കാശിന്റെ ആവിഷ്‌കാരഭംഗികൾ അന്വേഷിച്ചുപോയവരാണ് ധനചരിത്രത്തെ നയിച്ചവർ. ശബ്ദരഹിതമായി സംഭവിച്ച ആ വലിയ വിപ്ലവത്തിൽ ക്രിയാത്മകമായി പങ്കെടുത്തവരിൽ പലരും ഓർക്കപ്പെടാതെ പോയി. ചരിത്രം നയിക്കപ്പെടുകയല്ല, സംഭവിക്കുകയായിരുന്നു. അവർ അഴിച്ചുവിട്ട വിപ്ലവം വഴി തെറ്റിപ്പോയപ്പോൾ വാർത്തയായെന്നു മാത്രം.
ഉൾനാടൻ ചായക്കടകളിൽ, വാതിൽ പൊളിമേലോ ചുമരിലോ, ചോക്കുകൊണ്ടോ കരിക്കട്ടകൊണ്ടോ വരച്ചു വെച്ചിരുന്ന ഈ വിജ്ഞാനശകലം ഇന്നോർക്കുന്നവർ കുറയും. പല കടകളും പണ്ടൊക്കെ പറ്റുകാരെ പൊറുപ്പിച്ചിരുന്നു. കടം കൊടുത്തില്ലെങ്കിൽ കച്ചവടം നടക്കില്ലെന്നു മനസ്സിലാക്കിയവർ 'വ്യവസായാത്മിക'മെന്നു ഗീത വിശേഷിപ്പിക്കുന്ന ബുദ്ധിയോടെ പെരുമാറി. സ്ഥിരമായി പറ്റുകയും പിന്നെ പറ്റിച്ചുപോകുകയും ചെയ്യുന്നവർക്ക് തടയിടാൻ വേണ്ടി ആ ബുദ്ധിമാന്മാർ കണ്ടുപിടിച്ചതാണ് ഈ വിജ്ഞാപനം: ഇന്നു റൊക്കം നാളെ കടം.
റൊക്കം എന്ന വാക്കിനെപ്പറ്റി ഞാൻ ഇന്നേവരെ ആലോചിച്ചിരുന്നില്ല. തമിഴിലും ഹിന്ദിയിലും ഉച്ചാരണവ്യത്യാസത്തോടെ റൊക്കം നിലനിന്നു പോന്നു. ഉർദു വഴി ഹിന്ദിയിൽ കടന്നുകൂടിയ ആ പദം പേർഷ്യനിൽനിന്നു വന്നതാവണം. ഉടനടി ഉപയോഗിക്കാവുന്ന പണം എന്നു തന്നെ അർഥം. റൊക്കം വന്നത് കാശിനു മുമ്പോ
പിൻപോ എന്നറിയില്ല. കാശ് ആണ് കാഷ്. നമ്മുടെ പഴയ ചായക്കടക്കാരന് കാശ് മതിയായിരുന്നു. അത് ഉടനുടൻ കിട്ടുമെങ്കിൽ പാഴ്‌സി പദം ഇറക്കി ഒരു അറിയിപ്പ് വരച്ചുവെക്കേണ്ടിയിരുന്നില്ലല്ലോ.
കാശിനെപ്പറ്റിയായിരുന്നു കഴിഞ്ഞ ആഴ്ച ചിന്ത. എനിക്കു വേണ്ടപ്പെട്ട ഒരാൾ കാശിനു പകരം വെക്കുന്ന കാർഡുകൾ ഉണ്ടാക്കി കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിൽ കേറി. സ്വഭാവത്തിൽ സമാനതയുള്ള, പക്ഷെ പ്രവർത്തനമണ്ഡലം അത്രതന്നെ വലുതല്ലാത്ത, ധനകാര്യസ്ഥാപനമായിരുന്നു എൻജിനീയറിംഗ് പഠിച്ച അയാളുടെ ആദ്യത്തെ ലാവണം. എൻജിനീയർമാർ പണമിടപാടുസ്ഥാപനങ്ങളിൽ ചേക്കേറുന്ന പ്രവണതയെപ്പറ്റിയാണല്ലോ കെ. ടി ജലീലിനെയും ബന്ധുവിനെയും അസുഖകരമായി ബന്ധപ്പെടുത്തി നടക്കുന്ന ഇപ്പോഴത്തെ ചർച്ച.
