അയോധ്യ കേസ് വൈകിപ്പിക്കാൻ കോൺഗ്രസ് ഇടപെടുന്നുവെന്ന് മോഡി

  • 'ജഡ്ജിമാരിൽ ഭീതി ജനിപ്പിക്കുന്നു'

ആൾവാർ - അയോധ്യ കേസ് കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് കോടതിയിൽനിന്ന് തീരുമാനം വരാതിരിക്കാൻ വേണ്ടി അവർ ജഡ്ജിമാരിൽ ഭീതി ജനിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി വിശ്വഹിന്ദു പരിഷത്തും ശിവസേനയും മുറവിളി കൂട്ടുന്നതിനിടെയാണ് മോഡി ഇക്കാര്യത്തിൽ കോൺഗ്രസിനെ പഴി ചാരുന്നത്. 
2019 ൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനുമുമ്പ് അയോധ്യ കേസിൽ വിചാരണ തുടങ്ങരുതെന്നാണ് കോൺഗ്രസ് കോടതിയോട് ആവശ്യപ്പെടുന്നത്. കോടതി പ്രവർത്തനത്തിന് ബ്രേക്കിഡാനാണ് അവരുടെ ശ്രമം. അവർ ജുഡീഷ്യറിയെ മുഴുവൻ ഭീതിയിലാഴ്ത്തുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിനായി എന്തും ചെയ്യാൻ അവർ തയാറായി. ഇതെല്ലാം എങ്ങനെ അംഗീകരിക്കാനാവുമെന്ന് രാജസ്ഥാനിലെ ആൾവാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ മോഡി ചോദിച്ചു. 
മോഡിയുടെ പ്രതിഛായ മങ്ങിവരവേ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലും രാമക്ഷേത്ര വിഷയം ഉയർത്തി ബി.ജെ.പിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ആർ.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നത്. രാമക്ഷേത്ര നിർമാണം എത്രയും വേഗം നടപ്പാക്കണമെന്ന് അയോധ്യയിൽ പ്രത്യേക സമ്മേളനങ്ങൾ നടത്തി വി.എച്ച്.പിയും, ശിവസേനയും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയും ഇതേ അഭിപ്രായമുയർത്തുകയാണ്. 
അയോധ്യ കേസിന്റെ വിചാരണ പോലും സുപ്രീം കോടതിയിൽ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിയെ മറികടക്കാനായി ഓർഡിനൻസോ, എക്‌സിക്യൂട്ടീവ് ഉത്തരവോ ഇറക്കണമെന്ന ആവശ്യവും സംഘപരിവാർ സംഘടനകൾ ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനുള്ള പരിമിതികൾ മനസ്സിലാക്കിയാണ് മോഡിയുടെ പ്രതികരണം. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം കൊണ്ടുവരാൻ ശ്രമിച്ച ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അയോധ്യ വിഷയവുമായി ബന്ധമില്ലായിരുന്നെങ്കിലും അങ്ങനെ വ്യാഖ്യാനിക്കുകയാണ് മോഡി.
കേസ് 2019 ജനുവരിയിലേ പരിഗണിക്കൂവെന്നാണ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. ഏത് ബെഞ്ച് കേസ് പരിഗണിക്കുമെന്ന് തീരുമാനിക്കുന്നതും അപ്പോഴായിരിക്കും. കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യത്തോട് കോടതിക്ക് അതിന്റേതായ മുൻഗണനകളുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. വാദം കേൾക്കുന്ന ബെഞ്ചിൽ താൻ അംഗമാവണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

Latest News