കൊച്ചി- അധികാരത്തിലിരിക്കുന്നവർക്ക് തങ്ങൾ നിയമത്തിന് അതീതരാണെന്ന തോന്നൽ ഉണ്ടെന്ന് ഹൈക്കോടതി. ഈ തോന്നൽ ഉള്ളതുകൊണ്ടാണ് ഫ്ളക്‌സ് ബോർഡുകൾ മാറ്റണമെന്ന ഉത്തരവ് പലരും പാലിച്ചിട്ടും അധികാരത്തിലുള്ള ചില രാഷ്ട്രീയ പാർട്ടികൾ ബോർഡ് മാറ്റാത്തതെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിട്ടിട്ടും മുഖ്യമന്ത്രിയുടെ ഫ്ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതിൽ കോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടേതുൾപ്പെടെ ബോർഡുകൾ മാറ്റുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ബോർഡുകൾ നീക്കിയില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാൻ തദ്ദേശ ഭരണ സെക്രട്ടറിമാർക്ക് പോലീസിനെ സമീപിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനകം നിർദേശം നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർ പോലീസിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടി സർക്കുലർ പുറപ്പെടുവിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൊടികളും തോരണങ്ങളും നീക്കം ചെയ്യാൻ വിമുഖതയുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ ആറ് കോർപറേഷനുകൾ ഉറപ്പ് നൽകി. പൊതുതാൽപര്യം ഉൾക്കൊള്ളുന്ന വിഷയമായതിനാൽ സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കരുതെന്ന ആവശ്യം സംബന്ധിച്ച് വാദം കേൾക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് മാറ്റിവെച്ചു.