അതുകൊണ്ടായില്ല. ധനകാര്യസ്ഥാപനത്തിൽ വേണ്ടപ്പെട്ട ആൾ ചേർന്നത് കൂടാതെയും എന്റെ മനോവ്യാപാരത്തെ സ്വാധീനിക്കുന്ന ചിലതുണ്ടായി. അതിലൊന്നായിരുന്നു കാശിന്റെ ഭാവി ചർച്ച ചെയ്യുന്ന ഒരു ലേഖനം. ഠവല എൗൗേൃല ീള ഇമവെ. ഇന്നു കടം നാളെ റൊക്കം എന്നോ മറ്റോ പറയാവുന്ന അവസ്ഥയിലേക്ക് പണം നീങ്ങുന്നുവെന്നാണ്
സൂചന. കാശിന്റെ ഭാവിയെപ്പറ്റിയുള്ള സംവാദം ഇപ്പോൾ ധനശാസ്ത്രജ്ഞർക്കിടയിൽ ഒതുങ്ങുന്നുവെന്നൊരു പ്രസ്താവം കണ്ടു. സാധാരണക്കാർക്കിടയിൽ ആ ചിന്ത അലയടിക്കുന്നില്ലത്രേ. 'ഇന്നു റൊക്കം നാളെ കടം' എന്ന നിബന്ധന രൂപപ്പെടുത്തിയ നമ്മുടെ ആദിമ ചായക്കടക്കാരന്റെ ചിന്തയും കാശിന്റെ കൈവഴികളെപ്പറ്റിയായിരുന്നില്ലേ?
കാശിനോടുള്ള സമീപനമാണ് മനുഷ്യസംസ്‌കാരത്തിന്റെ വികാസപരിണാമങ്ങളെ സ്വാധീനിച്ച ഒരു പ്രധാനഘടകം. കാശ് എന്ത്, എങ്ങനെ ഉണ്ടാക്കുന്നു, എവിടെ ചെലവാക്കുന്നു, ഏതെല്ലാം രീതിയിൽ ഒരുക്കൂട്ടിവെക്കുന്നു, അതൊക്കെയാകും പണക്കാരൻ അല്ലെങ്കിൽ ധനമനുഷ്യൻ അല്ലെങ്കിൽ ഋരീിീാശര ങമി എന്നു പറയാവുന്ന
ജീവിയുടെ ബദ്ധപ്പാട്. പത്തോ നൂറോ കൊല്ലം മാത്രം പഴക്കമുള്ള നമ്മുടെ 'റൊക്കം' ചായക്കടക്കാരൻ ആലോചിച്ചുറപ്പിച്ചതല്ല ധനസംസ്‌കൃതി. അതിനെത്രയോ മുമ്പ് പണം പെരുപ്പിക്കുന്നവരും തട്ടിക്കുന്നവരും ഒളിച്ചുവെക്കുന്നവരും ഉണ്ടായിരുന്നു. ധനവ്യവസ്ഥയുടെ ആധാരം കടംകൊടുക്കുകയും വീട്ടുകയും ചെയ്യുന്ന പണംആണെങ്കിൽ, നമ്മൾ പണ്ടേക്കു പണ്ടേ ആ വഴിയേ ചിന്തിക്കുകയും ചരിക്കുകയും ചെയ്തവരാണ്.
ഉദാഹരണത്തിന് കടം എന്ന് അർഥം വരുന്ന ഋണം എന്ന സംസ്‌കൃതപദം നോക്കുക. റൊക്കത്തിനും കടത്തിനും മുമ്പേ അതു നിലവിൽ വന്നിരിക്കണം. കടം അന്നേ കൊടുക്കുകയും വാങ്ങുകയും വീട്ടുകയും ചെയ്തിരുന്നുവെന്നു മാത്രമല്ല, കടക്കാരെ പല തരത്തിൽ വർഗീകരിക്കുകയും ചെയ്തിരുന്നു. ഉത്തമർണൻ, മധ്യമർണൻ, അധമർണൻ.
പറഞ്ഞ പോലെ കടം തിരിച്ചടക്കുന്നവൻ, കുടിശ്ശിക വെച്ചും കണിശമല്ലാതെയും അടച്ചു തീർക്കുന്നവൻ, എപ്പോഴും പറ്റിക്കുന്ന പറ്റുകാരൻ.
