'അയോധ്യ വേണ്ട, വായ്പ തള്ളൂ'; ദല്‍ഹിയില്‍ ലക്ഷത്തിലേറെ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നു

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് താക്കീതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വരുന്ന കര്‍ഷകര്‍ ദല്‍ഹിയില്‍ വന്‍ മാര്‍ച്ച് നടത്തുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ഷക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. വായ്പ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ മിനിമം താങ്ങു വിലയില്‍ സംഭരിക്കുന്നത് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള രണ്ട് ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാംലീല മൈതാനത്ത് തമ്പടിച്ച കര്‍ഷകര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ അഞ്ചു വഴികളിലൂടെയാണ് വ്യാഴാഴ്ച രാത്രിയോടെ ദല്‍ഹിയിലെ രാംലീല മൈതാനത്ത് സംഗമിച്ചത്. അയോധ്യ വേണ്ട, വായ്പ എഴുതിത്തള്ളൂ... എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു തുടക്കം. പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3,500 പോലീസുകാരെയാണ് പ്രത്യേകമായി വിന്യസിച്ചിരിക്കുന്നത്.

ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും മാര്‍ച്ചിനെത്തിയത്. മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ 207 കര്‍ഷക സംഘടനകളുടെ പ്രാതിനിധ്യമുണ്ട്. ഇടതു പക്ഷ കര്‍ഷക സംഘടനകളാണ് സമരത്തിന്റെ മുന്‍നിരയിലുള്ളത്. ദല്‍ഹിയിലെ കൊടുംതണുപ്പ് അവഗണിച്ചാണ് കര്‍ഷകരുടെ പ്രക്ഷോഭം. 

സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സഹായങ്ങളുമായി ഡോക്ടര്‍മാരും അഭിഭാഷകരും അടക്കമുള്ള പ്രൊഫഷണലുകളും രംഗത്തെത്തി. നേഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവര്‍ കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തു. വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കൊപ്പം അണിനിരന്നു. 

Latest News