Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒടിയന്റെ ആദ്യ രംഗം വായിച്ചു കേള്‍പ്പിച്ചത്  ഭാര്യയെ-തിരക്കഥാ കൃത്ത് 

പുലി മുരുകനു ശേഷം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ മലയാളത്തിലെ ഇതുവരെയുളള ആക്ഷന്‍ ചിത്രങ്ങളില്‍ ഭിന്നമായ ഒന്നായിരിക്കുമെന്ന് തിരക്കഥാകൃത്ത് കെ. ഹരികൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകനും കുട്ടിസ്രാങ്ക് എന്ന തിരക്കഥയിലുടെ ദേശീയ പുരസ്‌കാരവും നേടിയ ഹരികൃഷ്ണന്‍ പുതിയ ചിത്രത്തിന്റെ തിരക്കഥ രചനാനുഭവം കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു. ഡിസംബര്‍ 14 ന് റിലീസാവുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്.  
മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ചിത്രത്തിന്റെ കഥയുടെ പിറവിയെക്കുറിച്ച് തിരക്കഥാകൃത്ത് വിവരിച്ചു. പുലിമുരുകന്റെ വിജയത്തിന്റെ ഇടവേളകളിലൊന്നിലാണ് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഒടിയന്‍ എന്ന ആശയം മുന്നോട്ടുവച്ചത്. അത് വികസിപ്പിക്കാന്‍ ലാല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിലെ തിരിക്കുകള്‍ക്കു ശേഷം രാത്രി ആദ്യ സീന്‍ എഴുതി. അത് ആദ്യം വായിച്ചു കേള്‍പ്പിച്ചത് ഭാര്യ രാജിയെ. പിന്നെ ഭാഷാപോഷിണിയുടെ എഡിറ്റര്‍ കെ.സി നാരായണനെ. ഇരുവരും പച്ചക്കൊടി വീശിയതോടെ അത് ലാലിന്റെ മുന്നിലെത്തി. 
പണ്ട് തൃശൂര്‍ പാലക്കാട് മേഖലകളില്‍ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി ഓടിക്കുവാനും കൊല്ലുവാനുമൊക്കെ പേരെടുത്തവരായിരുന്നു ഒടിയന്‍മാര്‍. ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ കാലാനുഗതമായല്ലാതെ കഥ പറയുന്നത് വിരളമാണ്. ഈ സിനിമയില്‍ ഒടിയന്റെ കഥ പറഞ്ഞിരിക്കുന്നത് കാലാനുഗതമായല്ല.  എന്നാല്‍ ഒരു ആക്ഷന്‍ ചിത്രമെന്ന നിലയില്‍ മലയാള സിനിമയില്‍ പുതിയൊരു സംഘട്ടനരീതിയാവും സിനിമ പരിചയപ്പെടുത്തുക.
ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, തസ്രാക്ക്, ഉദുമല്‍പ്പേട്ട, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒടിയനിലെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസം വേണ്ടിവന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പടെ മുഴുനീള കഥാപാത്രങ്ങളെല്ലാം ഈ ചിത്രത്തില്‍ വിവിധ പ്രായഭേദങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് പ്രകാശ് രാജ് കൈകാര്യം ചെയ്യുന്ന  പ്രതിനായകന്റേതും. 
ശക്തമായ സ്ത്രീകഥാപാത്രമാണ് നായികയായി എത്തുന്ന മഞ്ജുവാര്യരുടേതും ഹരികൃഷ്ണന്‍ പറഞ്ഞു. പരസ്യചിത്ര നിര്‍മ്മാണ രംഗത്ത് ശ്രീകുമാര്‍ മേനോനുമായി വര്‍ഷങ്ങളായുള്ള പരിചയമാണ് സിനിമ സംവിധാനം ചെയ്യാന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് കാരണമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും ജനവിധിയും രണ്ടായിക്കൂടെന്നില്ല. എന്നാല്‍ നല്ലത് പ്രതീക്ഷിക്കുന്നുവെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഹരികൃഷ്ണന്‍ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇത്. സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. 

Latest News