മൂന്നര പതിറ്റാണ്ട് മുമ്പാണ് കേരളത്തിലെ ജനതാദളിൽ മന്ത്രിമാരുടെ മാറ്റത്തിന് തുടക്കമാവുന്നത്. 1987 ൽ മന്ത്രിയായ എം.പി. വീരേന്ദ്ര കുമാർ 24 മണിക്കൂർ തികയും മുമ്പാണ് രാജിവെക്കേണ്ടി വന്നത്. അന്നദ്ദേഹം ഉയർത്തിയ വെല്ലുവിളി ഇങ്ങനെയായിരുന്നു. എന്നെ നിങ്ങൾക്ക് എം.പിയല്ലാതാക്കാനാകില്ല. കാരണം, ജനനം കൊണ്ട് തന്നെ എം.പി വീരേന്ദ്ര കുമാറാണ്. ഒരു കാരണവശാലും മുൻ മന്ത്രിയല്ലാതാക്കാനുമാകില്ല. കാരണം ഇന്നലെ വരെ മന്ത്രിയായിരുന്നു. വീരേന്ദ്ര കുമാർ തന്റെ സർഗാത്മകത കൊണ്ട് പരിഹസിച്ചു തള്ളിയ രാജിക്ക് ശേഷം പ്രൊഫ. എൻ.എം. ജോസഫ് മന്ത്രിയായി.
ഇപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടിവന്ന മാത്യു ടി.തോമസും ഇന്ന് നമ്മോടൊപ്പമില്ലാത്ത പി.ആർ.കുറുപ്പും ചേർന്ന് നയിച്ച ആഭ്യന്തര കലാപത്തിന്റെ ഫലമായിരുന്നു ആ മാറ്റം. പഴയ സോഷ്യലിസ്റ്റുകളും സംഘടനാ കോൺഗ്രസുകാരുമൊക്കെ എപ്പോഴും അങ്ങനെയൊക്കെയായിരുന്നു. ഇണങ്ങാനും പിണങ്ങാനുമൊന്നും വലിയ നേരവും കാലവുമൊന്നും വേണ്ട. സ്വന്തമായി അഭിപ്രായമുള്ള സംഘടനയാകുമ്പോൾ അങ്ങനെയൊക്കെയേ വരൂ എന്ന ഈ വിഭാഗത്തിന്റെ നിലപാടുകൾക്ക് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ അനുഭവ സാക്ഷ്യങ്ങളുണ്ട്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഈ വിഭാഗത്തെപ്പറ്റി അടുത്ത ദിവസം നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്- അവരുടെ കാലത്തെ പ്രധാന രാഷ്ട്രീയ കക്ഷിക്ക് തീർത്തും എതിര് നിൽക്കുന്ന രാഷ്ട്രീയ കക്ഷികളിൽ ചേരാനാണ് അവരൊക്കെ അന്ന് തീരുമാനിച്ചത് എന്നത് അവരുടെ ഉയർന്ന ജനാധിപത്യ ബോധത്തെയാണ് അടയാളപ്പെടുത്തുന്നതെന്നാണ് ഗുഹയുടെ നിരീക്ഷണം. എ.ബി.വാജ്പേയി, കരുണാനിധി, സോമനാഥ് ചാറ്റർജി എന്നിവരുടെ മരണത്തിന് ശേഷം ഓർമക്കുറിപ്പെഴുതിയപ്പോഴായിരുന്നു ഈ നിരീക്ഷണം. എഴുത്തിന്റെ അവസാനം രാമചന്ദ്രഗുഹ ഇങ്ങനെ പ്രത്യാശിക്കുന്നുമുണ്ട്- ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഇതുപോലുള്ള പുതുമാതൃകകൾ ഇന്ത്യൻ ജനാധിപത്യത്തിന് അടിയന്തരമായി ആവശ്യമാണ്.
പി.ആർ. കുറുപ്പ് 1996 ലെ നായനാർ മന്ത്രിസഭയിൽ നിന്ന് മാറിയത് പാർട്ടിക്കുള്ളിലെ പോരിന്റെ അനന്തര ഫലമായിരുന്നു. അന്ന് പ്രമീള ദന്ത വാദയൊക്കെ നേരിട്ടെത്തിയയായിരുന്നു പ്രശ്നത്തിന് പരിഹാരം കണ്ടത്. ലൈംഗിക ആരോപണത്തിൽ കുടുങ്ങി പുറത്ത് പോകേണ്ടി വന്ന ഡോ. നീലലോഹിതദാസ നാടാരുടെ അനുഭവം ഇതോടൊന്നും ചേർത്തുവെക്കാവുന്നതല്ല.
അത്തരം അനുഭവങ്ങളും ഇവരുടെ പാർട്ടിക്ക് പുതുമയൊന്നുമല്ല. മനുഷ്യനായാൽ തെറ്റ് പറ്റും. തെറ്റ് പറ്റാത്തത് ശവത്തിന് മാത്രമാണ് എന്ന് ഇത്തരക്കാർക്ക് ന്യായമുണ്ടാക്കിക്കൊടുത്തത് പക്ഷേ സോഷ്യലിസ്റ്റല്ല, കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസായിരുന്നുവെന്ന് മാത്രം. നീലന് പകരം വന്നത് സംഘടനാ കോൺഗ്രസ് പാരമ്പര്യത്തിൽ നിന്നെത്തിയ സി.കെ.നാണു (2006). 2009 ലും പാർട്ടി പ്രശ്നത്തിലുള്ള രാജി സംഭവിച്ചു. വീരേന്ദ്ര കുമാറിന് കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാത്യു ടി.തോമസ് മന്ത്രിസ്ഥാനം രാജിവെച്ചു. ആ രാജി വെറുതെയായിപ്പോയി.
