മനാമ - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച് പുതുതായി നിർമിച്ച എണ്ണ പൈപ്പ്‌ലൈൻ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയും ബഹ്‌റൈൻ പെട്രോളിയം കമ്പനിയായ ബാപ്‌കോയും ചേർന്നാണ് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി യാഥാർഥ്യമാക്കിയത്.
നിലവിൽ പ്രതിദിനം 2,20,000 ബാരൽ എണ്ണ ഈ പൈപ്പ്‌ലൈൻ വഴി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. പ്രതിദിനം പരമാവധി 3,50,000 ബാരൽ എണ്ണം നീക്കം ചെയ്യുന്നതിന് പൈപ്പ്‌ലൈന് ശേഷിയുണ്ട്. സൗദിയിലെ ബഖീഖ് എണ്ണ വ്യവസായ കേന്ദ്രത്തിൽനിന്ന് ബഹ്‌റൈനിലെ ബാപ്‌കോ റിഫൈനറിയിലേക്ക് 110 കിലോമീറ്റർ നീളത്തിലാണ് പുതിയ പൈപ്പ്‌ലൈൻ സ്ഥാപിച്ചിരിക്കുന്നത്. ബഹ്‌റൈനിൽ എണ്ണ വ്യവസായത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന എക്‌സിബിഷൻ ഉദ്ഘാടന ചടങ്ങിനുശേഷം ബഹ്‌റൈൻ രാജാവും സൗദി കിരീടാവകാശിയും ചുറ്റിക്കണ്ടു. ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി കിരീടാവകാശി ഇന്നലെ രാത്രി ഈജിപ്തിലെത്തി.