Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട് റെയിൽവേ സർക്കാരിനെ തൽപരകക്ഷികൾ  തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആക്ഷൻ കമ്മിറ്റി

കൽപറ്റ- നഞ്ചൻഗോഡ്-ബത്തേരി-നിലമ്പൂർ റെയിൽ പദ്ധതി അട്ടിമറിക്കുന്നതിനു തൽപരകക്ഷികൾ സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. നഞ്ചങ്കോട്-നിലമ്പൂർ പദ്ധതിയിൽ കർണാടകയ്ക്ക് താത്പര്യമില്ലെന്നാണ് നിയമസഭയിൽ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  സബ്മിഷന് മന്ത്രി ജി.സുധാകരൻ മറുപടി നൽകിയത്. ആരൊക്കെയോ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. 
2017 മാർച്ച് 17ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരനും ചീഫ് സെക്രട്ടറിയടക്കം കേരളത്തിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ബംഗളൂരുവിൽ  കർണാടക ചീഫ് സെക്രട്ടറി,  വനം-വന്യജീവി വകുപ്പ് ഉദേ്യാഗസ്ഥർ എന്നിവരുമായി  റെയിൽവേ വിഷയം ചർച്ച ചെയ്തിരുന്നു. ബന്ദിപ്പുര വനത്തിലൂടെ പാത നിർമിക്കുന്നതിനെ ചർച്ചയുടെ തുടക്കത്തിൽ കർണാടക വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ എതിർത്തെങ്കിലും ഡോ. ശ്രീധരന്റെ വിശദീകരണത്തെത്തുടർന്ന് അതില്ലാതായി. ബന്ദിപ്പുര വനത്തിൽ 35 മീറ്റർ താഴ്ചയിലുള്ള തുരങ്കത്തിലൂടെയാണ് പാത നിർമിക്കുന്നതെന്നും ശബ്ദമോ പ്രകമ്പനമോ പുറത്തു വരില്ലെന്നുമാണ് ഡോ. ശ്രീധരൻ വിശദീകരിച്ചത്. വിശദമായ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഇവയാണ്: ഒന്ന്: റെയിൽപാത അടയാളപ്പെടുത്തുന്നതിനു കർണാടക വനം-വന്യജീവി വകുപ്പ് കേരള ഫോറസ്റ്റ്  പ്രിൻസിപ്പൽ  ചീഫ്  കൺസർവേറ്റർക്ക് ബന്ദിപ്പുര വനത്തിന്റെ ഭൂപടം കൈമാറണം. രണ്ട്: റെയിൽപാതയുടെ അലൈൻമെന്റ് രേഖപ്പെടുത്തിയ ഭൂപടം കർണാടക വനം-വന്യജീവി വകുപ്പിന് വനത്തിൽ നേരിട്ട് പരിശോധന നടത്തുന്നതിനായി  കേരളം കൈമാറണം.  മൂന്ന്:  നിർദിഷ്ട പദ്ധതിക്കുള്ള തടസങ്ങൾ പരിഗണിച്ച് വന്യജീവി സങ്കേതത്തിന്റെയും ജൈവലോല മേഖലയുടെയും പുറത്തുകൂടി മറ്റൊരു അലൈൻമെന്റ് സാധ്യമാണോ എന്ന് പരിശോധിക്കണം.  
ചർച്ചയുടെ ആദ്യഘട്ടത്തിൽ ഉയർത്തിയ എതിർപ്പു ചൂണ്ടിക്കാണിച്ചാണ് നഞ്ചൻഗോഡ്-നിലമ്പൂർ പാതയെ കർണാടക  എതിർക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്. മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാണിച്ച വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും നിയമപരമായി നിലനിൽക്കുന്നതല്ല.  ജൈവലോലമേഖലയിൽ പരിസ്ഥിതി സംരക്ഷണ ഉപാധികളോടെ റെയിൽപാത നിർമിക്കാമെന്നും റെയിൽവേ  പരിസ്ഥിതി സൗഹാർദ  യാത്രാമാർഗമാണെന്നും കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിലും  വ്യക്തമാക്കിയിട്ടുണ്ട്.  വന്യജീവികളുടെ സുരക്ഷ ഉറപ്പുവരുത്തി വന്യജീവി സങ്കേതങ്ങളിലൂടെ റെയിൽപാത നിർമിക്കുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതിയും ഉത്തരവായതാണ്. നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതി  ഘട്ടംഘട്ടമായി ഇല്ലാതാക്കി  പകരം  തലശേരി-മൈസൂരു  പാത യാഥാർഥ്യമാക്കുന്നതിനുള്ള അവിഹിത ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.  2016ൽ സംസ്ഥാന സർക്കാർ കേന്ദ്ര റെയിൽ മന്ത്രാലയത്തിനു നൽകിയ  മുൻഗണനാപട്ടികയിൽ നഞ്ചൻഗോഡ്-നിലമ്പൂർ പാത മൂന്നാം സ്ഥാനത്തും മൈസൂരു-തലശേരി പാത എട്ടാം സ്ഥാനത്തുമായിരുന്നു.  എന്നാൽ സംയുക്ത സംരംഭ കമ്പനി പരിഗണിക്കുന്ന പദ്ധതികളുടെ പട്ടികയിൽ തലശേരി-മൈസൂരു  പാത ഒന്നാംഘട്ടത്തിൽ വരികയും നഞ്ചൻഗോഡ്-നിലമ്പൂർ പാത രണ്ടാംഘട്ടത്തിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.  2017 ജനുവരി 17ന് നടന്ന കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പരിഗണിക്കേണ്ട പദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിച്ചപ്പോൾ തലശേരി-മൈസൂരു പാത രണ്ടാംസ്ഥാനത്താവുകയും നഞ്ചൻഗോഡ്-നിലമ്പൂർ പാത പൂർണമായും തഴയപ്പെടുകയുമാണ് ഉണ്ടായത്.  പിൻവാതിൽ ഇടപെടലുകളാണ്  ഇതിനു കാരണമായത്. ഈ വസ്തുത മനസിലാക്കി ഗൂഢതാൽപര്യക്കാരെ അകറ്റിനിർത്താൻ സംസ്ഥാന സർക്കാർ തയാറാവണം-കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ അഡ്വ. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, കെ. കുഞ്ഞിരാമൻ, പി.വൈ. മത്തായി, ജോയിച്ചൻ വർഗീസ്, നാസർ കാസിം, ഐസൻ ജോസ്, ജേക്കബ് ബത്തേരി, ജോസ് കപ്യാർമല, രാജൻ തോമസ്, ഷംഷാദ്, ഡോ. തോമസ് മോടിശേരി എന്നിവർ പ്രസംഗിച്ചു.  
 

Latest News