Sorry, you need to enable JavaScript to visit this website.

ലഡുവിന്റെ മധുരവുമായി ഗായത്രി

ഗായത്രി അശോക്  

കാവ്യക്കും സംവൃതയ്ക്കും ശേഷം മലയാള സിനിമയിലേയ്ക്ക് മറ്റൊരു കണ്ണൂരുകാരി കൂടിയെത്തുന്നു, ഗായത്രി അശോക്. 
അരുൺ ജോർജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു എന്ന ചിത്രത്തിലൂടെയാണ് ഗായത്രി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ചെന്നൈയിലെ ആർ.ആർ. ഡൊൺലി എന്ന ചിക്കാഗോ ആസ്ഥാനമായുള്ള മൾട്ടി നാഷണൽ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായിരിക്കേയാണ് ഗായത്രി സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തുന്നത്. കണ്ണൂർ ഡിവൈ.എസ്.പി അശോകിന്റെയും സീരിയൽ നടി ബിന്ദുവിന്റെയും മകളാണ് ഗായത്രി.
പേരു പോലെ മധുരമുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ലഡു. കമിതാക്കൾ ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്യാനൊരുങ്ങുന്നതും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഒളിച്ചോട്ട കല്യാണമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇതിനായി സുഹൃത്തുക്കൾ സൗകര്യങ്ങൾ ഒരുക്കുമ്പോഴുണ്ടാകുന്ന അബദ്ധങ്ങളും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം കോർത്തിണക്കിയാണ് കഥ പുരോഗമിക്കുന്നത്. ആദ്യസിനിമ നൽകിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഗായത്രി.

ലഡുവിന്റെ പ്രതികരണം?
ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഫേസ്ബുക്കിലൂടെയും മറ്റും നിരവധി പേർ അഭിനന്ദനം അറിയിക്കുന്നുണ്ട്. ചിത്രം പുറത്തിറങ്ങിയ ദിവസംതന്നെ ഞങ്ങളെല്ലാം ഒന്നിച്ചാണ് കാണാൻ പോയത്. സ്‌ക്രീനിൽ എന്നെ കണ്ടപ്പോൾ സന്തോഷംകൊണ്ട് കരച്ചിലാണ് വന്നത്. കരഞ്ഞുകൊണ്ടാണ് ചിത്രം കണ്ടുതീർത്തത്. ജീവിതത്തിൽ ഇത്രയധികം സന്തോഷിച്ചിട്ടില്ല. കഥാപാത്രം നന്നായി എന്ന് പലരും പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.

കഥാപാത്രത്തെക്കുറിച്ച്?
ഏയ്ഞ്ചൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. തൃശൂർ ഭാഷ സംസാരിക്കുന്ന വളരെ ബോൾഡായ പെൺകുട്ടിയാണ് ഏയ്ഞ്ചൽ. യഥാർത്ഥ സ്വഭാവവുമായി യാതൊരു സാമ്യവുമില്ല ഏയ്ഞ്ചലിന്. എല്ലാവരോടും ദേഷ്യത്തോടെ മാത്രമേ പ്രതികരിക്കാറുള്ളു. ആരെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്താൽപോലും നന്ദി പ്രകടിപ്പിക്കാറില്ല. ചിരിക്കുക പോലും ചെയ്യുന്നില്ല. ഒന്നിനേയും പേടിക്കാത്ത പ്രകൃതമാണ് ഏയ്ഞ്ചലിന്റേത്. നാണം കുണുങ്ങിയും ആരോടും അധികം സംസാരിക്കാത്ത പ്രകൃതവുമായിരുന്നു എന്റേത്. കഥാപാത്രത്തെ അവതരിപ്പിച്ചതുകണ്ട് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചോദിച്ചത് നിനക്കെങ്ങിനെയാണ് ചിരിക്കാതെ അഭിനയിക്കാൻ കഴിഞ്ഞത് എന്നാണ്.