കടം വീട്ടാതെ കറങ്ങുന്നവർക്ക് ഒരിക്കലും വലിയ സ്ഥാനമുണ്ടായിരുന്നില്ല. ചെറിയ തുകയാണ് തട്ടുന്നതെങ്കിൽ, പിന്നെ പറയേണ്ട. അയൽക്കാർ അയാളെ അടുപ്പിക്കില്ല. അകലെയുള്ളവർ അയാളെ തേടിപ്പിടിക്കാൻ നോക്കും. എല്ലാവരുടെയും മുമ്പിൽ ബഹുമാനിതനാവുകയും നിയമപാലകരുടെ സംരക്ഷണം ഏറ്റെടുക്കുകയും
ചെയ്യണമെങ്കിൽ കോടിക്കണക്കിനു രൂപ കവർന്ന് വിജയം കൊയ്യുന്ന മല്ലയ്യ ആയിരിക്കണം. ചില്ലറ കടം കേറിയ കർഷകൻ ജീവനൊടുക്കുന്ന വാർത്ത അടിക്കടി വരാറുണ്ടെങ്കിലും മല്ലയ്യയോ മോഡിയോ റോയിയോ ആത്മഹത്യ ചെയ്യുന്ന പതിവില്ല. കാശ് ഉണ്ടാക്കണം, എങ്ങനെയെന്ന് നിർബന്ധമില്ല.
കാശ് കാഷ് ആക്കിയിരിക്കാതിരിക്കുകയാകും ബുദ്ധി. കാറ്റിനെപ്പോലെയാണ് കാശിന്റെയും സ്ഥിതി. കറങ്ങിക്കൊണ്ടിരിക്കണം എപ്പോഴും. കെട്ടിക്കിടക്കുന്ന കാശും കാറ്റും വല്ലാത്ത ഉഷ്ണം ഉണ്ടാക്കും. വിയർപ്പും അഴുക്കും വരുത്തിവെക്കും. എന്നും ഉണ്ടായിരുന്നതല്ല കാശ്. ഒരു കാലത്ത് ഓരോ ആളും അവനവന് ആവുന്നതും വേണ്ടതും അനുഭവിച്ചു ശീലിച്ചു. കൈമാറ്റം ആവശ്യമെന്നു കരുതിയില്ല. ധനചരിത്രത്തിലെ, സംസ്‌കൃതിയുടെ കഥയിലെ, ഒരു നിർണായകഘട്ടമായിരുന്നു കൈമാറ്റത്തിന്റെ ആരംഭം. പണം കണ്ടു പിടിക്കും വരെ കൈമാറ്റം നേരിട്ടായിരുന്നു. സാധനങ്ങളും സേവനങ്ങളും കൈമാറാനും അനുഭവിക്കാനും
ഒരു മീഡിയ ആവശ്യമായിരുന്നില്ല. കാശ് എന്ന ആ മീഡിയത്തിന്റെ കഥ കാവ്യാത്മകമായി പറയുന്ന ജ്യോഫ്രി ക്രൗതറുടെ 'പണത്തിന്റെ രൂപരേഖ' എന്ന ക്ലാസിക് ഓർത്തുപോകുന്നു.
കാശിന്റെ ആവിഷ്‌കാരഭംഗികൾ അന്വേഷിച്ചുപോയവരാണ് ധനചരിത്രത്തെ നയിച്ചവർ. ശബ്ദരഹിതമായി സംഭവിച്ച ആ വലിയ വിപ്ലവത്തിൽ ക്രിയാത്മകമായി പങ്കെടുത്തവരിൽ പലരും ഓർക്കപ്പെടാതെ പോയി. ചരിത്രം നയിക്കപ്പെടുകയല്ല, സംഭവിക്കുകയായിരുന്നു. അവർ അഴിച്ചുവിട്ട വിപ്ലവം വഴി തെറ്റിപ്പോയപ്പോൾ വാർത്തയായെന്നു മാത്രം. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാര്യമെടുക്കുക. എന്തിലും ഏതിലും പുതുമയോടെ പെരുമാറിയ തുഗ്ലക് തലസ്ഥാനം മാറ്റുമ്പോൾ മരങ്ങളും മൃഗങ്ങളും കുട്ടികളും ഒഴിഞ്ഞുപോകണമെന്ന് ഭ്രാന്തമായി ശഠിച്ചു. ധനഭരണത്തിൽ തുഗ്ലക് ചക്രവർത്തി ആദ്യം ജീനിയസ് ആയും പിന്നെ കിറുക്കനായും നടമാടി.
