Sorry, you need to enable JavaScript to visit this website.

വനിതകൾക്കുള്ള ലൈസൻസ്: ചെലവ് കൂടുതൽ ദുബായിൽ

റിയാദ് - ഗൾഫിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് ചെലവ് ഏറ്റവും കൂടുതൽ ദുബായിലും ഏറ്റവും കുറവ് ബഹ്‌റൈനിലുമാണെന്ന് കണക്ക്. സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് ഫീസുകൾ കൂടുതലാണെന്ന് വനിതകൾ പരാതിപ്പെടുന്നു. ഡ്രൈവിംഗ് പരിശീലനം ഉൾപ്പെടെ 3,000 റിയാലോളമാണ് സൗദിയിൽ വനിതാ ഡ്രൈവിംഗ് സ്‌കൂളുകൾ ഈടാക്കുന്നത്. സൗദിയിലെ നിരക്കിന് സമാനമായ നിരക്കാണ് അബുദാബിയിൽ. എന്നാൽ ദുബായിൽ നിരക്ക് ഇതിന്റെ ഇരട്ടിയാണ്. സ്വന്തം പൗരന്മാർക്ക് ബാധകമായതിൽ നിന്ന് കൂടുതൽ വ്യത്യാസമില്ലാത്ത വ്യവസ്ഥകളാണ് ഗൾഫ് രാജ്യങ്ങളിൽ സൗദികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും ബാധകം. 
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ചെലവ് ആയി 300 ദിർഹവും (306 സൗദി റിയാൽ) ഫീസ് ആയി 300 ദിർഹവും അടക്കണം. ഇതിനു പുറമെ ഡ്രൈവിംഗ് വശമില്ലാത്തവർ ഡ്രൈവിംഗ് സ്‌കൂൾ പരിശീലനത്തിന് 5,965 ദിർഹം (6,091 റിയാൽ) ഫീസ് അടക്കണം. അപേക്ഷകർ കാലാവധിയുള്ള പാസ്‌പോർട്ടോ തിരിച്ചറിയൽ കാർഡോ ഉള്ളവരും പതിനെട്ട് വയസ് പൂർത്തിയായവരും ആകണം. കണ്ണു പരിശോധനയും പൂർത്തിയാക്കണം. ദുബായിൽ അംഗീകാരമുള്ള ഡ്രൈവിംഗ് സ്‌കൂളിൽ നിന്ന് ടെസ്റ്റ് പാസാവുകയും വേണം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർ പാർപ്പിട വാടക കരാറും ദുബായിൽ ജോലി ചെയ്യുന്ന കമ്പനിയുടെ കൊമേഴ്‌സ്യൽ ലൈസൻസ് കോപ്പിയും അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. 
അബുദാബിയിൽ ഡ്രൈവിംഗ് ലൈസൻസ് ഫീസ് 200 ദിർഹവും സൈദ്ധാന്തിക പരിശീലനത്തിന് 830 ദിർഹവും ഡ്രൈവിംഗ് പരിശീലനത്തിന് 2,250 ദിർഹവും അടക്കണം. ബഹ്‌റൈനിൽ ഡ്രൈവിംഗ് ലൈസൻസിന് 20 ദീനാറും (200 റിയാൽ) ഡ്രൈവിംഗ് ടെസ്റ്റിന് 16 ദീനാറും ഫീസ് നൽകണം. കൂടാതെ 22 മണിക്കൂർ പരിശീലനത്തിന് മണിക്കൂറിന് അഞ്ചു മുതൽ ഏഴു വരെ ദീനാർ വീതവും നൽകണം. 
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിന് 30 കുവൈത്തി ദീനാറും (370 റിയാൽ) ടെസ്റ്റ് ഫീസ് 10 ദീനാറും ആണ്. ഡ്രൈവിംഗ് പരിശീലനത്തിന് 120 ദീനാർ ഫീസ് അടക്കണം. ഒമാനിൽ ഡ്രൈവിംഗ് ലൈസൻസ് ഫീസ് 20 റിയാലും (195 റിയാൽ) ഡ്രൈവിംഗ് ടെസ്റ്റ് ഫീസ് അഞ്ചു റിയാലും ആണ്. നാൽപതു മണിക്കൂർ പരിശീലനത്തിന് 220 ഒമാനി റിയാൽ വേറെയും നൽകണം. 

Latest News