അവളിപ്പോൾ എവിടെയായിരിക്കും?. എങ്ങനെയായിരിക്കും അവളുടെ രൂപം? വളർന്ന് വലുതായി, മൂക്കത്തിപ്പോഴും ആ പഴയ ശുണ്ഠിയുമായി, ചിലപ്പോൾ കല്യാണമൊക്കെ കഴിഞ്ഞു കുടുംബിനിയായി. അവളിപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമോ? ഒരുപക്ഷേ മണിക്കൂറുകളോളം തമോഗർത്തത്തിൽ കിടന്ന് പിടഞ്ഞു ശ്വാസം മുട്ടി മരണത്തോട്, ആകാതിരിക്കട്ടെ. അങ്ങനെയൊന്നും ഓർക്കാൻ പോലും വയ്യ!
അപൂർണ്ണമായ ഇത്തരം ചോദ്യങ്ങളിലൂടെയും ഉത്തരം തേടിയുള്ള ആത്മഭാഷണങ്ങളിലൂടെയും അലഞ്ഞു നടക്കാറുണ്ട്. അവളോട് മുഖ സാദൃശ്യം തോന്നുന്ന കൊച്ചു പെൺകുട്ടികളെ കാണുമ്പോഴൊക്കെ പരിഭവവും കുസൃതിയും വിഷാദവും വിഭിന്ന ഭാവങ്ങളുടെ മഴവില്ല് വിരിയുന്ന ആ വശ്യ മനോഹര മുഖവും കാലങ്ങൾ എത്രയോ കടന്നു പോയിട്ടും മനസ്സിൽ നിന്നും തേഞ്ഞു മാഞ്ഞു പോകാത്തതെന്തുകൊണ്ടാണ്?
സീന എന്ന പെൺകുട്ടിയെ കുറിച്ചുള്ള ഓർമ്മകൾ ആരംഭിക്കുന്നത് സ്‌കൂൾ പഠന കാലത്താണ്. ഒരു ദിവസം ഞങ്ങൾ കുട്ടികളിൽ ആഹ്ലാദവും കൗതുകവും നിറച്ച് സ്‌കൂൾ മൈതാനത്ത് ഒരു ചെറിയ കൂടാരം ഉയർന്നു. കൂടാരത്തിനു പുറത്തെ വർണ്ണക്കടലാസിൽ വെട്ടിത്തിളങ്ങുന്ന ഒരു ചെറിയ ബോർഡ് തൂങ്ങിയാടി. 'മജീദ് ഖാൻ സർക്കസ്'. കൂടാരത്തിന്റെ ഉച്ചിയിൽ നിന്നും പുറത്തേക്കു തള്ളി നിൽക്കുന്ന മുളന്തൂണിലെ ഉച്ചഭാഷിണിയിൽ നിന്നും പുറപ്പെടുന്ന ശബ്ദഘോഷങ്ങൾ ഞങ്ങളുടെ ഗ്രാമമാകെ ഒഴുകി.
നാട്ടുകാരെ, ഇന്ന് മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വമ്പിച്ച കലാപരിപാടികൾ, ഗാനമേള, റെക്കോർഡ് ഡാൻസ്, മാജിക്, സാഹസിക പ്രകടനങ്ങൾ. വരുവിൻ കാണുവിൻ ആസ്വദിക്കുവിൻ .... മജീദ് ഖാൻ സർക്കസ്. ഇന്ന് മുതൽ ഒരാഴ്ചക്കാലം നിങ്ങളെ ആനന്ദ ലഹരിയിലാറാടിക്കുവാൻ.
മാജിക്കും സർക്കസുമൊക്കെ അപൂർവ സംഭവങ്ങളായിരുന്ന ആ കാലത്ത് മജീദ് ഖാൻ സർക്കസ് ഗ്രാമമാകെ കത്തിപ്പടരാൻ അധിക സമയം വേണ്ടിവന്നില്ല. വൈകുന്നേരമാകുമ്പോഴേക്കും സ്‌കൂൾ പരിസരം ജാനബാഹുല്യത്താൽ വീർപ്പു മുട്ടി. കാണികളിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. നീട്ടിക്കുറുകിയ ഒരു പ്രത്യേക താളത്തിലുള്ള അനൗൺസ്‌മെന്റും തുടർന്ന് സിനിമാപ്പാട്ടുകളും അവിടെയാകെ മുഴങ്ങി.
