Sorry, you need to enable JavaScript to visit this website.

യു.എ.ഇ പൊതുമാപ്പ് അവസാനിച്ചു, ഇനി കര്‍ശന പരിശോധന

ദുബായ് - യു.എ.ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു. കാലാവധി നീട്ടില്ലെന്നും ശനിയാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷാനടപടികളില്ലാതെ നാട്ടിലേക്ക് പോകാനോ രേഖകള്‍ ശരിയാക്കി യു.എ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്.

'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായാണ് പൊതുമാപ്പ് സൗകര്യം ഒരുക്കിയത്. ഒക്ടോബര്‍ 31 വരെയാണ് ആദ്യം കാലാവധി പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് ഒരു മാസംകൂടി നീട്ടുകയായിരുന്നു. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് അനധികൃത താമസക്കാര്‍ ഈ കാലയളവില്‍ പിഴയൊടുക്കാതെ രാജ്യം വിട്ടു. താമസരേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നവരും ഏറെയാണ്.

പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് കനത്ത പിഴയും മറ്റു നിയമ നടപടികളും നേരിടേണ്ടിവരും. കഴിഞ്ഞ പൊതുമാപ്പ് കാലാവധിക്ക് ശേഷം നടത്തിയ പരിശോധനയില്‍ പന്ത്രണ്ടായിരത്തിലേറെ പേര്‍ പിടിയിലായിരുന്നു. പിഴയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളുമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. നിയമലംഘകരെ ജോലിക്കെടുക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 50,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കിയവരുടെ പിഴ എഴുതിത്തള്ളുകയാണ് ചെയ്തത്. ലക്ഷങ്ങളുടെ പിഴയാണ് ഈയിനത്തില്‍ യു.എ.ഇ. എഴുതിത്തള്ളിയത്. ആര്‍ക്കും യാത്രാനിരോധനമില്ല എന്നതും ഇത്തവണത്തെ പൊതുമാപ്പിന്റെ സവിശേഷതയായിരുന്നു. പുതിയജോലി കണ്ടെത്താന്‍ ആറുമാസത്തെ താത്കാലിക വിസ അനുവദിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തുണയായി.

ആറുവര്‍ഷത്തിനുശേഷമാണ് യു.എ.ഇ. യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ പൊതുമാപ്പ് ആനുകൂല്യം നേടിയ ഇന്ത്യക്കാരുടെ എണ്ണം മുന്‍കാലങ്ങളിലേക്കാള്‍ കുറവായിരുന്നു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും പ്രവാസി സംഘടനകളും നടത്തുന്ന നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് എംബസി അധികൃതര്‍ പറഞ്ഞു. 

Latest News