തിരുവനന്തപുരം-സെക്രട്ടേറിയറ്റിനകത്തും പുറത്തെ വേദികളിലും മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുപരിപാടികളില്‍ എത്തുന്ന മുഖ്യമന്ത്രിയോടും മന്ത്രിമാരോടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരായുന്നതിനാണ് വിലക്ക്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ ഇടപെടുന്നത് സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് വിശദീകരണം.
വിശിഷ്ടവ്യക്തികള്‍ മാധ്യമങ്ങളുമായി സംസാരിക്കണമോയെന്ന് മുന്‍കൂട്ടി നിശ്ചയിച്ചാല്‍ മാത്രമേ ഇനി അതിന് അവസരമുണ്ടാകൂ. പബ്ലിക് റിലേഷന്‍സ് വകുപ്പൊരുക്കുന്ന സ്ഥലങ്ങളില്‍ മാത്രമാകും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം. പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കല്‍, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകള്‍ എന്നിവക്കെല്ലാം നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളും മന്ത്രിമാരും പബ്ലിക് റിലേഷന്‍സ് വകുപ്പു മുഖേന മാത്രമേ മാധ്യമങ്ങളോട് സംവദിക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നു.
ജില്ലാ തലങ്ങളില്‍ വിവിധ വകുപ്പുകള്‍ പത്രമോഫീസുകളില്‍ നേരിട്ട് വാര്‍ത്ത നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ/മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നിവക്ക് നിലവിലെ രീതി തുടരും. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്ത്തകര്ക്കുമാത്രമാകും ഇവിടെ പ്രവേശനം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ സ്ഥിരം മാധ്യമകേന്ദ്രങ്ങള്‍ തുടങ്ങണം. അറിയിപ്പുകള് സമയബന്ധിതമായി നല്കാന് മൊബൈല്‍ ആപ്പ് തയ്യാറാക്കാനും പി.ആര്.ഡി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.