ഇതാ ഞങ്ങളിതാ വരുന്നു, നിങ്ങളുടെ സമക്ഷത്തിലേക്ക്. മണിക്കൂറുകളോളം നിങ്ങളെ വിസ്മയക്കാഴ്ചയിലാറാടിക്കാൻ.. നിങ്ങൾ ഇന്നേവരെ ദർശിക്കാത്ത സാഹസിക സർക്കസ് പ്രകടനങ്ങളുമായി മജീദ് ഖാൻ. വിസ്മയം നിറക്കുന്ന കൺകെട്ട് ജാല വിദ്യയുമായി മെജീഷ്യൻ ബാബു ....നൃത്ത നൃത്യങ്ങളുമായി കൊച്ചു സുന്ദരി സീന .....'
മജീദ് ഖാൻ സർക്കസ് അരങ്ങേറ്റ നാൾ മുതൽ സീന എന്ന പത്തു വയസ്സുകാരി പെൺകുട്ടിയുടെ കലാപ്രകടനങ്ങളായിരുന്നു നാട്ടുകാരുടെ കരഘോഷങ്ങളും ആവേശവും ഏറെ ഏറ്റുവാങ്ങിയത്.
ആദ്യ ദിവസം തന്നെ ഞങ്ങളുടെ ഗ്രാമത്തിലെ പെൺകുട്ടികളുടെയെല്ലാം ഉറ്റ തോഴിയായി അവൾ മാറി. ആകർഷണീയമായ ആ സൗന്ദര്യവും വശ്യമായ പെരുമാറ്റ രീതികളുമൊക്കെയായിരിക്കാം, അവളോടൊപ്പം നിർലോഭം സമയം ചെലവഴിക്കാനും സംസാരിക്കാനും പെട്ടിക്കടയിൽ പോയി അവൾക്ക് അരിമുറുക്കും മിഠായിയുമൊക്കെ വാങ്ങിക്കൊടുക്കാൻ അവർ മത്സരിച്ചു. സീനയെ നാട്ടുകാർ തങ്ങളുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കലാപരിപാടികൾക്കിടയിലെ ഒഴിവു വേളകളിൽ അവളോടൊത്തുള്ള സമയം അവർ ഉത്സവ ഭരിതമാക്കി മാറ്റി .
മുതിർന്ന സ്ത്രീകൾ സീനയുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും പിന്നീടങ്ങോട്ട് അവളോട് കൂടുതൽ അനുതാപം പുലർത്തുകയും ചെയ്തു. ഒരു വേള അവളെ ദത്തെടുക്കാൻ പോലും ആഗ്രഹിച്ചവരുണ്ട്. കാരണം ആ സർക്കസ് സംഘത്തോടൊപ്പം സീനയുടെ ഉമ്മയെ മാത്രം അവർക്ക് കാണാനായില്ല. എന്റെ കുഞ്ഞു മനസ്സിലും ചില ചോദ്യങ്ങൾ അലയടിച്ചു. എവിടെയാണ് സീനയുടെ ഉമ്മ? ബാപ്പയോടും സഹോദരനോടുമൊത്തുള്ള അവളുടെ ജീവിതം തികഞ്ഞ സംതൃപ്തിയോടു കൂടി തന്നെയായിരിക്കുമോ? ഒരുപക്ഷേ നന്നേ ചെറുപ്പത്തിലേ ബാപ്പയോട് കലഹിച്ച് അവളെ ഉപേക്ഷിച്ചു പോയ ഒരു കദന ജീവിതമായിരിക്കുമോ അവളുടെ ഉമ്മ? അതോ, മൂവരെയും സങ്കടക്കടലിലാഴ്ത്തി എന്നെന്നേക്കുമായി പരലോകത്തേക്ക് യാത്രയായതാവുമോ!
ഒരാഴ്ചക്കാലം നാട്ടുകാരുടെ കണ്ണിനും കാതിനും ആനന്ദോത്സവം തീർത്ത മജീദ് ഖാൻ സർക്കസിന്റെ സമാപന ദിവസം വന്നെത്തി. അന്നാണ് ആകാംക്ഷയുടെയും സംഭ്രമത്തിന്റെയും കനൽ കോരിയിടുന്ന മാജിക് എസ്‌കേപ്. അഥവാ പത്തടിയോളം താഴ്ചയുള്ള ഒരു കുഴിയിൽ മജീദ് ഖാൻ നീണ്ടു നിവർന്നു കിടക്കും. കാറ്റും വെളിച്ചവും അകത്തേക്ക് കടക്കാനനുവദിക്കാത്ത വിധത്തിൽ കുഴിയുടെ മുകൾ ഭാഗം അടച്ച് ഭദ്രമാക്കും. നീണ്ട മണിക്കൂറുകൾക്കൊടുവിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തികച്ചും നാടകീയമായി അയാൾ നിഷ്പ്രയാസം കുഴിയുടെ മുകൾ ഭാഗം തുറന്ന് പുറത്തേക്ക് വരും .