സിനിമയിലേയ്ക്കുള്ള വഴി?
ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യവേയാണ് സിനിമയിലെത്തുന്നത്. തിരക്കഥാകൃത്തായ സാഗർ സത്യന്റെ സുഹൃത്ത് വഴിയാണ് തൃശൂരിൽ ഒഡീഷനുണ്ടെന്നറിഞ്ഞത്. അമ്മയാണ് അപേക്ഷയും ഫോട്ടോയുമെല്ലാം അയച്ചുകൊടുത്തത്. കുട്ടിക്കാലംതൊട്ടേ സിനിമയിൽ വേഷമിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇത്രവേഗം അവസരം ലഭിക്കുമെന്ന് കരുതിയില്ല. കൂടുതൽ പഠിക്കണം. വിദേശത്തു പോകണം എന്നെല്ലാമായിരുന്നു പ്ലാൻ. ഇതിനിടയിലായിരുന്നു ഒഡീഷന് ക്ഷണം ലഭിച്ചത്. തൃശൂരിലായിരുന്നു ഒഡീഷൻ. ഒട്ടേറെ പേരുണ്ടായിരുന്നു. മൂന്ന് റൗണ്ടായിരുന്നു ഒഡീഷൻ. അവസാന റൗണ്ടിലെത്തിയപ്പോൾ ഞങ്ങൾ മൂന്നുപേർ മാത്രമായി. ഒടുവിലാണ് സംവിധായകൻ അരുൺ ജോർജ് കെ. ഡേവിഡ് സെലക്ഷനായ വിവരം അറിയിച്ചത്. ചിത്രീകരണത്തിനു മുന്നോടിയായി പത്തു ദിവസത്തോളം പരിശീലന ക്യാമ്പുണ്ടായിരുന്നു. കൂടാതെ സ്‌കൂട്ടർ ഓടിക്കാനും പഠിപ്പിച്ചു. ക്യാമറയെ എങ്ങനെ അഭിമുഖീകരിക്കണമെന്നെല്ലാം പറഞ്ഞുതന്നു. ക്യാമ്പിലൂടെ കൂടെയുള്ളവരുമായെല്ലാം അടുത്തറിയാൻ കഴിഞ്ഞത് അഭിനയത്തിന് ഏറെ സഹായകമായി.
ജോലിയിൽ ചേർന്നിട്ട് ഒരുവർഷമാകുന്നതേ ഉണ്ടായിരുന്നുള്ളു. നീണ്ട അവധിയൊന്നും നൽകാൻ അവർ തയ്യാറായില്ല. ഒടുവിൽ ജോലി രാജിവച്ച് അഭിനയിക്കാനിറങ്ങുകയായിരുന്നു.

ലൊേക്കഷൻ വിശേഷങ്ങൾ?
ആദ്യത്തെ സീൻ ഞാനൊറ്റക്കായിരുന്നു. കോമ്പിനേഷൻ സീനാണെങ്കിൽ ഒരു ധൈര്യമുണ്ടായിരുന്നു. മേക്കപ്പ് കഴിഞ്ഞു വന്നപ്പോൾ ടെൻഷൻകൊണ്ട് ഒന്നും പറയാൻപോലും കഴിയുന്നില്ല. നിറയെ ആളുകൾ നോക്കുന്നുമുണ്ട്. എനിക്ക് പറ്റില്ല, നമുക്ക് പോകാം എന്ന് അമ്മയോടു പറഞ്ഞു. അഭിനയിച്ചു ഫലിപ്പിക്കാനാവുമോ എന്നായിരുന്നു പേടി. എന്നാൽ കിട്ടിയ അവസരം പാഴാക്കരുതെന്നും നിനക്ക് കഴിയുമെന്നും ഉപദേശിച്ച് ധൈര്യം പകർന്നത് അമ്മയായിരുന്നു. കൂടാതെ സംവിധായകനും കൂടെ വേഷമിട്ടവരുമെല്ലാം നന്നായി സഹായിച്ചു. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ട്രാക്കിലെത്തി. അങ്ങനെയാണ് ഏയ്ഞ്ചലിനെ ഭംഗിയാക്കാൻ കഴിഞ്ഞത്.

അമ്മയുടെ വിശേഷങ്ങൾ?
അമൃതാ ടി.വി സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി അമ്മയും പങ്കെടുത്തിരുന്നു. തുടർന്ന് പാട്ടിന്റെ പാലാഴി, പ്രണയം, ഏഴാം സൂര്യൻ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. പാട്ടുകളുടെ പാട്ട്, കഥയിലെ രാജകുമാരി, സ്‌നേഹവീട്, രാത്രിമഴ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. എതിർവീട്ടിൽ പയ്യൻ എന്ന തമിഴ് സീരിയലിലും വേഷമിട്ടിരുന്നു. സീരിയൽ അഭിനയത്തിലൂടെ ഭരത് മുരളി സ്‌പെഷ്യൽ അവാർഡിനും അമ്മ അർഹയായിട്ടുണ്ട്.

