ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത തുടരുന്നു 

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അടിമുടി ദുരൂഹത പുകയുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി  തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഫോറന്‍സിക് സംഘം അപകടത്തില്‍പെട്ട കാര്‍ പരിശോധിച്ചു. 
 കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്. 
 ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം എന്നും പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നായിരുന്നു ലക്ഷ്മി നല്‍കിയ മൊഴി. ബാലു പിന്‍സീറ്റില്‍ ആയിരുന്നുവെന്നും താനും മകളുമാണ് മുന്‍സീറ്റില്‍ ഉണ്ടായിരുന്നതെന്നും ആയിരുന്നു ലക്ഷ്മി നല്‍കിയ മൊഴി. എന്നാല്‍, ബാലു തന്നെയായിരുന്നുവെന്ന് വാഹനം ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്ന് പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

Latest News