Sorry, you need to enable JavaScript to visit this website.

ഫലസ്തീന് നിരുപാധിക പിന്തുണ നൽകുന്നത് സൗദി അറേബ്യയെന്ന്‌

റിയാദ് - ഫലസ്തീന് ഏറ്റവും കൂടുതൽ നിരുപാധിക പിന്തുണയും സഹായങ്ങളും നൽകുന്നത് സൗദി അറേബ്യയാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവ് ഡോ. മഹ്മൂദ് അൽഹബാശ് പറഞ്ഞു. ഫലസ്തീൻ പ്രശ്‌നത്തിന് സൗദി അറേബ്യ നൽകുന്ന പിന്തുണകളിലും ഫലസ്തീന് നൽകുന്ന സഹായങ്ങളിലും സംശയം പ്രകടിപ്പിക്കുന്നതിന് ശ്രമിക്കുന്നവർ ഗൂഢലക്ഷ്യങ്ങളുള്ളവരും വിഡ്ഢികളുമാണ്. വ്യാജ വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്. 
ടെൽഅവീവിൽനിന്ന് അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തീരുമാനിച്ചപ്പോൾ സൗദി അറേബ്യയുടെ നിലപാട് എന്താണെന്ന് പലരും ആരാഞ്ഞു. ഫലസ്തീനികളുടെയും മുഴുവൻ അറബികളുടെയും മുസ്‌ലിംകളുടെയും മനസ്സുകളിൽ കുളിര് കോരിയിടുന്ന മറുപടിയാണ് സൗദി അറേബ്യ ഇതിന് നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ദഹ്‌റാൻ അറബ് ഉച്ചകോടിക്ക് ജറൂസലം ഉച്ചകോടി എന്ന് നാമകരണം ചെയ്ത തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അമേരിക്കയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിക്ക് 15 കോടി ഡോളറും ജറൂസലം നഗരത്തിന്റെ സ്ഥിരതക്കും സംരക്ഷണത്തിനും അഞ്ചു കോടി ഡോളറും സഹായം പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്ക സഹായം നിർത്തിയതിനെ തുടർന്നാണ് യു.എൻ ഏജൻസിക്ക് സൗദി അറേബ്യ ഭീമമായ സഹായം അനുവദിച്ചത്. 
ഫലസ്തീൻ പ്രശ്‌നം സൗദി അറേബ്യയുടെ ഒന്നാമത്തെ പ്രശ്‌നമാണെന്നും ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണാതെ പശ്ചിമേഷ്യയിൽ സമാധാനം പുലരില്ലെന്നും രാജാവ് ശൂറാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന്റെ കാലം തൊട്ട് ഫലസ്തീൻ പ്രശ്‌നത്തിൽ സൗദി ഭരണാധികാരികൾ പിന്തുടരുന്ന നിലപാടുകളിൽ തങ്ങൾ അഭിമാനിക്കുന്നു. അറബ് മുസ്‌ലിം ലോകത്ത് കുഴപ്പങ്ങൾ ഇളക്കിവിടുന്നതിന് പരിശ്രമിക്കുന്ന ചില ചാനലുകളും മുസ്‌ലിം ബ്രദർഹുഡ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളും അറബ്, ഇസ്‌ലാമിക് ലോകത്ത് വിദ്വേഷവും തർക്കങ്ങളും പ്രചരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. 
സൗദി അറേബ്യയുടെ കൈയൊപ്പ് പതിയാത്ത ഒരു മുസ്‌ലിം രാജ്യവും ലോകത്തില്ല. സംഘർഷങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും മറ്റും വിധേയരാകുന്നവരെ സഹായിക്കുന്നതിന് ആദ്യം ഓടിയെത്തുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ വർഷവും ഫലസ്തീൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് സൗജന്യമായി ഹജും ഉംറയും നിർവഹിക്കുന്നതിന് സൗദി അറേബ്യ നടപ്പാക്കുന്ന പദ്ധതി പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇസ്രായിലി ആക്രമണങ്ങളിൽ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളും ആക്രമണങ്ങളിൽ പരിക്കേറ്റവും അടക്കം ഇരുപതിനായിരത്തിലധികം ഫലസ്തീനികൾക്ക് ഈ പദ്ധതിയുടെ ഗുണം ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ഡോ. മഹ്മൂദ് അൽഹബാശ് പറഞ്ഞു. 

 

Latest News