ദമാം- കിഴക്കൻ പ്രവിശ്യയിൽ ദമാമിലും പരിസര പ്രദേശങ്ങളിലും ഇടി മിന്നലിന്റെ അകമ്പടിയോടെ കനത്തു പെയ്ത മഴ ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ പുലർച്ചെ തുടങ്ങിയ മഴക്ക് വൈകുന്നേരം അൽപം ശമനമുണ്ടായെങ്കിലും രാത്രി വീണ്ടും തുടർന്നു. പ്രവിശ്യ അതിശൈത്യത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായാണ് ഇത്രയും ശക്തമായ മഴയെന്നാണ് നിരീക്ഷണം. ഖഫ്ജി, അൽഹസ, ജുബൈൽ എന്നിവിടങ്ങളിലും ഇടിയുടെയും മിന്നലിന്റെയും കൂടെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരുന്ന ഏതാനും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷണ വിദഗ്ധരുടെ കണക്കുകൂട്ടൽ.
ദമാം നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം കെട്ടിക്കിടന്നത് ഗതാഗത തടസ്സത്തിനിടയാക്കി. ബിൻ ഖൽദൂൻ, മിഅ്ജൽ ടണലുകളിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു. കിംഗ് ഫഹദ് റോഡ്, പ്രിൻസ് നായിഫ് റോഡ് തുടങ്ങിയ പ്രധാന വീഥികളിൽ ഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിച്ചു. ഈ രണ്ട് റോഡുകളും സംഗമിക്കുന്ന ഭാഗത്തെ ടണൽ സുരക്ഷ മുൻനിർത്തി ഗതാഗത വകുപ്പിന്റെ സഹായത്തോടെ കിഴക്കൻ പ്രവിശ്യാ നഗരസഭ അടച്ചു. നേരത്തെ രണ്ട് തവണ അറ്റകുറ്റപ്പണിക്കായി അടച്ച ഈ ടണൽ മൂന്ന് വർഷം മുമ്പാണ് തുറന്നത്.
കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്റെ നിർദേശ പ്രകാരം ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ മഴക്കെടുതികൾ ഹെലികോപ്റ്ററിലിരുന്ന് വീക്ഷിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണി വരെ 622 സഹായാഭ്യർഥനകളാണ് കൺട്രോൾ റൂമിൽ ലഭിച്ചതെന്ന് പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ അബ്ദുൽ ഹാദി ബിൻ അലി അൽശഹ്റാനി അറിയിച്ചു. ഇതിൽ 77 എണ്ണം പ്രളയത്തിൽ അകപ്പെട്ട വാഹനത്തിൽ കുടുങ്ങിയ കേസുകളായിരുന്നു. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുൻനിർത്തി അതീവ ജാഗ്രത പാലിക്കണമെന്ന് കഴിക്കൻ പ്രവിശ്യാ സിവിൽ ഡിഫൻസ് അതോറിറ്റി നേരത്തെ ജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു. മഴ കാരണം വൈകുന്നേരങ്ങളിൽ കടകമ്പോളങ്ങളിൽ തിരക്ക് നന്നേ കുറവായിരുന്നു.
അതേസമയം മഴ തുടരുമെന്ന പ്രവചനത്തെ തുടർന്ന് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാസമയത്തെ കുറിച്ച് കൃത്യത വരുത്തുന്നതിന് ദമാം കിംഗ് ഫഹദ് എയർപോർട്ട് അതോറിറ്റി യാത്രക്കാർക്ക് നിർദേശം നൽകി. കനത്ത മഴ ചില സർവീസുകളെയെങ്കിലും ബാധിച്ചേക്കുമെന്ന് അതോറിറ്റി ട്വിറ്റർ പേജിൽ കുറിച്ചു. അതുപോലെ, എയർപോർട്ടിലേക്ക് വരുമ്പോഴും പുറത്തിറങ്ങുമ്പോഴും കരുതിയിരിക്കണമെന്നും ദമാം എയർപോർട്ട് അതോറിറ്റി നിർദേശിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത പേമാരിക്കും തുടർന്ന് പ്രളയത്തിനും സാക്ഷിയായ മക്ക പ്രവിശ്യയിലെ ലെയ്ത്തിൽ മഴ ഒട്ടൊന്ന് ശമിച്ചിട്ടുണ്ട്. എങ്കിലും റോഡുകളിൽ അടിഞ്ഞുകൂടിയ ചളിയും മണലും കെട്ടി നിൽക്കുന്ന വെള്ളവും നീക്കം ചെയ്യുന്നതിന് ലെയ്ത്ത് നഗരസഭാ ഉദ്യോഗസ്ഥർ അക്ഷീണ പ്രയത്നം തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്നത് ഏതാനും റോഡുകളിൽ ഗതാഗത തടസ്സത്തിന് കാരണമായി. ഏതായാലും ഇന്നത്തോട് കൂടി പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ.