Sorry, you need to enable JavaScript to visit this website.

ലോകത്തെ ഞെട്ടിച്ച ചലച്ചിത്രകാരൻ

ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതിയുമായി ബെർട്ടലൂച്ചി. 
ഒമ്പത് ഒസ്‌കർ അവാർഡുകൾ നേടിയ ദി ലാസ്റ്റ് എംപറർ എന്ന  ചിത്രത്തിൽനിന്ന്. 
ബെർണാർഡോ ബെർട്ടലൂച്ചി. 

തന്റെ പ്രതിഭ കൊണ്ട് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച സംവിധായകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബെർണാർഡോ ബെർട്ടലൂച്ചി. അര നൂറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തിനിടെ അദ്ദേഹം സിനിമ എന്ന കലക്ക് നൽകിയ മാനങ്ങൾ അപാരമാണ്. അഭ്രപാളികളിൽ ദൃശ്യവിസ്മയം തീർത്ത അദ്ദേഹം ക്യാമറ കൊണ്ട് കവിതയെഴുതി, ഒപ്പം സിനിമയിലെ ലൈംഗികതയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദത്തിനും കാരണക്കാരനായി.
ഫാസിസം മുതൽ ആത്മീയത വരെ, സാമ്രാജ്യത്വം മുതൽ കമ്യൂണിസം വരെ, ചരിത്രം മുതൽ ആധുനികത വരെ... അദ്ദേഹത്തിന്റെ സിനിമകൾ സഞ്ചരിക്കാത്ത ഇടമില്ല. ഇറ്റാലിയൻ സിനിമയിൽ തുടങ്ങി ഹോളിവുഡിലേക്ക് വളർന്ന അദ്ദേഹം ലോക സിനിമയിലെതന്നെ എക്കാലത്തെയും അതികായന്മാരിൽ ഒരാളായി ഗണിക്കപ്പെടുന്നു.
1987ൽ ഇറങ്ങിയ ദി ലാസ്റ്റ് എംപറർ ആണ് അദ്ദേഹത്തിന് ഓസ്‌കർ അവാർഡ് നേടിക്കൊടുത്തത്. മികച്ച സിനിമയും സംവിധായകനുമടക്കം ഒമ്പത് അക്കാദമി അവാർഡുകൾ ഈ ചിത്രം വാരിക്കൂട്ടി. ചൈനയുടെ അവസാന ചക്രവർത്തിയായ പൂ യിയുടെ കഥയാണത്. മൂന്നാം വയസ്സിൽ ചക്രവർത്തിയായി അവരോധിതനായ പൂ യി പിന്നീട് കിരീടവും ചെങ്കോലുമെല്ലാം നഷ്ടപ്പെട്ട്, അധികാരത്തിൽനിന്നും അതിന്റെ സുഖലോലുപതയിൽനിന്നുമെല്ലാം നിഷ്‌കാസിതനാവുന്ന ചരിത്രം. ഒന്നുമല്ലാതായി അവസാന നാളുകളിൽ ഒരു ഒറ്റമുറി വീട്ടിൽ തീർത്തും അവഗണിക്കപ്പെടുന്ന പൂ യി പ്രേക്ഷകരുടെ നൊമ്പരമാവുന്നു. 


