Sorry, you need to enable JavaScript to visit this website.

കര്‍ഷകര്‍ ചോദിക്കുന്നത് സമ്മാനമല്ല, അവകാശമെന്ന് രാഹുല്‍; കര്‍ഷക മാര്‍ച്ചില്‍ പ്രതിപക്ഷ നേതാക്കളും 

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ രണ്ടു ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അടക്കം നിരവധി പ്രതിപക്ഷ നേതാക്കള്‍ കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സമര വേദിയിലെത്തി. സമരത്തെ അഭിസംബോധന ചെയ്ത രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചു. പ്രതിസന്ധിയിലായ രാജ്യത്തെ കര്‍ഷകര്‍ മോഡിയോട് ചോദിക്കുന്നത് സമ്മാനമല്ലെന്നും അവരുടെ അവകാശങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. 15 വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ മോഡി സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടുണ്ട്. ഇതു ചെയ്യാമെങ്കില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാനും കഴിയും. കര്‍ഷകര്‍ ആവശ്യപ്പെടുന്നത് അവരുടെ അവകാശമാണ്. മോഡി സംസാരിക്കുന്നത് അനില്‍ അംബാനിയെ പോലുള്ള വമ്പന്‍ വ്യവസായികള്‍ക്കു വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു.

വ്യത്യസ്ത ആശയധാരകള്‍ പിന്തുടരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ ഇവിടെ കര്‍ഷകര്‍ക്കൊപ്പം അണിനിരന്നത് ഈ രാജ്യത്തിനും ഇവിടുത്തെ കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയാണ്. കര്‍ഷകരെയും യുവജനങ്ങളേയും അവഹേളിക്കുന്ന സര്‍ക്കാരുകള്‍ക്ക് നിലനില്‍പ്പില്ല. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അതിനു വേണ്ടി നിയമ ഭേദഗതി അടക്കം എന്തും ചെയ്യാന്‍ ഒരുക്കമാണ്- രാഹുല്‍ പറഞ്ഞു. ഈ രാജ്യം മുന്നോട്ടു കൊണ്ടു പോകുന്നത് ഒരു വ്യക്തിയല്ല, അത് പ്രഭാതം മുതല്‍ വൈകുവോളം പാടത്ത് പണിയെടുക്കുന്ന എണ്ണമറ്റ കര്‍ഷകരാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജ് രിവാളും കര്‍ഷകരെ അഭിസംബോധന ചെയ്തു. അവകാശങ്ങള്‍ ചോദിച്ച് ഏറെ വേദന സഹിച്ച് കര്‍ഷകര്‍ക്ക് ദല്‍ഹി വരെ എത്തേണ്ടി വന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയാറാകണം. സ്വാമിനാഥന്‍ റിപോര്‍ട്ട് നടപ്പിലാക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മോഡി സര്‍ക്കാര്‍ ഇതു നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയാണ് ചെയ്തത്. പ്രധാനമന്ത്രി കര്‍ഷകരെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത്. അഞ്ചു മാസം കൂടി അധികാരം കയ്യിലുണ്ട്. മോഡി ഉടന്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കുകയാണ് വേണ്ടത്- കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കര്‍ഷക സമരത്തെ അഭിസംബോധന ചെയ്തു. കര്‍ഷകരും പിന്നാക്കക്കാരും ഒറ്റക്കെട്ടാണെന്നും ബി.ജെ.പി താഴെയിറ്ക്കി ഇവര്‍ ബദല്‍ സര്‍ക്കാരിനെ അധികാരത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ കാലത്തെ കാര്‍ഷിക വളര്‍ച്ചയേക്കാള്‍ മോഡി സര്‍ക്കാരിന്റെ കാലത്തെ വളര്‍ച്ച ഇടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Latest News