വീരേന്ദ്ര കുമാർ ഇടതുമുന്നണി വിട്ടപ്പോൾ മറ്റൊരു പാർട്ടിയായി മാത്യു ടി.തോമസ് ഇടതുമുന്നണിയിൽ തന്നെ ഉറച്ചു നിന്നു. അത് കാരണം മാത്രമായിരുന്നിരിക്കില്ല, കൃഷ്ണൻ കുട്ടിയെ ഒഴിവാക്കി അന്ന് മാത്യു ടി.തോമസിന് മന്ത്രിസ്ഥാനം കൈവന്നത്. വി.എസ്. അച്യുതാനന്ദനുമായുള്ള കൃഷ്ണൻ കുട്ടിയുടെ സമര ബന്ധവും കാരണമായിട്ടുണ്ടാകാം.
ഇതേപ്പറ്റി കൃഷ്ണൻ കുട്ടി പത്ര അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്; എനിക്ക് എല്ലാവരുമായും അടുപ്പമുണ്ട്. സി.പി.എം നേതാവ് എന്ന ബന്ധമല്ല വി.എസുമായി എനിക്ക്. വിവിധ വിഷയങ്ങളിൽ ഒരേ നിലപാടാണ് ഞങ്ങൾക്ക്. സമര മുഖങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു.
കൃഷ്ണൻ കുട്ടിയുടെ മന്ത്രിസ്ഥാനം വൈകി വന്ന അംഗീകാരമായാണ് എല്ലാവരും വിലയിരുത്തുന്നത്. പാലക്കാട്ടുകാരൻ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. കർഷകന്റെ നന്മകൾ ഇനിയും ചോർന്നു പോയിട്ടില്ലാത്ത ഒരാൾ. കർഷകർക്ക് വേണ്ടി മാത്രം നാല് പതിറ്റാണ്ടിലധികം നിയമസഭക്കകത്തും പുറത്തും വാദിച്ചുകൊണ്ടേയിരുന്ന വ്യക്തി. വാക്കും പ്രവൃത്തിയും രണ്ടല്ല എന്ന് തെളിയിക്കാനുള്ള അവസരമാണ് ഭരണാധികാര ലബ്ധിയിലൂടെ ഈ ചിറ്റൂർക്കാരനിൽ വന്നു ചേരുന്നത്.
പ്രായോഗിക രാഷ്ട്രീയത്തിന്റെ മെയ് വഴക്കമില്ലായിരുന്നു എന്നതായിരുന്നു മാത്യു ടി.തോമസിന്റെ പ്രശ്നം. അതല്ലാതെ അതിരുവിട്ട ആദർശ വ്യതിയാനമൊന്നും ശത്രുക്കൾ പോലും ആരോപിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പൊരു നിയമസഭാ ചർച്ചയിൽ താടി വിഷയമായി. നീണ്ടു സുന്ദരനായ മാത്യു ടി.തോമസ് തന്റെ മനോഹരമായ ചന്ദ്രശേഖർ സ്റ്റൈൽ താടി തടവിക്കൊണ്ട് പറഞ്ഞതിങ്ങനെയായിരുന്നു; തത്വദീക്ഷയുള്ളവർക്ക് ദീക്ഷയുമുണ്ടാകും.
കേരള സോഷ്യലിസ്റ്റുകളിൽ പല തരക്കാരുണ്ടെന്ന് കേരള രാഷ്ട്രീയത്തിനറിയാം. അവരിൽ രാഷ്ട്രീയ ധാർമികതയുടെ പരിധി ലംഘിക്കാത്തയാളാണ് തിങ്കളാഴ്ച പടിയിറങ്ങിയത്. കൂടെ കൊണ്ടുനടന്ന ലാളിത്യവും അഴിമതി രഹിത പ്രതിഛായയും കളഞ്ഞു കുളിക്കാതെ- തത്വദീക്ഷയോടെ.
പദവിയിലേക്ക് വരുന്നതാകട്ടെ രാഷ്ട്രീയവും കാർഷിക വൃത്തിയും രണ്ടായി കാണാത്ത മറ്റൊരു മാന്യ വ്യക്തിത്വവും. രാഷ്ട്രീയം മാന്യന്മാരുടെ ഇടവുമാണെന്ന് പുതുതലമുറക്ക് പറഞ്ഞു കൊടുത്തവർ.
ഇങ്ങനെയൊക്കെയാവുക ഇക്കാലത്ത് എത്ര ദുഷ്കരമാണെന്നതു കൂടി കാണുമ്പോഴാണ് ഇവരുടെ മഹത്വം കൂടുതൽ വ്യക്തമാവുക. മന്ത്രി കൃഷ്ണൻ കുട്ടിയുടെ ധാർമിക ഭാരം വർധിച്ചു വരുന്നതും ഇവിടെയാണ്.