1970ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ദി കൺഫേമിസ്റ്റ്' ലോക സിനിമിയിലെ തന്നെ എക്കാലത്തെയും വലിയ മാസ്റ്റർപീസുകളിലൊന്നാണ്. ഫാസിസ്റ്റ് ഭരണത്തിലെ ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളായിരുന്നു ചിത്രത്തിന്റെ പ്രമേയം. 1900 എന്ന ചിത്രമാവട്ടെ ആധുനിക ലോകത്തിലെ തൊഴിലാളികളുടെ കഥ പറയുന്നു.
1972ൽ ഇറങ്ങിയ ലാസ്റ്റ് ടാംഗോ ഇൻ പാരീസ്, എക്കാലത്തെയും വിവാദ സിനിമ എന്ന പേരിലാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. ഒരു രതി രംഗത്തിന്റെ പേരിലായിരുന്നു അത്. മർലൻ ബ്രാന്റോയും, മരിയ ഷ്‌നീഡറും അഭിനയിച്ച ചിത്രത്തിലെ ഒരു സെക്‌സ് രംഗം ഇന്നും സിനിമാ ലോകത്ത് വിവാദമാണ്. സിനിമയിലെ പരിപൂർണതക്കുവേണ്ടി അങ്ങേയറ്റം വരെ പോയ ബെർട്ടലൂച്ചി എല്ലാ പരിധിയും ലംഘിച്ചുവെന്നതായിരുന്നു വിമർശനം. തനിക്ക് ബലാത്സംഗം ചെയ്യപ്പെട്ടതുപോലെ തോന്നിയെന്നാണ് ആ രംഗം അഭിനയിച്ച അന്ന് കൗമാരക്കാരിയായ നടി മരിയ പിന്നീട് പറഞ്ഞത്. സിനിമയിലെ ആദ്യ മീ ടൂ വെളിപ്പെടുത്തൽ എന്നാണ് അതേക്കുറിച്ച് പറയപ്പെടുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് 1941ലാണ് ഇറ്റലിയിലെ പാർമയിൽ ബെർട്ടലൂച്ചിയുടെ ജനനം. കവിയും ചരിത്രകാരനുമായിരുന്ന അറ്റിലോ ബെർട്ടലൂച്ചിയായിരുന്നു പിതാവ്. അമ്മ നിനേറ്റ അധ്യാപികയും. കുട്ടിക്കാലത്തേ സിനിമയിൽ അഭിനിവേശം കാണിച്ച ബെർണാഡോയെ ആ വഴിയിലേക്ക് തിരിച്ചുവിട്ടത് പിതാവ് തന്നെ. 
സംവിധായകൻ പിയർ പോളോ പസോളിനിക്ക് മകനെ പരിചയപ്പെടുത്തിയും പിതാവ്. 1961ൽ പസോളിനിയുടെ അക്കാറ്റോൺ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോൾ ബെർട്ടലൂച്ചിക്ക് പ്രായം 20. 
കവിയായ അഛനും, ഗുരുവായ പസോളിനിയും ഒരു പോലെ സ്വാധീനിച്ചിട്ടുണ്ട് ബെർട്ടലൂച്ചിയിൽ. കവിതാത്മകമായ ദൃശ്യങ്ങൾ ബെർട്ടലൂച്ചി ചിത്രങ്ങളുടെ പ്രത്യേകതയാണ്. സെക്‌സും ആത്മീയതയുമെല്ലാം ഉൾക്കൊള്ളുന്ന പ്രമേയങ്ങൾ നിയോറിയലിസ്റ്റ് ശൈലിയിൽ അവതരിപ്പിച്ച സംവിധായകനായിരുന്നു 1950കളിൽ ഇറ്റാലിയൻ സിനിമയിൽ തിളങ്ങിനിന്ന പസോളിനി. എന്നാൽ ദൃശ്യങ്ങൾ ഒരുക്കുന്നതിൽ തന്റെ ഗുരുവിനെക്കാൾ ഏറെ മുന്നിലെത്തി ബെർട്ടലൂച്ചി. 
അമച്വർ നടീനടന്മാരായിരുന്നു പസോളിനിയുടെ ചിത്രങ്ങളിൽ അഭിനയിച്ചതെങ്കിൽ മർലൻ ബ്രാന്റോയെ പോലെ ഹോളിവുഡ് താരങ്ങളായിരുന്നു ബെർട്ടലൂച്ചി ചിത്രങ്ങളിൽ അഭിനയിച്ചത്.
താളാത്മകമായി നീങ്ങുന്ന ദൃശ്യങ്ങളായിരുന്നു ബെർട്ടലൂച്ചി ചിത്രങ്ങളുടെ പ്രത്യേകത. വിശാലമായ പശ്ചാത്തലങ്ങൾ മെല്ലെ ഒഴുകുന്നതുപോലെ തോന്നും. ദി ലാസ്റ്റ് എംപറർ അത്തരമൊരു ദൃശ്യാനുഭവം നൽകുന്ന ചിത്രമാണ്. ചിത്രം കണ്ടു കളിയുമ്പോൾ പ്രേക്ഷകന്റെ മനസ്സ് ഒന്ന് വികസിക്കും.


1962ൽ പുറത്തിറങ്ങിയ ലാ കൊമേർ സെക്കയാണ് ബെർട്ടലൂച്ചി സ്വന്തം നിലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. രണ്ട് വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ചിത്രമായ ബിഫോർ ദി റെവലൂഷൻ തയാറാക്കിയെങ്കിലും പുറത്തിറങ്ങിയത് 1970ലാണ്. അതിന് ഓസ്‌കാർ നോമിനേഷൻ ലഭിച്ചു. 
2012ൽ പുറത്തിറങ്ങിയ മീ ആന്റ് യൂ അടക്കം മൊത്തം രണ്ട് ഡസൻ ചിത്രങ്ങൾ. പാർട്ട്‌നർ (1968), ലാ ലൂണ (1979), ട്രാഡജി ഓഫ് എ റിഡിക്യുലസ് മാൻ (1981), ദി ഷെൽറ്ററിംഗ് സ്‌കൈ (1990), ലിറ്റിൽ ബുദ്ധ (1993), സ്റ്റീലിംഗ് ബ്യൂട്ടി (1996), ദി ഡ്രീമേഴ്‌സ് (2003) എന്നിവയെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. ഇവയ്ക്കുപുറമെ ഏതാനും ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയുമെഴുതി.
എട്ട് ഇറ്റാലിയൻ സംവിധായകർക്ക് ഓസ്‌കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. പക്ഷെ അവാർഡ് കിട്ടിയത് ഒരേയൊരാൾക്കുമാത്രം, ബെർണാർഡോ ബെർട്ടലൂച്ചിക്ക്. ഓസ്‌കറിനുപുറമെ തന്റെ സമഗ്ര സംഭാവനകൾക്ക് 2007ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ ബെർട്ടലൂച്ചിക്ക് ഗോൾഡൻ ലയൺ അവാർഡ് ലഭിച്ചു. 2011ലെ കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഓറും. 2013ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതിയും.

Latest News