ഒരു പണമിട സ്വർണം കൊടുക്കുന്നതിനു പകരം തുല്യമൂല്യമുള്ള, രാജകീയാംഗികാരമുള്ള, ഒരു തുകൽക്കഷ്ണം കൊടുത്താൽ പോരേ എന്നായിരുന്നു തുഗ്ലക്കിന്റെ ചോദ്യം. ലോകചരിത്രത്തിൽ ആദ്യമായി ഉന്നയിക്കപ്പെട്ട വിപ്ലവപ്രശ്‌നങ്ങളിൽ ഒന്ന് അതായിരുന്നു.
ജീനിയസ് കിഴങ്ങനാകുന്നതിനും ചരിത്രം സാക്ഷിയായി. തുഗ്ലക് ഇറക്കിയ തുകൽ പണം ഖജനാവിൽ കുന്നു കൂടി. തുകൽ കഷ്ണം കൊടുത്താൽ പൊന്നിൻ തുട്ട് പകരം കിട്ടുമെന്നായപ്പോൾ, പുരോഗമനസ്വഭാവം കുറഞ്ഞ പ്രജകൾ തുകൽ തഴഞ്ഞ് തുട്ട് കൈക്കലാക്കാനുള്ള ബദ്ധപ്പാടിലായി. ഖജനാവിൽ തുകൽക്കഷണങ്ങളും കീശയിൽ സ്വർണവും ശേഖരിക്കപ്പെട്ടു. അതായിരുന്നു പണത്തിന്റെ ഭൂതകാലത്തിലെ ഒരു കറുത്ത അധ്യായം.
പിന്നെപ്പിന്നെ തുകലിനു പകരം മറ്റു സാധനങ്ങളായി, ചെമ്പും നിക്കലും വെള്ളിയുമായി. വട്ടത്തിലും ചതുരത്തിലും ഓട്ടയോടു കൂടിയും പണമിറങ്ങി. ഇഷ്ടികയിൽ എഴുതാൻ പഠിച്ച മനുഷ്യനെപ്പോലെ, കടലാസിനെ പണമാക്കാനും മനുഷ്യൻ പരിശീലിച്ചു. കടലാസ് കറൻസി ഒരു ഹരമായി വന്നപ്പോൾ അതും വിറ്റു കാശാക്കാൻ പഠിച്ചു
നമ്മുടെ വിരുതന്മാർ. കള്ളനോട്ട് അവർക്ക് വേല വെക്കാനുള്ള വഴി തുറന്നു കൊടുത്തു. അപ്പോൾ നമ്മൾ മെനഞ്ഞെടുത്തതാണ് ലോഹവും കടലാസും കലരാത്ത പണം. പ്ലാസ്റ്റിക് കാർഡും ബാങ്കും കൂടിയായപ്പോൾ ധനജീവിതത്തിനു പുതിയ മാനം വന്നു. ക്രെഡിറ്റ് കാർഡ് ആയും ഡെബിറ്റ് കാർഡ് ആയും കാശ് എത്ര പെട്ടെന്ന് രൂപം മാറിയിരിക്കുന്നു! തൊണ്ണൂറുകളുടെ തുടക്കത്തിലാകും ഈ വിപ്ലവം വ്യാപകമാകാൻ തുടങ്ങിയതെന്നു തോന്നുന്നു. പിന്നെ ഒരു കുതിച്ചു ചാട്ടമായിരുന്നു. അന്തരീക്ഷത്തിലൂടെ, ഇന്റർനെറ്റിലൂടെ, രൂപരഹിതമായ കാശ് വ്യാപരിക്കാൻ തുടങ്ങി. കണക്കെടുക്കാൻ നോക്കേണ്ട. എവിടെയും എന്തിനെയും ആവേശിക്കുന്നതത്രേ രൂപത്തെ വെല്ലുന്ന ദ്രവ്യം. വരാൻ പോകുന്ന പണത്തിന്റെ അനിയതമായ രൂപം എന്തായിരിക്കും എന്നതാണ് പുതിയ മനുഷ്യന്റെ ചിന്ത.