വിദ്യാഭ്യാസം?
പത്താം ക്ലാസുവരെ തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചത്. പ്ലസ് ടുവിന് കൊച്ചിയിലെ ടോക് എച്ച് പബ്ലിക് സ്‌കൂളിൽ ചേർന്നു. ചെന്നൈ എസ്.ആർ.എം യൂനിവേഴ്‌സിറ്റിയിൽനിന്നാണ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത്. തുടർന്നാണ് ഗ്രാഫിക് ഡിസൈനറായി ജോലി ലഭിക്കുന്നത്.

കുടുംബത്തിന്റെ പിന്തുണ?
അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും കലാതൽപരനാണ്. അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കുന്നതിൽ എതിർപ്പില്ല. കൂടാതെ അമ്മയും കലാലോകത്തുള്ളതിനാൽ നല്ല പിന്തുണയുണ്ട്. സഹോദരൻ ഗൗതമിനും ഏറെ സന്തോഷമാണുള്ളത്. അമ്മയാണ് എല്ലാത്തിനും പിന്നിലുള്ളത്. ഷൂട്ടിംഗിന് ഒപ്പം വരുന്നതും കാര്യങ്ങളെല്ലാം നോക്കുന്നതുമെല്ലാം അമ്മയാണ്. ഓരോ ദിവസത്തെയും ഷൂട്ട് കഴിഞ്ഞാൽ അടുത്ത ദിവസത്തെ സ്‌ക്രിപ്റ്റ് വായിച്ച് പഠിപ്പിച്ചേ ഉറങ്ങാൻ വിടുമായിരുന്നുള്ളു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സപ്പോർട്ട് നൽകുന്നതിനാൽ സിനിമയിൽതന്നെ തുടരണമെന്നാണ് ആഗ്രഹം.

അഭിനയ പരിശീലനം?
ലഡുവിന്റെ ചിത്രീകരണം കഴിഞ്ഞപ്പോഴാണ് അഭിനയം പഠിക്കണമെന്ന മോഹമുദിച്ചത്. ചെന്നൈയിലെ കൂത്തുപട്ടരിയിൽ പഠിച്ച ഒട്ടേറെ പേർ സിനിമയിലുണ്ട്. വിജയ് സേതുപതിയും പശുപതിയുമെല്ലാം അവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. മൂന്നുമാസത്തെ പരിശീലനത്തിനാണ് അവിടെ ചേർന്നത്. 24 പേരുണ്ടായിരുന്ന ക്ലാസിൽ പെൺകുട്ടിയായി ഞാൻ മാത്രമേയുണ്ടായിരുന്നുള്ളു. അഭിനയം പഠിപ്പിക്കുകയല്ല, നമ്മുടെ ഉള്ളിലുള്ള അഭിനേതാവിനെ ഉണർത്തുകയാണ് അവിടെ ചെയ്യുന്നത്. ഒരു അഭിനേത്രി എന്ന നിലയിലുള്ള എന്റെ കാഴ്ചപ്പാടു തന്നെ മാറിയത് അവിടെ എത്തിയപ്പോഴാണ്. യോഗയും സ്റ്റണ്ടും മെയ്‌വഴക്കവുമെല്ലാം അവിടെ പരിശീലിപ്പിക്കുന്നുണ്ട്. പഠനം പൂർത്തിയായപ്പോൾ ശരിക്കും ഒരു ആത്മവിശ്വാസം കൈവന്നു.

ഭാവി പദ്ധതികൾ?
സിനിമയിൽ സജീവമാകുകയാണ് ലക്ഷ്യം. ഒട്ടേറെ പേർ അവസരത്തിനായി കാത്തുനിൽക്കുന്നുണ്ട്. എന്നാൽ അധികം ബുദ്ധിമുട്ടാതെയാണ് എനിക്ക് അവസരം ലഭിച്ചത്. അതുകൊണ്ടുതന്നെ കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കുകയാണ് ഇനിയുള്ള ദൗത്യം. നല്ല സിനിമകളുടെ ഭാഗമാകണം. അതിനായി ചില കഥകൾ കേൾക്കുന്നുണ്ട്. അടുത്ത ചിത്രം വൈകാതെ ഉണ്ടാകുമെന്നു തോന്നുന്നു.

Latest News