മാജിക് എസ്‌കേപിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പത്തടി താഴ്ചയുള്ള കുഴി തയ്യാറായിക്കഴിഞ്ഞു. മൺവെട്ടിയും പിക്കാസും കൊണ്ട് മണ്ണ് കിളക്കാനും പുറത്തേക്ക് കോരിയിടാനും ബാബുവിനോടൊപ്പം നാട്ടിലെ യുവാക്കളും കഠിനാദ്ധ്വാനം ചെയ്തു. മുഖത്തെ വിയർപ്പ് ചാലുകൾ കൈവിരൽ കൊണ്ട് വടിച്ച് കിതപ്പോടെ ബാബു മൈക്ക് കയ്യിലെടുത്തു.
നാട്ടുകാരെ, ഒരാഴ്ചക്കാലം ആടിയും പാടിയും രസിച്ച് നിങ്ങളോടൊപ്പം ആനന്ദോത്സവം തീർത്ത ആ സുവർണ്ണ നിമിഷങ്ങൾക്കിതാ ഇന്ന് തിരശ്ശീല വീഴുകയാണ്. ഞങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച നിങ്ങൾക്ക് നന്ദി. ഞങ്ങളുടെ ഈ ജീവിത മാർഗത്തോട് ആത്മാർത്ഥതയോടെ സഹകരിക്കുകയും കൈ മെയ് മറന്ന് സഹായിക്കുകയും ചെയ്ത നിങ്ങൾക്ക് ഒരായിരം നന്ദി. നിങ്ങൾ ഓരോരുത്തരും ആകാംക്ഷാപൂർവം
കാത്തിരുന്ന മാജിക് എസ്‌കേപിതാ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിൽ അരങ്ങേറാൻ പോകുകയാണ്. സഹകരിക്കുക...പ്രോത്സാഹിപ്പിക്കുക. നിങ്ങൾ നൽകുന്ന ചില്ലറ തുട്ടുകളാണ് ഈ മൂന്ന് ചാൺ വയറുകളുടെ വിശപ്പു മാറ്റുന്നത്. ഒരിക്കൽ കൂടി നന്ദി നന്ദി .....
ബാബുവിന്റെ അനൗൺസ്‌മെന്റ് നിലച്ചപ്പോൾ തിരമാലകൾ കണക്കെ കരഘോഷമുയർന്നു. മജീദ് ഖാൻ ഒരയഞ്ഞ ജുബ്ബയും പാന്റ്‌സും ധരിച്ച് ട്യൂബ് ലൈറ്റിന്റെ പ്രഭാപൂരത്തിലൂടെ നടന്നു വന്ന് കുഴിയുടെ സമീപത്തു നിന്നു. രണ്ടു കൈകളും മേൽപോട്ടുയർത്തി ഒരു നിമിഷം പ്രാർത്ഥനാനിരതനായി.
യാ റബ്ബനാ...
ശേഷം ബാബുവിനും സീനക്കും അരികിലെത്തി. ബാബുവിനെ ആശ്ലേഷിച്ചു . സീനയുടെ നെറ്റിയിൽ മുത്തമിട്ടു. മജീദ് ഖാൻ കുഴിയിലേക്കിറങ്ങി നീണ്ടുനിവർന്നു കിടന്നു. അപ്പോൾ വെള്ളിവെളിച്ചത്തിൽ തൊട്ടരികിൽ കുഴിയിലേക്ക് നോക്കി നിൽക്കുന്ന സീനയെ ഞാനൊരു നിമിഷം കണ്ടു. ബാബുവിനോട് ചേർന്ന് തളർന്നവശയായി നിൽക്കുകയാണവൾ. കണ്ണും കവിളും നിറഞ്ഞൊഴുകുന്നുണ്ട്.
മജീദ് ഖാന് മേൽ മരപ്പലകകൾ നിരന്നു. അതിന് മുകളിൽ വെട്ടുകല്ലും മണ്ണും കുമിഞ്ഞു. ഒരു സൂചിപ്പഴുത് പോലും അവശേഷിക്കാത്ത വിധത്തിൽ കട്ടിയുള്ള ടാർപായ ഏറ്റവും മുകളിൽ വിരിച്ചു. ഇപ്പോൾ കാഴ്ചകളിൽ നിന്ന് മറഞ്ഞ് മജീദ് ഖാൻ എല്ലാവരുടെയും മനസ്സുകളിൽ മാത്രം അവശേഷിച്ചു. ഉച്ചസ്ഥായിയിലുള്ള കരഘോഷങ്ങൾ മെല്ലെ മെല്ലെ തോർന്നടങ്ങി. ആകാംക്ഷയുടെ ശ്വാസ നിശ്വാസങ്ങൾ മാത്രമായി. സ്ത്രീകളിൽ നിന്നും നെടുവീർപ്പുകളുയർന്നു. ഒന്നുമറിയാതെ കൊച്ചുകുഞ്ഞുങ്ങൾ വാവിട്ടു കരയാൻ തുടങ്ങി.
