ചാരവൃത്തിക്ക് ജയിലിലടച്ച ബ്രട്ടീഷ് പൗരന് യു.എ.ഇ മാപ്പ് നല്‍കി

അബുദാബി- ചാരപ്രവര്‍ത്തനത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബ്രട്ടീഷ് പൗരന്‍ മാത്യു ഹെഡ്ജസിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മാപ്പ് നല്‍കി. യു.എ.ഇ ദേശീയ ദിനത്തിനു മുന്നോടിയായി ഹെഡ്ജസ് അടക്കം 700 പേര്‍ക്കാണ് പ്രസിഡന്റിന്റെ മാപ്പ് ലഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ ഹെഡ്ജസിന് യു.എ.ഇ വിടാനാകുമെന്ന് പ്രസിഡന്റ് കാര്യാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അബുദാബി അപ്പീല്‍ കോടതിയാണ് ഹെഡ്ജസിന് നേരത്ത ശിക്ഷ വിധിച്ചത്. തടവുശിക്ഷ കഴിഞ്ഞ ശേഷം നാടുകടത്താനും കോടതി ഉത്തരവായിരുന്നു. ഇയാളുടെ എല്ലാ ഗവേഷണ രേഖകളും കംപ്യൂട്ടറുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ദുര്‍ഹാം സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്നു മാത്യു ഹെഡ്ജസ്. മെയ് അഞ്ചിന് ദുബായ് വിമാനത്താവളത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
ചില രഹസ്യ വിവരങ്ങള്‍ തേടി ബ്രിട്ടീഷുകാരന്‍ സമീപിച്ചതായി ഒരു സ്വദേശിയാണ് ആദ്യം പ്രോസിക്യൂട്ടര്‍മാരെ വിവരം അറിയിച്ചത്. വിദേശ ഏജന്‍സിക്കായി സുപ്രധാന വിവരം ചോര്‍ത്താനാണ് ഇയാളുടെ ശ്രമമെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഹെഡ്ജസ് കുറ്റം സമ്മതിച്ചു.
അക്കാദമിക് ഗവേഷകന്‍ എന്ന നാട്യത്തില്‍ യു.എ.ഇയില്‍ ചാരവൃത്തി നടത്തിയ 31 കാരനായ മാത്യു ഹെഡ്ജസിനെ  യു.എ.ഇയില്‍നിന്ന് കൊണ്ടുപോകാനുള്ള ബ്രിട്ടന്റെ എല്ലാ ശ്രമങ്ങളും നേരത്തെ പരാജയപ്പെട്ടിരുന്നു.

 

Latest News