കണ്ണൂർ- ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ സുഭീഷിനെ ഭീഷണിപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ജാമ്യം. ഫെയ്സ്ബുക്കിലൂടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം നൽകിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിലായതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ സുരേന്ദ്രന്റെ ജയിൽവാസം അവസാനിക്കൂ. അതേസമയം, ജാമ്യം തേടി സുരേന്ദ്രൻ ഇന്ന് പത്തനംതിട്ട കോടതിയെ സമീപിക്കും. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ഗുഢാലോചനയിൽ പങ്കുണ്ടെന്ന കേസിലാണ് സുരേന്ദ്രൻ തടവിൽ കഴിയുന്നത്. കണ്ണൂർ കോടതിയിൽ പ്രവർത്തകർ പൂക്കളെറിഞ്ഞാണ് സുരേന്ദ്രനെ സ്വീകരിച്ചതും യാത്രയാക്കിയതും.