സമയ സൂചികൾ അതിവേഗം ഓടിത്തുടങ്ങി. നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. സംഭ്രമചിത്തരായി നിൽക്കുന്ന കാണികൾ എറിഞ്ഞുകൊണ്ടിരുന്ന നാണയത്തുട്ടുകളാൽ കുഴിയുടെ ഉപരിതലം കുമിഞ്ഞു കൂടി. എന്നിട്ടും എന്നിട്ടും...മജീദ് ഖാന്റെ നാടകീയമായ ഉയിർത്തെഴുന്നേൽപ് മാത്രം സംഭവിച്ചില്ല .
കറുത്ത മേഘധൂളികളാൽ ആകാശം ഇരുൾ മൂടുന്നത് പോലെ എനിക്ക് തോന്നി. സീന മോഹാലസ്യപ്പെട്ട് ബാബുവിന്റെ മാറിലേക്ക് തളർന്നു വീണു. ആ നിമിഷം അജ്ഞാതമായ ഒരു മൂഢ സുഷുപ്തിയിലേക്ക് ഞാനൂർന്ന് പോയി. അതിദാരുണമായ ഒരു സ്വപ്നത്താൽ കണ്ണുകൾ കൊട്ടിയടക്കപ്പെട്ടു. ആ സ്വപ്നം ഇതായിരുന്നു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഒരു നൂൽപാലത്തിലൂടെ ഒരു നേരത്തെ വിശപ്പടക്കാൻ വേച്ചു വേച്ച് നീങ്ങുന്ന ഒരു യാചക സംഘത്തെ ആകാശത്തോളം അലകളുയർത്തി അലറിക്കുതിച്ച് വന്ന ഒരു കടൽ ക്രൂരമായി അമ്മാനമാടിയോ? അതിഭയാനക സ്വപ്നത്തിലേക്ക് എന്റെ കണ്ഠനാളത്തിൽ നിന്നും ഒരലർച്ച ഇടിമിന്നൽ പോലെ അലച്ച് ചിതറി.
ഒടുവിൽ... ഏറ്റവുമൊടുവിൽ കൊടുങ്കാറ്റ് ശമിച്ചപ്പോൾ അലകടൽ ശാന്തമായപ്പോൾ ഞാൻ സ്ഥലകാല ബോധത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നെ ആവരണം ചെയ്തിരുന്ന മൂഢത്വം ആ നിമിഷം കൂട് തുറന്ന് പോയി. അപ്പോൾ മുതൽ ആദിമദ്ധ്യാന്തമില്ലാത്ത ഒരു പിടി ചോദ്യങ്ങളും സംശയങ്ങളും പേറി ഞാൻ നടക്കുകയാണ്. പത്തടി മൺ താഴ്ചയിലെ നിതാന്ത നിദ്ര വിട്ട് മജീദ് ഖാൻ പുറത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുമോ? കുഴിക്ക് പുറത്ത് തോരാ കണ്ണീരിൽ വീണ് കിടക്കുന്ന തന്റെ പ്രിയപ്പെട്ട അരുമ മകൾ സീനക്കരികിലേക്ക് അവളെ വാത്സല്യത്തോടെ തഴുകാനും തലോടാനും അവളുടെ എല്ലാമായ ബാപ്പ മടങ്ങി വന്നിരിക്കുമോ?
ഒരു തിട്ടവുമില്ല, ഒരറിവുമില്ല. ജീവിതമെന്ന മഹാ മാന്ത്രികക്കുരുക്കിലാണ് ഞാനുമിപ്പോൾ. ഈ മരുഭൂമിയിലെ മണൽ ഗർത്തത്തിൽ കിതച്ചും വിയർത്തും രക്ഷപ്പെടാനുള്ള കാലവും കാത്ത് ജീവിതം ഏന്തിവലിയുന്നു. അതിനിടക്കെപ്പോഴാണ് സീന ...?
എങ്കിലും മരുഭൂമിയിലെ ചില പച്ചപ്പുകൾ പോലെ ഉർവ്വരമായ നീരുറവകൾ പോലെ അവൾ മനസ്സിലേക്കോടി വരാറുണ്ട്. അവളിപ്പോൾ എവിടെയായിരിക്കും! എങ്ങനെയായിരിക്കും. ഒരുപക്ഷേ അവളും...