഓൺലൈനിൽ ഇടപഴകുന്നവരുടെ സ്വഭാവവും ശീലവും നമുക്കറിയാത്തതിനാൽ മക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നത്  കുടുംബങ്ങളിൽ പിന്നീട്  വൻ ഭൂകമ്പങ്ങൾ ഉണ്ടാവാതിരിക്കാൻ സഹായിച്ചേക്കാം. 
കുട്ടികൾ കളിക്കുന്ന ഗെയിമുകൾ, അവർ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ എന്നിവ ഇടയ്‌ക്കൊക്കെ പരിശോധിക്കുന്നത് നന്നായിരിക്കും. ബ്രൗസറിലെ ഹിസ്റ്ററി ടാബ് ഇതിനു സഹായിക്കും. ഓരോരുത്തരുടെയും ഡിജിറ്റൽ ശീലങ്ങൾ നിരീക്ഷിച്ചു അവരുടെ താൽപര്യങ്ങളും  ഇഷ്ടാനിഷ്ടങ്ങളും അപഗ്രഥനം നടത്തിയാണ് പല തരം പരസ്യങ്ങളും ഉൽപന്നങ്ങളും വിപണനം ചെയ്യപ്പെടുന്നത്. അതിനായി വിവിധയിനം  രഹസ്യ സ്‌പൈവേയർകളും ആപ്പഌക്കേഷനുകളും ഓരോ ഫോണിലും കംപ്യൂട്ടറിലും  സമർഥമായി നിക്ഷേപിച്ചു വ്യക്തിപരമായ രഹസ്യങ്ങൾ ചോർത്തി നൽകുന്ന ഇന്റർനെറ്റ് കമ്പനികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 
യു ട്യൂബിൽ നിർദേശിക്കപ്പെടുന്ന ക്ലിപ്പുകളും പ്ലേ സ്‌റ്റോറിൽ പൊന്തി വരുന്ന ആപ്പുകളും ഫേസ് ബുക്കിൽ ഒഴുകിയെത്തുന്ന പരസ്യങ്ങളുമൊക്കെ  ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിനും താൽപര്യത്തിനുമനുസരിച്ചാവുന്നത് ഈ കമ്പനികളുടെ രാപ്പകലുള്ള രഹസ്യ നിരീക്ഷണത്തിന്റെ ഫലമായിട്ടാണെന്നറിയുക. 
മക്കളെ പറഞ്ഞു പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തി വഴി തെറ്റിക്കുകയുമല്ല വേണ്ടത്. മറിച്ച്, ചതിക്കുഴികളെ ബോധ്യപ്പെടുത്തി ഡിജിറ്റൽ സംവിധാനം നൽകുന്ന അനൽപമായ പഠന, വിനോദ, ഗവേഷണ, തൊഴിൽ സാധ്യതകളെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുകയാണ് വേണ്ടത്.

 

Latest News